SignIn
Kerala Kaumudi Online
Friday, 16 October 2026 8.20 PM IST

വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് 2 എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

riswan

കൊല്ലം: കൊട്ടാരക്കര നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപം ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു. കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ നാലാംവ‌‌ർഷ വിദ്യാർത്ഥികളായ കാഞ്ഞങ്ങാട് പള്ളിക്കര പാക്കംകൂട്ടക്കനിയിലെ അർജുൻ (21), കണ്ണൂർ തില്ലങ്കേരി ബൈത്തുൽ നൂറിൽ കെ. പി. മുഹമ്മദ് റിസാൻ (21) എന്നിവരാണ് മരിച്ചത്

ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. അഞ്ചംഗ സംഘമാണ് ഓട്ടോറിക്ഷയിൽ കുളിക്കാനെത്തിയത്. ആറ്റിലേക്കിറങ്ങവേ ഒഴുക്ക് കൂടുതലാണെന്നു കണ്ട് തിരികെ കയറി. ഇതിനിടെ പടവിൽ കാൽ തട്ടി വീണ അർജുൻ വള്ളിപ്പടർപ്പുകൾക്കിടയിൽ പൊട്ടിക്കിടന്നിരുന്ന വൈദ്യുത കമ്പിയിൽ പിടിക്കുകയുമായിരുന്നു. അർജുന്റെ അലർച്ച കേട്ട മുഹമ്മദ് റിസ്വാൻ രക്ഷിക്കാനായി മരച്ചില്ലയൊടിച്ച് അടിച്ചു. ഇതോടെ റിസ്വാനും വൈദ്യുതാഘാതമേറ്റു. മറ്റു മൂന്നുപേരും നിലവിളിച്ചുകൊണ്ട് ഓടി നാട്ടുകാരെ അറിയിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാനെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹങ്ങൾ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലേക്കുമാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

റിട്ട. പ്രഥമാദ്ധ്യാപകൻ എം.മണികണ്ഠന്റേയും കൂട്ടക്കനി ജി.യു.പി സ്‌കൂൾ അദ്ധ്യാപിക സുധയുടേയും മകനാണ് അർജുൻ. സഹോദരി ഡോ. അഞ്ജലി.

തില്ലങ്കേരി കാവുംപടി സി .എച്ച് .എം ഹയർ സെക്കൻഡറി സ്‌കൂൾ ക്ലാർക്ക് ടി. കബീറിന്റെയും കെ. പി. റംലയുടെയും മകനാണ് റിസ്വാൻ. സഹോദരങ്ങൾ : മുഹമ്മദ് സിനാൻ മുഹമ്മദ് സജാദ്

കടവിൽ കുളിക്കാനും തുണി അലക്കാനും നിരോധനം ഏർപ്പെടുത്തിയിരുന്നു. കൽച്ചിറ പള്ളിയിൽ വ്യാഴം, ഞായർ ദിവസങ്ങളിൽ മാത്രമാണ് വിശ്വാസികളെത്തുക. മറ്റ് ദിവസങ്ങളിൽ നാട്ടുകാരുടെ ശ്രദ്ധയുണ്ടാവാറില്ല. ഈ ദിവസങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി കമ്പി പൊട്ടിക്കിടന്നത് പ്രദേശവാസികളും അറിഞ്ഞിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA