പത്തനംതിട്ട: ബാങ്കിംഗ് മേഖലയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകവഴി രാജ്യത്തിന്റെ വികസനം കൂടുതൽ ജനകീയമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കേന്ദ്ര സർക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിർദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ മേളയായ സമൃദ്ധി വായ്പാ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ നെറ്റ് വർക്ക് 1 ജനറൽ മാനേജർ വി. സീതാരാമൻ മുഖ്യാതിഥിയായിരുന്നു.
ജില്ലയിലെ 24 ബാങ്കുകളുടെ വായ്പ സൗകര്യം ഒരുക്കുന്നതിന് മേളയിൽ കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. തിരഞ്ഞെടുത്തവരുടെ വായ്പകൾക്കുള്ള അനുമതിപത്രങ്ങൾ മേളയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ വിതരണം നടത്തി. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ടായിരുന്നു. ഡി.ഐ.സി പത്തനംതിട്ട ജനറൽ മനേജർ പി.എൻ അനിൽകുമാർ, എസ്.ബി.ഐ ഡി.ജി.എം എം.എഫ് ആന്റ് എഫ്‌ഐ എസ്. സന്തോഷ്, എസ്.ഐ.ബി ഡി.ജി.എം എസ്.ഈശ്വരൻ, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ പി.എ ജോയി, ലീഡ് ബാങ്ക് ജില്ലാ മാനേജർ സിറിയക്ക് തോമസ് എന്നിവർ സംസാരിച്ചു.