തൃശൂർ : അഞ്ഞൂറിലേറെ ദിവസങ്ങൾക്ക് ശേഷം കുട്ടികൾ വിദ്യാലയ മുറ്റത്തേക്ക് പോകുമ്പോൾ പരക്കം പായുകയാണ് രക്ഷിതാക്കൾ. കൊവിഡ് ആശങ്ക ഒരു വശത്ത് നിലനിൽക്കേ പ്രതിസന്ധിക്കിടയിലും പഠനോപകരണങ്ങളും മറ്റും ഒപ്പിക്കാനുള്ള ശ്രമത്തിലാണ് അവർ.
യൂണിഫോം നിർബന്ധമില്ലെങ്കിലും പുതിയ വസ്ത്രങ്ങൾ, ബാഗ്, കുട, ഷൂ, ചെരിപ്പ്, മാസ്‌ക്, സ്റ്റീൽ വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ലഞ്ച് ബോക്‌സ്, നോട്ടുബുക്ക്, സാനിറ്റൈസർ, പേന, കളർ പെൻ ഇങ്ങനെ നീളുന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക.
ജോലി നഷ്ടപ്പെട്ട് നട്ടം തിരിയുന്നതിനിടയിലാണ് സ്‌കൂൾ തുറക്കൽ. മുൻകാലങ്ങളിൽ സ്‌കൂൾ തുറക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ ഒരുക്കം നടത്തുമായിരുന്നെങ്കിലും ഇത്തവണ കൊവിഡിനെ തുടർന്ന് അദ്ധ്യയന വർഷം പകുതിയോളം പിന്നിട്ട ശേഷമാണ് തുറക്കുന്നത്.
ഒന്നിലധികം കുട്ടികൾ സ്‌കൂളിൽ പോകുന്ന ഇടത്തരം വീടുകളിൽ ഇതിനായി നല്ലൊരു തുക കണ്ടെത്തേണ്ട അവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. സ്‌കൂൾ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് അയ്യായിരം മുതൽ മുകളിലോട്ട് വിലയുള്ള മൊബൈൽ ഫോണും മറ്റും വാങ്ങിയിരുന്നു.
ഓൺലൈൻ ക്ലാസുകളിൽ നിന്ന് നേരിട്ടുള്ള ക്ലാസിലേക്ക് മാറുന്നതിന്റെ തിരക്ക് വ്യാപാരകേന്ദ്രങ്ങളിൽ വലിയ തോതിൽ ഇതുവരെയും പ്രകടമായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഒന്ന് മുതൽ ഏഴ് വരെയും പത്താം ക്ലാസുകാർക്കുമാണ് നവംബർ ഒന്ന് മുതൽ പഠനം ആരംഭിക്കുന്നത്. 15 മുതൽ എട്ട്, ഒമ്പത് ക്ലാസും ആരംഭിക്കും.
ആശങ്കയകറ്റാൻ അദ്ധ്യാപകർ
കൊവിഡ് ആശങ്കയകറ്റാൻ രക്ഷിതാക്കളിൽ ആത്മവിശ്വാസം പകർന്ന് അദ്ധ്യാപകർ. സ്‌കൂളിൽ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് നേരിട്ട് വരുത്തി ബോദ്ധ്യപ്പെടുത്തുകയാണ് അദ്ധ്യാപകർ. ഓരോ ക്ലാസ് മുറിയിലും കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററും മറ്റും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും. സ്‌കൂൾ തുറന്നാൽ രക്ഷിതാക്കൾക്ക് പഠന സമയങ്ങളിൽ അകത്തേക്ക് പ്രവേശനം അനുവദിക്കില്ല. 250 വിദ്യാർത്ഥികളിൽ താഴെയുള്ള സ്‌കൂളുകളിൽ മുഴുവൻ പേരെയും ദിവസവും വരുത്തും. എന്നാൽ അതിന് മുകളിലുള്ള വിദ്യാലയങ്ങളിൽ ബാച്ച് അടിസ്ഥാനത്തിലാകും പ്രവേശനം.
വീഡിയോയുമായി ആരോഗ്യ വകുപ്പ്
സ്‌കൂളിലും അവിടെ നിന്ന് വീട്ടിൽ ചെന്നാലും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. എസ്.എസ്.എസ് അപ്പു എന്ന പേരിലുള്ള വീഡിയോയാണ് പുറത്തിറക്കിയത്. മാസ്‌ക് ഒരിക്കലും മാറ്റരുത്, ഒന്നിച്ചിരുന്നത് ഭക്ഷണം കഴിക്കരുത്, നനഞ്ഞാൽ മാറ്റിവെയ്ക്കാൻ പകരം മാസ്‌ക് കരുതണം, വീട്ടിൽ ചെന്നാൽ വസ്ത്രങ്ങൾ അണുനശീകരണം നടത്തി കുളിക്കണം എന്നിങ്ങനെയുള്ള ബോധവത്കരണമാണ് വിഡിയോയിലുള്ളത്.
സ്‌കൂൾ തുറക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പ്രവേശനോത്സവം അമ്മാടം സ്‌കൂളിൽ നടക്കും. എല്ലാ വിധ സുരക്ഷയും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.
എ.ബി വല്ലഭൻ
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.