SignIn
Kerala Kaumudi Online
Friday, 26 April 2024 8.12 PM IST

വയനാടിനെ രക്ഷിക്കാൻ കാർബൺ ന്യൂട്രൽ ബ്രാൻഡ്

cofee-

വയനാട്ടിലെ കാർഷിക പ്രതിസന്ധി എങ്ങനെ പരിഹരിക്കാം? ഒറ്റമാർഗമേയുള്ളൂ. പ്രധാന വിളയായ കാപ്പിക്കുരുവിന് ഇന്നുള്ളതിന്റെ ഇരട്ടിവില ലഭിക്കണം. ഇതു സാദ്ധ്യമാണോ? എന്തുകൊണ്ട് അസാദ്ധ്യം? ഈ കണക്കുകൾ നോക്കൂ. 1992ൽ കാപ്പി കൃഷിക്കാരുടെ രാജ്യങ്ങൾ കയറ്റുമതി ചെയ്തത് 1000 കോടി ഡോളറിന്റെ കാപ്പിക്കുരു. എന്നാൽ വികസിത രാജ്യങ്ങളിലെ കാപ്പി ഉപഭോക്തൃ വിപണിയുടെ വിറ്റുവരവ് 3000 കോടി ഡോളറും. 2000 കോടി ഡോളർ ബഹുരാഷ്ട്ര കുത്തകകളുടെ പോക്കറ്റിൽ. 2002 ആയപ്പോൾ കാപ്പിക്കുരുവിന്റെ വില തകർന്നു. മൂന്നാംലോക രാജ്യങ്ങളുടെ കയറ്റുമതി വരുമാനം 550 കോടി ഡോളറായി താഴ്ന്നു. എന്നാൽ ബഹുരാഷ്ട്ര കുത്തകകളുടെ ഉപഭോക്തൃ ഉത്‌പന്ന വില്‌പന 7000 കോടി ഡോളറായി ഉയർന്നു.
കാപ്പിപ്പൊടിയുടെ മൂല്യശൃംഖലയുടെ അടിത്തട്ടിൽ കുരുങ്ങിക്കിടക്കാതെ മുകളിലേക്കു പിടിച്ചുകയറാൻ കഴിഞ്ഞാൽ വയനാട്ടിലെ കാപ്പി കൃഷിക്കാർ രക്ഷപ്പെടും. വയനാട്ടിലെ കാപ്പികൃഷിക്കാർ കാപ്പി കുരുവായി വിൽക്കാതെ ബ്രാൻഡ് ചെയ്തു കാപ്പിപ്പൊടിയായി നാട്ടിലും വിദേശത്തും വില്‌ക്കണം. കിഫ്ബിയുടെ മുതൽമുടക്കിൽ വലിയൊരു കാപ്പി പാർക്ക് വയനാട് സ്ഥാപിക്കാൻ പണം വകയിരുത്തിയിട്ടുണ്ട്. സൂക്ഷ്മ കാർഷിക മേഖലാടിസ്ഥാനത്തിൽ കാപ്പി പ്ലാന്റേഷനുകളെ മേഖലകളായി തരംതിരിച്ച് കാർഷിക രീതികൾ ഏകീകരിക്കണം. ഇതിനായി കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികൾക്കും സഹകരണ സംഘങ്ങൾക്കും രൂപംനല്‌കണം. ഇതെല്ലാം പ്രവർത്തനക്ഷമമാകാൻ രണ്ടോ മൂന്നോ വർഷം വേണ്ടിവരും.

ബ്രഹ്മഗിരിയുടെ

വയനാട് കാപ്പി
ബ്രഹ്മഗിരി സൊസൈറ്റി കാപ്പിക്കുരു സംഭരിച്ച് വയനാട് കാപ്പിയെന്ന ബ്രാൻഡ് നെയിമിൽ വില്‌ക്കാൻ ഒരു സ്‌കീം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കിയോസ്‌ക് ശൃംഖല വഴിയാണു കാപ്പി വിൽക്കുക. ഇതിനായി സംഭരിക്കുന്ന കാപ്പിക്കുരുവിന് ഉയർന്നവില നൽകാൻ സബ്സിഡി സർക്കാർ നൽകും. ബ്രഹ്മഗിരിയുടെ കാപ്പി സംസ്‌കരണ പ്ലാന്റ് വിപുലപ്പെടുത്താൻ അഞ്ചുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെറിയ തോതിലുള്ള ഈ ഇടപെടൽ എത്ര വലുതാക്കാനാകുമോ അത്രയും നന്ന്. പക്ഷെ, ഇന്ത്യൻ കമ്പോളം മാത്രം ലക്ഷ്യമിട്ടാൽ പോരാ. വിദേശ കമ്പോളത്തിലേക്ക് കടക്കാൻ കഴിയണം. ആന്ധ്രയിലെ
അർക്കാവാലിയിലെ ആദിവാസികൾ ഇങ്ങനെ വിദേശത്തേക്ക് കാപ്പിപ്പൊടി കയറ്റുമതി ചെയ്യുന്നുണ്ട്. ആ ആദിവാസി കൃഷിക്കാർക്ക് വയനാട്ടിലെ കൃഷിക്കാരെക്കാൾ 50 ശതമാനത്തിലധികം വില ലഭിക്കുന്നതായി നേരിട്ടുകണ്ടു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അവർക്ക് ആകാമെങ്കിൽ എന്തുകൊണ്ട് നമുക്കായിക്കൂടാ?


കാർബൺ ന്യൂട്രൽ ബ്രാൻഡ്
നമ്മുടെ വയനാടൻ കാപ്പി വിദേശത്തു ബ്രാൻഡ് ചെയ്യണമെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം വയനാട് ജില്ലയെ കാർബൺ ന്യൂട്രലാക്കി മാറ്റുകയാണ്. ഇപ്പോൾത്തന്നെ വയനാട്ടിലെ 40 ശതമാനം ഭൂമി വനമേഖലയാണ്. വലിയ കാർബൺ മലിനീകരണം സൃഷ്ടിക്കുന്ന ഒരു വ്യവസായവും അവിടെയില്ല. അതുകൊണ്ട് വയനാടുകാർ ഒത്തുപിടിച്ചാൽ വയനാട് ജില്ലയെ കാർബൺ ന്യൂട്രലാക്കി മാറ്റാം. കാർബൺ ന്യൂട്രൽ വയനാടൻ കുന്നുകളിൽ നിന്നുള്ള കാപ്പി എന്നത് ആഗോളതാപന ചർച്ചകൾ മുറുകിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ വയനാടൻ കാപ്പിയെ ബ്രാൻഡ് ചെയ്യുന്നത് എളുപ്പത്തിലാക്കും.

മീനങ്ങാടി പഞ്ചായത്തിൽ ആവിഷ്‌കരിച്ച രീതി സമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് തണൽ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിലെ കാർബൺ ബഹിർഗമനത്തിന്റെയും മറ്റും കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം ജില്ലയിലെ മൊത്തം കാർബൺ ബഹിർഗമനം ഏകദേശം 17.18 ലക്ഷം ടണ്ണാണ്. കാർബൺ സ്റ്റോക്ക് ഏതാണ്ട് 11.12 ലക്ഷം ടൺ വരും. അതായത് ഏകദേശം ആറുലക്ഷം ടണ്ണിൽപരം കാർബൺ അധികമുണ്ട്.

കെ.എസ്.ഇ.ബി, തദ്ദേശഭരണ സ്ഥാപനങ്ങൾ, മറ്റു വകുപ്പുകൾ എന്നിവയുടെ സ്‌കീമുകൾ വഴി രണ്ടുലക്ഷം ടൺ ബഹിർഗമനം കുറയ്ക്കാൻ കഴിയും. ബാക്കി 4.1 ലക്ഷം ടൺ കാർബൺ വലിച്ചെടുക്കുന്നതിന് 1.64 കോടി മരങ്ങൾ നടണം. ഇതൊരു ബാലികേറാ മലയേ അല്ല. മരങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ട്രീ ബാങ്കിംഗ് സ്‌കീം നടപ്പിലാക്കണം. മീനങ്ങാടി പഞ്ചായത്തിൽ ഇതിനു തുടക്കംകുറിച്ചിട്ടുണ്ട്. ദീർഘകാല മരങ്ങൾ വലിയ തോതിൽ നട്ടുവളർത്തുന്നതുകൊണ്ട് ഇന്നത്തെ തലമുറയ്ക്ക് നേട്ടം ഒന്നുമില്ല. അനന്തരവകാശികൾക്കാണു നേട്ടം. അതിൽ ഒരു ഭാഗം ഇന്നു നട്ടുവളർത്തുന്നവർക്കായി നൽകാൻ എന്താണു മാർഗം ? അതിന് ഉത്തരമാണ് ട്രീ ബാങ്കിംഗ്. നട്ടുവളർത്തുന്ന മരം ഈടായി ഇന്നു വായ്പ നൽകുക. മരം വെട്ടുന്ന കാലത്തു പലിശ സഹിതം തിരിച്ചു നല്‌കിയാൽ മതിയാകും. കാലാവസ്ഥ ഫണ്ടിൽ ഒരു ഭാഗം ഇത്തരം സ്‌കീമുകൾക്കായി മാറ്റിവയ്ക്കാനാവണം. ഇതിനായി ബാങ്കിംഗ് മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തണം. പരിസ്ഥിതി സംരക്ഷിച്ചും കാലാവസ്ഥ വ്യതിയാനത്തിന് രാജ്യത്തിനാകെ മാതൃകയാവുന്ന പ്രതിരോധം ഉയർത്തിക്കൊണ്ടും ജനങ്ങളുടെ വരുമാനത്തിൽ എടുത്തുചാട്ടം സൃഷ്ടിക്കാനാകുമെന്ന് വയനാട്ടിൽ നമുക്കു തെളിയിക്കാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATTUVICHARAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.