SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 PM IST

കുഞ്ഞുങ്ങൾക്കും വേണം ആയുർവേദ കവചം

illustration

കൊവിഡ് വ്യാപനത്തിന് ശേഷം സ്‌കൂൾ തുറന്നതോടെ രോഗപ്രതിരോധശേഷിക്കും ആരോഗ്യക്ഷമത നിലനിറുത്താനുമായി വിദ്യാർത്ഥികൾക്ക് ആയുർവേദ മരുന്നുകൾ ലഭ്യമാക്കാനുളള ശ്രമത്തിലാണ് സർക്കാർ. പരസ്യമായി ഇതിനെതിരെ രംഗത്തുവന്നില്ലെങ്കിലും ഹോമിയോപ്പതി പ്രതിരോധമരുന്ന് വിദ്യാർത്ഥികൾക്ക് നൽകുന്നതിന് എതിർപ്പുയർത്തിയവരിൽ നിന്ന് ഇതിനെതിരെയും മുറുമുറുപ്പുണ്ട്. കുട്ടികൾക്ക് മേൽ അശാസ്ത്രീയ ചികിത്സാരീതികൾ പ്രയോഗിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന വിമർശനവുമായി ഐ.എം.എയും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സുമാണ് ഹോമിയോപ്പതിക്കെതിരെ രംഗത്തെത്തിയത്. ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതി കുട്ടികളിൽ പരീക്ഷിക്കുന്നത് കേരളത്തെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടുമെന്നാണ് അവർ തുറന്നടിക്കുന്നത്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടന്നിട്ടില്ലെന്നും മരുന്ന് വിതരണം ചെയ്യരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തയച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആഴ്‌സനിക് ആൽബ് നൽകുന്നതെന്നും വെല്ലുവിളിക്കുന്നത് സർക്കാരിനെ ആണെന്നുമായിരുന്നു ഹോമിയോ ഡോക്ടർമാരുടെ നിലപാട്. ഫലപ്രാപ്തി ചികിത്സിച്ച് തെളിയിക്കാമെന്നും അവർ വെല്ലുവിളിച്ചു. കൊവിഡിനുള്ള ഫലപ്രദമായ പ്രതിരോധമാർഗമാണ് ഹോമിയോ ഗുളികകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഡിസ്‌പെൻസറികളിലൂടെയും കിയോസ്‌കുകളിലൂടെയും ഹോമിയോ മരുന്ന് വിതരണം ചെയ്തുകൊണ്ട് പറഞ്ഞതോടെ വിവാദം കെട്ടടങ്ങി. ഇതിനു പിന്നാലെ, കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്കും പോസ്റ്റ് കൊവിഡ് ചികിത്സയിലുളളവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും അടുത്തുളള ആയുർവേദസ്ഥാപനത്തിൽ നിന്ന് മരുന്ന് നൽകാനാണ് പുതിയ തീരുമാനം. രക്ഷിതാക്കളുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിലാകും നടപ്പാക്കുക. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ കോളേജുകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വകാര്യമേഖലയുടെയടക്കം പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ ഏകോപനത്തിലുമാണ് പദ്ധതി 'കിരണം' നടപ്പാക്കുന്നത്. ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തിയിരുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും കൊവിഡ് പ്രതിരോധ മാർഗം സംബന്ധിച്ച ബോധവത്കരണവും തുടങ്ങി. ബോധവത്കരണവും ആരോഗ്യകരമായ ഭക്ഷണങ്ങളെ പരിചയപ്പെടുത്തലും ആയുർവേദ ഡിസ്‌പെൻസറികൾ കേന്ദ്രീകരിച്ചാകും. കൊവിഡിന്റെ സാഹചര്യത്തിൽ രോഗപ്രതിരോധശേഷി നിലനിറുത്തുന്നതിൽ ആയുർവേദത്തിന്റെ പങ്ക് എത്രമാത്രമുണ്ടെന്ന് തിരിച്ചറിഞ്ഞതാണെന്നും ഇനിയും കൂടുതൽ ആയുർവേദത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ആരോഗ്യ സംരക്ഷണം എല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കിരണം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഡോ.ആർ. ബിന്ദുവും വ്യക്തമാക്കിയിരുന്നു. സർക്കാർ ആശുപത്രികൾ, ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിലെ ആയുർ രക്ഷാക്ലിനിക്കുകൾ വഴിയാണ് കിരണം പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രത്യേക മരുന്നുകൾ നൽകാനാണ് നിർദ്ദേശമെന്ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി.ആർ. സലജകുമാരി പറയുന്നു. ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ വിഭാഗങ്ങളുടെ സേവനം ലളിതമായും സമഗ്രമായും കുട്ടികൾ അടക്കം എല്ലാ വിഭാഗത്തിലും എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നാഷണൽ ആയുഷ് മിഷൻ തൃശൂർ ഡി.പി.എം ഡോ: എം.എസ്. നൗഷാദും വ്യക്തമാക്കുന്നു.

ആയുഷ് ഗ്രാമം

ആയുഷ് ഗ്രാമത്തിന്റെ നേതൃത്വത്തിൽ ഐ.സി.ഡി.എസ്, അംഗൻവാടി എന്നിവയുമായി സഹകരിച്ച് ആയുർവേദപോഷകാഹാര രീതികൾ പരിചയപ്പെടുത്തുന്നുണ്ട്. ഫുഡ് ആർട്ട് ഫെസ്റ്റ്, പാചക മത്സരം എന്നിവയുമുണ്ടാകും. ആയുർവേദ ജീവിതശൈലികളും ഔഷധസസ്യ പരിപാലനവും പ്രചരിപ്പിക്കുന്ന പദ്ധതി ഇരിങ്ങാലക്കുട, ചാവക്കാട് ബ്ലോക്കുകളിലാണുള്ളത്. വിഷാദം, പിരിമുറുക്കം, ആകുലത തുടങ്ങിയവയ്ക്ക് ആശ്വാസമാകുന്ന ഹർഷം പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ ചേലക്കര, വലപ്പാട്, ആളൂർ, അന്തിക്കാട്, ഇരിങ്ങാലക്കുട, കൊടകര, പുത്തൻചിറ, ഗുരുവായൂർ, കടങ്ങോട്, വില്ലടം എന്നിവിടങ്ങളിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനമുണ്ടാകും. വിദ്യാർത്ഥികളുടെ മാനസിക പ്രശ്‌നങ്ങൾക്കായി ചിറകുകൾ, പരീക്ഷ പേടിയകറ്റാൻ വിജയമന്ത്രം, ഗർഭിണികളുടെയും പ്രസവാനന്തരം അമ്മയുടെയും മാനസികാരോഗ്യത്തിനായി സ്ത്രീസ്വാസ്ഥ്യം, നേത്രാരോഗ്യത്തിനായി ദൃഷ്ടി തുടങ്ങിയവയുമുണ്ട്.

ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ

നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഡിസ്‌പെൻസറികളുടെ നിലവാരമുയർത്തി ആയുഷ്മാൻ ഭാരത് ഹെൽത് ആൻഡ് വെൽനെസ് സെന്ററുകൾ ആരംഭിക്കും. ചെങ്ങാലൂർ, ചൊവ്വന്നൂർ, അയ്യന്തോൾ, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ ഔഷധസസ്യ ഉദ്യാനം സജ്ജമാക്കി. പകർച്ചവ്യാധിപ്രതിരോധം, വയോജനാരോഗ്യം, ഗർഭിണി, പ്രസവാനന്തര പരിചരണം എന്നിവയ്ക്ക് പ്രാമുഖ്യമുള്ള ഏഴ് സ്ഥാപനങ്ങളുണ്ട് തൃശൂരിൽ.

സർക്കാർ മേഖലയിലെ ആയുർവേദ ആശുപത്രികളിൽ കഴിഞ്ഞ എട്ട് വർഷം നടത്തിയ നേത്രചികിത്സകളിൽ രോഗികൾക്ക് 25 ശതമാനം കാഴ്ചശക്തി കൂടിയതായാണ് ആയുർവേദ നേത്രവിദഗ്ദ്ധരുടെ വിലയിരുത്തൽ. ചെറിയ കാഴ്ചക്കുറവുള്ളവർക്ക് കണ്ണട ഒഴിവാക്കാനായി. അതേസമയം, കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം കാരണം കുട്ടികളിലെ കാഴ്ചക്കുറവ് കൂടിവരുമ്പോൾ, 'കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം' എന്ന സന്ദേശമുയർത്തി ഭാരതീയ ചികിത്സാ വകുപ്പ് വഴി തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ നടപ്പിലാക്കുന്ന ചികിത്സ തേടി ആയിരക്കണക്കിന് വിദ്യാർത്ഥികളാണെത്തിയത്. സംസ്ഥാനത്ത് ഗവൺമെന്റ് ആയുർവേദ സ്ഥാപനങ്ങൾ വഴി മികച്ച നേത്രചികിത്സാ സൗകര്യം ലഭ്യമാണ്. എല്ലാ ജില്ലകളിലും നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാർ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി ക്യാമ്പുകൾ നടത്തി അന്ധതയ്ക്ക് സാദ്ധ്യതയുള്ളവരെ മുൻകൂട്ടി കണ്ടുപിടിക്കുന്ന പദ്ധതി നാഷണൽ ആയുഷ് മിഷൻ തൃശൂർ, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടപ്പിലാക്കി വരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYURVEDA FOR KIDS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.