SignIn
Kerala Kaumudi Online
Saturday, 27 April 2024 1.26 AM IST

ഹാജർ ടീച്ചർ

aup

മലപ്പുറം: മാഷേ...ഇങ്ങോട്ട് നോക്കിക്കേ...ഇതാണ് ഞാൻ വരച്ച ചിത്രം. ഒന്നര വർഷത്തെ ഓൺലൈൻ ക്ലാസിന് ശേഷം മലപ്പുറം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസിലേക്കെത്തിയ ഫാത്തിമ ഷിമ്‌ലിയും കൃഷ്ണനന്ദയും അദ്ധ്യാപകനെ തങ്ങൾ വരച്ച ചിത്രങ്ങൾ കാണിക്കുന്ന തിരക്കിലായിരുന്നു. ചിത്രങ്ങളിൽ കൊടുക്കേണ്ട നിറങ്ങളേതൊക്കെയെന്ന് ആദ്യമായി പഠിച്ചത് ഹാഷിം സാറിന്റെ ഓൺലൈൻ ക്ലാസിൽ നിന്നാണ്. നിറങ്ങളും അക്ഷരങ്ങളുമെല്ലാം പഠിച്ച് വന്നപ്പോഴേക്കും രണ്ടു പേരും ഒന്നാംക്ലാസ് കഴിഞ്ഞ് രണ്ടാംക്ലാസിലേക്കെത്തി. രണ്ടാംക്ളാസിലാണ് ഇരുന്നതെങ്കിലും വിദ്യാർത്ഥികൾ അവരുടെ സ്കൂളിനെയും അദ്ധ്യാപകരെയും കൂട്ടുകാരെയുമെല്ലാം ആദ്യമായാണ് നേരിൽ കാണുന്നത്.

കൊവിഡ് പാലിച്ച് കരുതലോടെയാണ് പ്രവേശനോത്സവം നടന്നത്. വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ചും മാസ്ക്കുണ്ടെന്ന് ഉറപ്പ് വരുത്തിയുമാണ് സ്കൂളുകളിൽ പ്രവേശിപ്പിച്ചത്. ശേഷം വിദ്യാർത്ഥികളുടെ കൈകളിൽ സാനിറ്റൈസർ പുരട്ടി. ഒന്നാം ക്ലാസിലേക്കും രണ്ടാം ക്ലാസിലേക്കുമെത്തിയ വിദ്യാർത്ഥികളുടെ കൈകളിൽ മലയാള അക്ഷരങ്ങൾ നൽകിയും മധുരം വിതരണം ചെയ്തും ക്ലാസ് റൂമുകളിലേക്ക് വരവേറ്റു. പ്രവേശനോത്സവത്തോടൊപ്പം കേരളപ്പിറവി കൂടെ എത്തിയത് ആഘോഷങ്ങളുടെ മാറ്റ് കൂടി.എ.എൽ.പി വിദ്യാർത്ഥികൾക്ക് സ്കൂൾ അന്തരീക്ഷവും ക്ലാസ് റൂമും പരിചയപ്പെടുത്താൻ പൂന്തോണി, രസത്തുള്ളി തുടങ്ങിയ പേരുകളിലുള്ള പുസ്തകങ്ങളും ബി.ആർ.സി നൽകിയിട്ടുണ്ട്.

1,​390 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം എ.യു.പി സ്കൂളിൽ ഇപ്രാവശ്യം ഒന്നാം ക്ലാസിലേക്കെത്തിയത് 140 വിദ്യാർത്ഥികളാണ്. എസ്.എസ്.എ അധികൃതർ എല്ലാ സ്കൂളുകളിലും ഇന്നലെ സന്ദർശനം നടത്തിയിരുന്നു. ആദ്യദിനമായതിനാൽ പാഠഭാഗങ്ങളൊന്നും എടുത്തിരുന്നില്ല. ഇത്തവണ ജില്ലാതല പ്രവേശനോത്സവം ഉണ്ടായിരുന്നില്ല. 17 ഉപ ജില്ലകളിലായിട്ടാണ് പ്രവേശനോത്സവം നടത്തിയത്. പൂക്കോട്ടൂർ ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

കുരുന്നുകളുടെ കരച്ചിലൊതുക്കാൻ രക്ഷിതാക്കളില്ല

ജില്ലയിലെ വിവിധ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കെത്തിയ ചുരുക്കം ചില കുട്ടികൾ ക്ലാസ് റൂമിലിരുന്ന് കരഞ്ഞിരുന്നു. സാധാരണ രക്ഷിതാക്കളെത്തി കുട്ടികളെ ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ കാരണം രക്ഷിതാക്കൾക്ക് സ്കൂളിലേക്ക് കയറാനായില്ല. അദ്ധ്യാപകർ തന്നെയാണ് കുട്ടികളെ താലോലിച്ചതും ആശ്വസിപ്പിച്ചതും.

ജാഗ്രതാ സമിതികൾ സജ്ജം

ജില്ലയിലെ ഓരോ സ്കൂളുകളിലും ജാഗ്രതാ സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. ഓരോ ബെഞ്ചിലും രണ്ട് വീതം കുട്ടികളെയും ചെറിയ ബെഞ്ചുകളിൽ ഓരോ കുട്ടികളെയുമാണ് ഇരുത്തിയത്. വരുന്ന രണ്ടാഴ്ച സർക്കാർ നിർദ്ദേശപ്രകാരം എൽ.പി ക്ലാസുകളിൽ ക്ലാസ് അദ്ധ്യാപകൻ മാത്രമേ പ്രവേശിക്കൂ. ഉച്ചയ്ക്ക് ഒരുമണി വരെയാവും ആദ്യത്തെ രണ്ടാഴ്ച ക്ലാസുകൾ നടക്കുക. സ്കൂളിലുണ്ടാക്കുന്ന ഉച്ചഭക്ഷണം വിദ്യാർത്ഥികൾ കൊണ്ടുവരുന്ന പാത്രത്തിലാക്കി വീട്ടിലേക്ക് കൊടുത്തയക്കും. ഇത്തരം കാര്യങ്ങളെല്ലാം നിരീക്ഷിക്കുകയും വിദ്യാർത്ഥികൾ അടുത്തിടപഴകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാനും ജാഗ്രതാസമിതിയിലുള്ള അദ്ധ്യാപകർ മുൻകൈയെടുക്കും. ജാഗ്രതാ സമിതിയിലെ അദ്ധ്യാപകർക്ക് വരുന്ന രണ്ടാഴ്ച്ച ക്ലാസുകൾ ഉണ്ടാവില്ല. സ്കൂൾ അന്തരീക്ഷവും വിദ്യാർത്ഥികളെ നിരീക്ഷിക്കലും ജാഗ്രതാ സമിതിയുടെ ഉത്തരവാദിത്തമാണ്.

ഇവരെന്ത് ചെയ്യും ?

ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളടക്കം പഠിക്കുന്ന ഊർങ്ങാട്ടിരിയിലെ ജി.യു.പി.എസ് ഓടക്കയം സ്കൂളിലെ ഹോസ്റ്റൽ സൗകര്യം ഇനിയും ഒരുങ്ങിയിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതോടെയാണ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഇല്ലാതായത്. മറ്റൊരു കെട്ടിടം കണ്ടെത്തിയാൽ ഐ.ടി.ഡി.പി പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പ് വരുത്തി വാടക നൽകാമെന്ന് ഏറ്റിരുന്നു. എന്നാൽ കെട്ടിടം കണ്ടെത്തി പഞ്ചായത്ത് ഐ.ടി.ഡി.പിയെ വിവരമറിയിച്ചിട്ടും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. മമ്പാട്,കൊടിയത്തൂർ ഗ്രാമ പഞ്ചായത്തുളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന 28 ഓളം വിദ്യാർത്ഥികളെയാണ് ഇത് ബാധിക്കുന്നത്. ത്വരിതഗതിയിൽ നടപടികൾ പൂർത്തീകരിച്ച് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നൽകിയില്ലെങ്കിൽ ഇവരുടെ പഠനം പാതിവഴിയിലാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.