SignIn
Kerala Kaumudi Online
Friday, 26 April 2024 8.47 PM IST

വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും, കുതിപ്പിനൊരുങ്ങി കൊല്ലം റെയിൽവേ സ്റ്റേഷൻ

preman-

ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എം.പി ചർച്ച നടത്തി

കൊല്ലം: വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെയുള്ള വമ്പൻ പദ്ധതികളുമായി കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനക്കുതിപ്പിനൊരുങ്ങുന്നു. 2023 ഡിസംബറിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി രാജ്യത്ത് തിരഞ്ഞെടുത്ത 21 സ്റ്റേഷനുകളിൽ ഒന്നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ.

ചെന്നൈയിൽ ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ചർച്ചയിലാണ് കൊല്ലം സ്റ്റേഷന്റെ കുതിച്ചുചാട്ടത്തിനും ജില്ലയിലെ ട്രെയിൻ സർവീസുകളുടെ സമഗ്ര വികസനത്തിനും കളമൊരുങ്ങിയത്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ നിർമ്മാണ വിഭാഗം നേരിട്ട് നടപ്പാക്കും. റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിട്ടിയിൽ നിന്ന് പ്രവൃത്തികൾ നിർമ്മാണ വിഭാഗം തിരികെ ഏറ്റെടുക്കുകയായിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ എസ്കലേറ്ററും ലിഫ്റ്റും 15ന് യാത്രക്കാർക്കായി തുറന്നുകൊടുക്കും. സ്റ്റേഷനിലെ ചൈനീസ് പാലസ് കെട്ടിടം റെയിൽവേ മ്യൂസിയമാക്കണമെന്ന എം.പി യുടെ നിർദ്ദേശം പരിശോധിക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുനലൂർ - ചെങ്കോട്ട വൈദ്യുതീകരണം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ ഉപധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കും. വിസ്റ്റാഡോം കോച്ച് സർവ്വീസ് ആരംഭിക്കുന്നവിധം കൊല്ലം - ചെങ്കോട്ട പാതയിലൂടെ ഡേ- എക്സ് പ്രസ് സർവീസ് വേണമെന്ന് എം.പി ആവശ്യപ്പെട്ടു. പുതിയ ട്രെയിനുകൾ ആരംഭിക്കാനും സ്റ്റോപ്പേജുകൾ അനുവദിക്കാനുമായി എം.പി സമർപ്പിച്ച പട്ടിക ദക്ഷിണ റെയിൽവേയുടെ ശുപാർശ സഹിതം റെയിൽവേ ബോർഡിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്, പ്രിൻസിപ്പൽ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ നീനു ഇട്ടിറിയ, കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രെഫുല വർമ്മ, അഡിഷണൽ ജനറൽ മാനേജർ ബി.ജി. മാലിയ, പ്രിൻസിപ്പൽ ചീഫ് കോമേഴ്സ്യൽ മാനേജർ രവി വളൂരി, ഡെപ്യൂട്ടി ജനറൽ മാനേജർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.

എല്ലാം കൊവിഡിനെ ആശ്രയിച്ച്


ഡിസംബറിനുള്ളിൽ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ മുഴുവൻ സർവ്വീസുകളും കൊവിഡിന് മുമ്പുള്ള സ്ഥിതിയിലാക്കും. സീസൺ ടിക്കറ്റുകാരുടെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കും. സ്പെഷ്യൽ ട്രെയിനുകൾ റെഗുലർ ട്രെയിനുകളാക്കുന്നത് സംസ്ഥാനത്തെ കൊവിഡ് നിരക്കിനെ ആശ്രയിച്ചായിരിക്കും. ഉയർന്ന കൊവിഡ് നിരക്ക് തുടരുന്നതിനാൽ കേരളത്തിലെ ട്രെയിനുകൾ ഉടൻ റെഗുലർ ആക്കുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്നും അധികൃതർ അറിയിച്ചു.

യോഗത്തിലെ തീരുമാനങ്ങൾ

 കൊല്ലം- പുനലൂർ വൈദ്യുതീകരണം 2022 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കും

 വിസ്റ്റോഡോം കോച്ചുകൾ സർവ്വീസ് ആരംഭിക്കാനുള്ള സാദ്ധ്യത പരിശോധിക്കും

 എറണാകുളം- കൊല്ലം- ചെങ്കോട്ട വേളാങ്കണി എക്സ് പ്രസ് റെഗുലർ ട്രെയിനാക്കാനുള്ള ശുപാർശ കേന്ദ്ര റെയിൽ മന്ത്രാലയത്തിന് സമർപ്പിക്കും

 13 കണ്ണറ പാലത്തിലെ തടസങ്ങൾ നീക്കി വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തും

 ശബരിമല തീർത്ഥാടനത്തിനു മുമ്പായി പുനലൂർ റയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കും

 സ്റ്റേഷൻ ശബരിമല പിൽഗ്രിം സ്റ്റേഷനായി മാറ്റണമെന്ന ആവശ്യം പരിഗണിക്കും

 പുനലൂരിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കാൻ വാട്ടർ ഫില്ലിംഗ് സംവിധാനം ഏർപ്പെടുത്തും

 മയ്യനാട് റയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ പൂർണമായും പുന:സ്ഥാപിക്കും

 പരവൂർ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ടീം

 പെരിനാട് അടിപ്പാതയോട് ചേർന്നുള്ള അപ്രോച്ച് റോഡിന് എസ്റ്റിമേറ്റ് തയ്യാറാക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.