ബാലുശ്ശേരി: കാലമേറെയായില്ലേ...ഇനിയെങ്കിലും ഈ റോഡ് ഒന്ന് നന്നാക്കിക്കൂടെ. എകരൂൽ - ഇയ്യാട് റോഡ് വഴി നിത്യേന കടന്നുപോകുന്ന ആരും ഇയ്യാട് സി.സി സ്കൂളിനടുത്ത് എത്തുമ്പോൾ പറയുന്ന വാക്കുകളാണിവ. വീര്യമ്പ്രം മുരിക്കണം കുന്ന് വരെ റോഡ് ടാറിംഗ് നടത്തിയിട്ടുണ്ട്.
എന്നാൽ ഇതേ റോഡിൽ ഇയ്യാട് സി.സി സ്കൂളിന് സമീപം തൊട്ട് ഈർച്ച മിൽ വരെയുള്ള ഏതാണ്ട് 400 മീറ്ററോളം സ്ഥലത്ത് ടാറിനേക്കാൾ കൂടുതൽ കുഴികളാണ്. പൊതുവെ ഉറവ പൊങ്ങുന്ന ഈ ഭാഗം പൊട്ടി പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി. വല്ലപ്പോഴും വാഹന ഉടമകൾ നാട്ടുകാരുടെ സഹകരണത്തോടെ കുഴിയടയ്ക്കാനായി ക്വാറി വേസ്റ്റ് ഇറക്കി കുഴികൾ നികത്തുമെങ്കിലും കനത്ത മഴ പെയ്യുന്നതോടെ ഇവയിലെ പൂഴിയെല്ലാം കുത്തി ഒലിച്ചു പോയി മെറ്റലുകളും മറ്റും അവശേഷിക്കും. വീണ്ടും പഴയപടിതന്നെ. ഇരുചക്ര വാഹനങ്ങളും മറ്റും കുഴികൾ വെട്ടിച്ച് പോകുമ്പോൾ ഇതിനോടകം തന്നെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
റോഡ് തകർന്നതോടെ കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പല ബസുകളും സർവീസ് വെട്ടികുറച്ചു. രാവിലെ പോയാൽ പിന്നെ രാത്രിയെ തിരികെയെത്താറുള്ളു എന്ന പരാതിയുണ്ട്. ഇത് നാട്ടുകാരുടെ യാത്രാ ദുരിതം ഇരട്ടിയാക്കി. ട്രിപ്പുകൾ മുടക്കുന്നതിനെ പറ്റി ബസ് ജീവനക്കാരോട് ചോദിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ ഓടിയെത്താൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് മറുപടി. എത്രയും പെട്ടെന്ന് ഈ ഭാഗത്തെ റോഡ് പണി പൂർത്തീകരിക്കണമെന്നാണ് സ്കൂൾ അധികൃതരുടെയും നാട്ടുകാരും ആവശ്യപ്പെടുന്നു. കൂടാതെ സ്കൂൾ തുറക്കുന്നതോടെ കൊവിഡ് ഭയംകൊണ്ട് മിക്ക രക്ഷിതാക്കാളും സ്വന്തം വാഹനത്തിലോ കാൽനടയായോ ആയിരിക്കും കുട്ടികളെ സ്കൂളിൽ എത്തിക്കുക. അപ്പോഴെല്ലാം അപകട സാദ്ധ്യതയും കൂടും.
മുൻ കാലങ്ങളെ അപേക്ഷിച്ച് ടാക്സി വാഹനങ്ങൾ കുറവായതുകൊണ്ട് രക്ഷിതാക്കൾ ഇരുചക്ര വാഹനങ്ങളിലും മറ്റുമായിരിക്കും വിദ്യാർത്ഥികളെ കൊണ്ടുവരിക. അപകട സാദ്ധ്യതയുണ്ട്.
എ.കെ.രാജേശ്വരി
ഹെഡ്മിസ്ട്രസ്
ഇയ്യാട് സി.സി.യു.പി സ്കൂൾ
കോഴിക്കോട്ടേക്കുള്ള പല ബസുകളും ട്രിപ്പ് കട്ട് ചെയ്യുന്നതു മൂലം കച്ചവടക്കാർക്ക് കോഴിക്കോട്ട് എത്താൻ പ്രയാസമാണ്.
ഷൈജുദാസ് - ടി, യൂണിറ്റ് സെക്രട്ടറി
ഇയ്യാട് വ്യാപാരി വ്യവസായി ഏകോപന സമിതി ,
ഈ റോഡിലൂടെ വാഹനം ഓടിക്കാൻ ഏറെ പ്രയാസമായതുകൊണ്ട് അസുഖ ബാധിതരെ പെട്ടന്ന് ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ വരുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും കൂടുന്നുണ്ട്. ലോ ഗീറിൽ പോകന്നതിനാൽ ഇന്ധനം ഏറെ വേണം. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടവുമുണ്ട്.
ശിവദാസ്. എം.ആർ.
ഇയ്യാട് ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി എക്സി. അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |