SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 AM IST

മുല്ലപ്പെരിയാർ ഡാമിൽ 136 അടിയായി: ജലനിരപ്പ് കുറച്ചാലും തമിഴ്നാടിന് നഷ്‌ടമില്ല

mullapperiyar

കേന്ദ്രസർക്കാരിന്റെ ആധികാരിക രേഖ പുറത്ത്

142 അടിക്ക് തമിഴ്‌നാടിന്റെ കടുംപിടുത്തം

കൊച്ചി:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നത് തമിഴ്നാടിന്റെ കടുംപിടുത്തമാണെന്നും ജലനിരപ്പ് 136 അടിയായി കുറച്ചാലും തമിഴ്നാട്ടിൽ ജലസേചനത്തിനും കൃഷിക്കും യാതൊരു കോട്ടവും പറ്റില്ലെന്നും കേന്ദ്രസർക്കാരിന്റെ ആധികാരിക രേഖ വ്യക്തമാക്കുന്നു.

1896ൽ 155 അടി ജലം സംഭരിച്ചിരുന്ന കാലത്തു നിന്ന് 1979 മുതൽ 136 അടിയായി കുറച്ചപ്പോഴേക്കും തെക്കൻ തമിഴ്നാട്ടിൽ ജലസേചനമുള്ള കൃഷിഭൂമിയുടെ വിസ്‌തൃതി മൂന്നര മടങ്ങായി വർദ്ധിക്കുകയാണ് ചെയ്‌തതെന്ന് രേഖ വ്യക്തമാക്കുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നൂറ് വർഷത്തെ ( 1896 - 1995 )​ പ്രവർത്തനം സംബന്ധിച്ച് ന്യൂഡൽഹിയിലെ അന്താരാഷ്‌ട്ര പ്രശസ്‌തമായ കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ബോർഡ് ഒഫ് ഇറിഗേഷൻ ആൻഡ് പവർ ( സി. ബി. ഐ. പി )​ 1997ൽ പ്രസിദ്ധീകരിച്ച 'ഹിസ്റ്ററി ഒഫ് ദ പെരിയാർ ഡാം വിത്ത് സെഞ്ച്വറി ലോങ് പെർഫോമൻസ്' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം.

തമിഴ്നാട് സർക്കാരിന്റെ അന്തർസംസ്ഥാന നദീജല പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയുടെ മേധാവിയും കാവേരി സ്പെഷ്യൽ സെൽ ചെയർമാനും ആയിരുന്ന എ. മോഹനകൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളത്തിന് അനുകൂലമായി

അവതരിപ്പിക്കാവുന്ന ആധികാരിക വിവരങ്ങളാണുള്ളത്. കേരളത്തിന്റെ ആശങ്ക പരിഗണിച്ച് ജലനിരപ്പ് 136 അടിയായി താഴ്‌ത്തിയാലും തമിഴ്നാടിന് ഒരു നഷ്ടവും സംഭവിക്കില്ലെന്നാണ് രേഖ വ്യക്തമാക്കുന്നത്.

ജലനിരപ്പും തമിഴ്നാട്ടിലെ ജലസേചനവും

1896 - 1964 (ജലനിരപ്പ് 155 അടി )​

മധുര റീജിയണിൽ ജലസേചനം നടത്തിയ കൃഷിഭൂമി 60,​450 മുതൽ 1,​58,​602 വരെ ഏക്കർ.

1964 - 1978 ( ജലനിരപ്പ് 152 അടി )​

ജലസേചനമുള്ള കൃഷിഭൂമി 1,​68,​347 മുതൽ 1,​71,​307 വരെ ഏക്കർ ആയി വർദ്ധിച്ചു.

1978-79 ( ജലനിരപ്പ് 145 അടി )​

ആ വർഷം മുൻവർഷത്തെ സ്ഥിതിയിൽ ജലസേചനം തുടർന്നു.

1979 മുതൽ ജലനിരപ്പ് 136 അടിയായി കുറച്ചപ്പോൾ

മധുര, തേനി, ഡിണ്ഡിഗൽ, രാമനാഥപുരം, ശിവഗംഗ ജില്ലകളിലെ ജലസേചനമുള്ള കൃഷിഭൂമിയുടെ വിസ്തൃതി 2,29,718 ഏക്കർ ആയി വർദ്ധിച്ചു.

 കമ്പം താഴ്വരയിൽ

മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ആദ്യം എത്തുന്ന തമിഴ്നാട്ടിലെ കമ്പം താഴ്‌വരയിൽ മാത്രം 1979 -1995 കാലത്ത് ജലസേചനമുള്ള ഭൂമിയുടെ വിസ്‌തൃതി 7215 ഏക്കർ വർദ്ധിച്ചു.

സി. ബി. ഐ. പി

1927ൽ സ്ഥാപിച്ച കേന്ദ്ര സ്ഥാപനം. 94 വർഷത്തെ സേവന പാരമ്പര്യം. ജലവിഭവം,​ ഊർജ്ജം എന്നീ മേഖലകളിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും എൻജിനീയർമാർക്കും വിദഗ്ദ്ധ സേവനം നൽകുന്ന അന്താരാഷ്‌ട്ര അംഗീകാരമുള്ള സ്ഥാപനം. ഈ മേഖലകളിലെ പത്ത് അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെ ഇന്ത്യൻ ചാപ്റ്ററാണ് സി.ബി. ഐ. പി.

 എം. മോഹനകൃഷ്ണൻ

തമിഴ്നാട്ടിലെ പ്രധാന ജലസേചനപദ്ധതികളുടെ ചുമതലക്കാരനായിരുന്നു. ഇറിഗേഷൻ ചീഫ് എൻജിനീയറായി വിരമിച്ചശേഷം 1984 മുതൽ തമിഴ്നാട് സർക്കാരിന്റെ ഇറിഗേഷൻ ഉപദേഷ്ടാവ്,​ ട്രിച്ചിയിലെ ഇറിഗേഷൻ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ, ഇറിഗേഷൻ ജലവിഭവ വിഭാഗം സ്റ്റാൻഡിംഗ് കമ്മീഷൻ മെമ്പർ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

അണ്ണാമലൈ സർവകലാശാല പ്രസിദ്ധീകരിച്ച 'ദി ടെക്നിക്കൽ ഡോക്യുമെന്റ് ഓൺ ദി കൃഷ്ണഗിരി റിസർവോയർ പ്രോജക്ട്',ട്രിച്ചി ഇറിഗേഷൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സെലക്ടഡ് പേപ്പേഴ്സ് ഓൺ ഇറിഗേഷൻ' റിപ്പോർട്ടുകളുടെ കർത്താവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.