SignIn
Kerala Kaumudi Online
Wednesday, 25 May 2022 4.35 PM IST

അടിയന്തരപ്രമേയങ്ങൾ ഉണ്ടാകുന്നത് മൂക്കിന് താഴെ

photo

അടിയന്തരപ്രമേയങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് സഭയിൽ വ്യക്തമാക്കിയത് എല്ലാവർക്കും ആശ്വാസമായി. വിഷയദാരിദ്ര്യമാണ് പ്രതിപക്ഷത്തിനെന്ന് ഭരണകക്ഷി അംഗങ്ങൾ രഹസ്യമായും പരസ്യമായും ആക്ഷേപിക്കുമ്പോഴും അതിനൊരു നയമുണ്ടെന്ന് ബോദ്ധ്യപ്പെട്ടത് പ്രതിപക്ഷനേതാവ് അക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞപ്പോഴാണ്. ഭരണത്തിന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളാണ് ഇവിടെ അടിയന്തര പ്രമേയങ്ങളായി കൊണ്ടുവരുന്നത്. ചൊവ്വാഴ്ച ഉദ്യോഗസ്ഥരും പാർട്ടിയും ഉൾപ്പെട്ട നീതിനിഷേധമാണെങ്കിൽ ഇന്നലെ ഉദ്യോഗസ്ഥരും പാർട്ടിയും ഉൾപ്പെട്ട അഴിമതി. രണ്ടും നടന്നത് സെക്രട്ടേറിയറ്റിന്റെയും നിയമസഭയുടേയും മുന്നിൽ. പക്ഷെ മറുപടി പറഞ്ഞ മന്ത്രി രാധാകൃഷ്ണന് ഇതൊന്നും വലിയ സംഭവമായി തോന്നിയില്ല. സംസ്ഥാനത്ത് 1200 തദ്ദേശസ്ഥാപനങ്ങൾ. എല്ലായിടത്തും ഇത്തരം കാര്യങ്ങളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്. അതെല്ലാം സഭയിൽ സംസാരിക്കാൻ തുടങ്ങിയാൽ നേരം തികയില്ല. തെറ്റ് നടന്നാൽ കണ്ടുപിടിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തി നടപടിയുമെടുക്കും. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല ഭരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പറഞ്ഞ പാർട്ടിക്ക് ഇപ്പോൾ നമ്മളു പിരിക്കും ടാക്സെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നാണ് പുതിയ മുദ്രാവാക്യമെന്ന് അടിയന്തരപ്രമേയം കൊണ്ടുവന്ന എം.വിൻസന്റ് കൂട്ടിച്ചേർത്തു. പാർട്ടിയെ കുത്തിയപ്പോൾ ഭരണകക്ഷി ബെഞ്ചിൽ നിന്ന് മുറുമുറുപ്പും ബഹളവും ഉയർന്നെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്നും അഴിമതിക്ക് പിടിക്കപ്പെട്ടവരും അതിന് പുറമെ നിന്ന് കൂട്ടുനിന്നുകൊടുത്തവരും ഇവിടിരിക്കുന്ന പലരുടേയും സ്വന്തക്കാരാണെന്നും അവരെയൊന്നും തൊടാൻ സംവിധാനത്തിനും പൊലീസിനുമാകില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. സ്വന്തക്കാരെന്ന് പറഞ്ഞത് അവാസ്തവമായ കാര്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പരിഭവിച്ചു. എന്നാൽ സ്വന്തക്കാരെന്ന് പറഞ്ഞത് ബന്ധുക്കളെന്ന അർത്ഥത്തിലല്ലെന്നും പാർട്ടി നേതാക്കളും പാർട്ടിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സംഘടനാ നേതാക്കളെന്നുമാണ് ഉദ്ദേശിച്ചതെന്ന് വി.ഡി.സതീശൻ വിശദീകരിച്ചു.

ഒരു നഗരവാസിയുടെയും നികുതിപ്പണം പോകില്ല, ഏത് അന്വേഷണത്തിനും സർക്കാർ തയ്യാറുമാണെന്ന് മന്ത്രി രാധാകൃഷ്ണൻ ധൈര്യത്തോടെ ഉറപ്പ് നൽകി. എന്നാൽപ്പിന്നെ തദ്ദേശവകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു കൂടേയെന്ന പ്രതിപക്ഷആവശ്യത്തിന് മന്ത്രിയിൽ നിന്ന് പ്രതികരണമുണ്ടായില്ല. പക്ഷെ നികുതിതട്ടിപ്പിൽ ബി.ജെ.പി. നടത്തുന്ന സമരം ശരിയല്ലെന്ന കാര്യത്തിൽ ഇരുവിഭാഗവും യോജിപ്പിലെത്തി. ബി.ജെ.പി. സമരത്തെ വെള്ളപൂശാനല്ല സഭയിൽ വിഷയം കൊണ്ടുവന്നതെന്ന് വിൻസന്റും ബി.ജെ.പിക്ക് കൊതിക്കെറുവാണെന്നും കാർഗിൽ യുദ്ധത്തിന് പോകുന്നത് പോലെ നഗരസഭാ ഭരണം പിടിക്കാനിറങ്ങിയിട്ട് ഒടുവിൽ മല എലിയെ പ്രസവിച്ചതുപോലെ വിഷണ്ണരായതിന്റെ ഇൗർഷ്യയാണവർക്കെന്ന് മന്ത്രി രാധാകൃഷ്ണനും പറഞ്ഞുവെച്ചു. എന്നിരുന്നാലും കോൺഗ്രസ് അംഗങ്ങൾ സമരം ചെയ്യുമ്പോൾ അതിന് മുന്നിൽ ടി.വി.സ്ക്രീൻ സ്ഥാപിച്ച് പ്രസംഗം നടത്തിയ തിരുവനന്തപുരത്തെ മേയർ പെൺകുട്ടിക്ക് പ്രായം മാത്രമല്ല ജനാധിപത്യബോധവും കുറവാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുമ്പോൾ മുഖ്യമന്ത്രി അതിന് മുന്നിൽ സ്ക്രീൻവെച്ച് പ്രസംഗിച്ചിരുന്നാൽ എന്താകും സ്ഥിതി.

കെട്ടികിടക്കുന്ന ഒാർഡിനൻസുകളെല്ലാം ബില്ലാക്കാനുള്ള യജ്ഞം നടക്കുന്നതിനാൽ സഭയിൽ ദിവസവും നാലും അഞ്ചും ബില്ലുകളുമായാണ് മന്ത്രിമാരെത്തുന്നത്. പൊതുജനാരോഗ്യം, ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്, മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളും പി.എസ്.സി. നിയമഭേദഗതിയും ഇന്നലെ സഭയിലെത്തി. പതിവ് സമ്മേളനം തന്നെ രാത്രി ഏഴും എട്ടും മണിക്കാണ് തീരുന്നത്. ഇന്നും നാളെയും അപരാഹ്ന സമ്മേളനവുമുണ്ട്. അത് എപ്പോഴാണെന്ന് തീരുകയെന്ന ഉത്കണ്ഠയിലാണ് സഭ. എല്ലാവരും മനസുവെച്ചാൽ സഭ വേഗം തീർക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ നിയമനിർമ്മാണത്തിൽ ഉത്സുകരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവർ വിചാരിച്ചാലെ അത് നടക്കുകയുള്ളൂവെന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു. പ്രാസംഗികരുടെ പട്ടികയിലില്ലെങ്കിലും ആര് സംസാരിച്ചാലും ഇടയ്ക്കുകയറി സംശയം ചോദിക്കുന്ന തിരുവഞ്ചൂർ പ്രസംഗിക്കാതിരുന്നാലാണ് കൂടുതൽ സമയമെടുക്കുക.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന് ആശ്വാസമാകുന്ന ഒരു തിരുത്തൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ സഭയിൽ നടത്തി. എം.ജി.സർവകലാശാലയിലെ എസ്.എഫ്.ഐ.അക്രമത്തിൽ ഉൾപ്പെട്ട ഒരു പ്രതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം തെറ്റായിരുന്നു. അതിൽ ഖേദമുണ്ട്. വാസ്തവത്തിൽ ആ പ്രതിയുള്ളത് പൊതുവിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫിലാണ്. തിരുത്ത് കേട്ട് സന്തോഷിക്കാൻ സഭയിൽ മന്ത്രി ബിന്ദുവുണ്ടായിരുന്നില്ല. എന്നാൽ അത് കേട്ട് വിഷമിക്കാൻ മന്ത്രി ശിവൻകുട്ടി സഭയിലുണ്ടായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.