SignIn
Kerala Kaumudi Online
Thursday, 17 September 2026 9.54 AM IST

മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ട് ജി.സുധാകരൻ ,​ ജാഗ്രതയോടെ യോജിച്ച് മുന്നോട്ട്

g-sudhakaran

തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി നടപടിയുണ്ടായതിനു പിന്നാലെ പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ച് ജി.സുധാകരൻ. ക്ലിഫ് ഹൗസിലും എ.കെ.ജി സെന്ററിലെ ഫ്ലാറ്റിലുമായി ഇരുനേതാക്കളെയും പ്രത്യേകം പോയിക്കണ്ട സുധാകരൻ ഇരുവരുമായും അര മണിക്കൂർ വീതം ചർച്ച നടത്തി.

സുധാകരന്റേത് വീഴ്ച എന്നതിനേക്കാൾ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നാണ് പാർട്ടി വിലയിരുത്തുന്നതെന്ന് നേതാക്കൾ അദ്ദേഹത്തോട് പറഞ്ഞു. മുതിർന്ന നേതാവെന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കണമെന്നും ആലപ്പുഴ ജില്ലയിൽ പാർട്ടിക്ക് യോജിച്ച നേതൃത്വം നൽകാൻ മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രിയും കോടിയേരിയും സുധാകരനെ ഉപദേശിച്ചു.

ഇന്നലെ സംസ്ഥാനക്കമ്മിറ്റി യോഗത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചർച്ചയ്ക്കെടുത്തപ്പോൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള നാല് സംസ്ഥാനകമ്മിറ്റി അംഗങ്ങൾ മാത്രമേ അതേക്കുറിച്ച് പരാമർശിച്ച് സംസാരിച്ചുള്ളൂ. നേരത്തേ കമ്മിഷൻ മുമ്പാകെ സുധാകരനെതിരെ മൊഴി നൽകിയ ഈ നാലുപേരും പക്ഷേ, ഇന്നലെ കമ്മിറ്റി യോഗത്തിൽ വിമർശനത്തോടൊപ്പം സുധാകരന്റെ നേതൃപാടവത്തെയും മുൻകാല പ്രവർത്തനപാരമ്പര്യത്തെയും പുകഴ്ത്തി സംസാരിച്ചതും ശ്രദ്ധേയമായി. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവരാണ് സംസാരിച്ചത്. കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കാതിരിക്കാൻ ഇവരുടെ പ്രതികരണങ്ങളും സ്വാധീനഘടകമായിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ബോധപൂർവമുള്ള വിട്ടുനിൽക്കലുണ്ടായിയെന്ന് തോന്നിപ്പിക്കുന്ന നീക്കമുണ്ടായെന്നും അംഗങ്ങൾ വിമർശിച്ചു. ആലപ്പുഴയിൽ സ്ഥാനാർത്ഥിയായിരുന്ന ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് ഐസക് പരസ്യമായി പ്രതികരിച്ചെങ്കിലും സുധാകരന്റെ മൗനം അർത്ഥഗർഭമായി. പൊളിറ്റിക്കൽ ക്രിമിനലിസം പ്രവർത്തിച്ചുവെന്ന ആക്ഷേപം ജില്ലയിലെ നേതാക്കളെ സംശയമുനയിൽ നിറുത്തുന്നതായെന്നും വിമർശനമുണ്ടായി.

മറുപടിപ്രസംഗത്തിൽ തനിക്കെതിരായ പരാതി സദുദ്ദേശത്തോടെയല്ലെന്ന് സുധാകരൻ വിശദീകരിച്ചതായാണ് സൂചന. ഒരു ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണ് പരാതി. ഒരു പ്രത്യേകവിഭാഗത്തിന്റെ ആലോചനയുടെ ഭാഗമായാണ് അത് ഉത്ഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2016നേക്കാൾ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിക്ക് വോട്ട് കൂടിയപ്പോൾ എങ്ങനെ താൻ വീഴ്ചവരുത്തിയെന്ന് പറയാനാകുമെന്നാണ് സുധാകരൻ കമ്മിഷനോട് നേരത്തേ വിശദീകരിച്ചിരുന്നത്. ഇക്കാര്യങ്ങൾ ഇന്നലെയും അദ്ദേഹം ആവർത്തിച്ചു. മണ്ഡലത്തിന്റെ രീതിക്ക് യോജിക്കാത്തവിധം എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സ്ഥാനാർത്ഥിക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA