കാഞ്ഞങ്ങാട്: കൊവിഡിൽ കുടുങ്ങി രണ്ടുവർഷം നഷ്ടമായ തെയ്യക്കാലം വീണ്ടുമുണർന്നപ്പോൾ മുഖശ്രീ ചിതറുന്ന തെയ്യമായി മൊഴി പറയാൻ സൂരജ് പണിക്കർ ഇനിയില്ല. ചെറുപ്രായത്തിൽ തന്നെ മികച്ച തെയ്യക്കോലധാരിയായി പേരെടുത്ത സൂരജിനെ പടന്നക്കാട് മേൽപാലത്തിന് മുകളിൽ വച്ച് നാഷണൽ പെർമിറ്റ് ലോറിയുടെ രൂപത്തിൽ മരണം തിരിച്ചുവിളിക്കുകയായിരുന്നു.
കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച രാത്രി നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടം കണ്ട് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ സൂരജ് പണിക്കർ ഇന്നലെ പുലർച്ചെയാണ് ലോകത്തോട് വിടപറഞ്ഞത്. കോലധാരിയായും തോറ്റം പാട്ടിലും മുഖത്തെഴുത്തിലും അസാമാന്യവൈഭവമായിരുന്നു ഈ യുവാവിന്.പ്രമുഖ കോലധാരിയായ പിതാവിനൊപ്പം അണിയലങ്ങളുമായി നടന്ന കുട്ടി മുഖത്തെഴുത്തിലും തോറ്റം പാട്ടിലും പ്രാവീണ്യം നേടുകയായിരുന്നു.
മഡിയൻ ക്ഷേത്രപാലകനീശ്വര ക്ഷേത്രപരിധിയിലെ വിവിധ ക്ഷേത്രങ്ങളിലും നെരോത്ത് പെരട്ടൂർ കൂലോത്തും വർഷം തോറും നടന്നു വരുന്ന കളിയാട്ടങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും വിഷ്ണുമൂർത്തിയും ചാമുണ്ഡിയമ്മയും പൊട്ടൻതെയ്യവുമടക്കമുള്ള കോലങ്ങൾ കെട്ടി കഴിവുതെളിയിച്ച സൂരജ് പണിക്കർ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.എപ്പോഴും ചിരിച്ച മുഖവുമായി മാത്രം ബഹുമാനത്തോടെ ഇടപഴകുന്ന സൂരജിന്റെ ആകസ്മിക വേർപാട് സുഹൃത്തുക്കളിലും ക്ഷേത്രാധികാരികളിലുമെന്നുവേണ്ട പരിചയക്കാരിലൊക്കെ വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയത്. ചെറുപ്രായത്തിൽ തന്നെ തെയ്യക്കോലമണിയുന്നതിലെ പ്രാഗത്ഭ്യം പരിഗണിച്ച് ലഭിക്കുന്ന പണിക്കർ പദവി ലഭിച്ച ചുരുക്കം കോലധാരികളിൽ ഒരാളാണ് സൂരജ് പണിക്കർ. ഉദയംകുന്ന് വിഷ്ണു ക്ഷേത്രമാണ് സൂരജിനെ പട്ടും വളയും നൽകി പണിക്കരായി അവരോധിച്ചത്.