തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ നിന്ന് ബന്ധപ്പെട്ടവർ പുറകോട്ടു പോകരുതെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പ്രളയ സാദ്ധ്യതയുടെയും ഭൂകമ്പ സാദ്ധ്യതാമേഖല എന്ന നിലയിലും ഡാമിന് സുരക്ഷാ ഭീഷണിയുണ്ട്. ഏതു സമയത്തും അതിവൃഷ്ടി ഉണ്ടാകാമെന്നും അതുൾക്കൊള്ളാൻ ഡാമിനു കഴിയില്ലെന്നതും വസ്തുതയാണ്. 2014 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള മേൽനോട്ട സമിതി റൂൾ കർവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ നടപടിയെടുക്കണം. സുപ്രീംകോടതിയിൽ വരുന്ന സ്വകാര്യ അന്യായങ്ങളുടെ കാര്യത്തിലും സർക്കാർ ഗൗരവപൂർണമായ പഠനം നടത്തുകയും മേൽനോട്ട സമിതിയുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.