SignIn
Kerala Kaumudi Online
Friday, 26 April 2024 12.57 PM IST

കുരുക്കുന്ന ഉത്തരവുകൾ

secretariat-

ഏറ്റവും കൂടുതൽ വ്യക്തത ആവശ്യമായതാണ് സർക്കാർ ഉത്തരവുകൾ.പ്രത്യേകിച്ചും

ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട ഉത്തരവുകൾക്ക്.നി‌ർഭാഗ്യവശാൽ ഉന്നതരുടെ ഒപ്പുകളുമായി ഇറങ്ങുന്ന ചില ഉത്തരവുകൾ അവ്യക്തമായതിനാൽ ജനങ്ങളെ വലയ്ക്കുന്നതും നെട്ടോട്ടമോടിക്കുന്നതായും മാറാറുണ്ട്.അതേസമയം തത്പ്പരകക്ഷികൾക്ക് വേണ്ടി മരം മുറിക്കാനോ പാറപൊട്ടിക്കാനോ ഉള്ള ഉത്തരവിൽ ഒരു അവ്യക്തതയും കാണുകയില്ല താനും.പലപ്പോഴും പരാതികൾ ഉയരുമ്പോൾ ആദ്യ ഉത്തരവ് മാറ്റി രണ്ടാമത് ഇറക്കുകയാണ് പതിവ്. അതിലും കാണും പിഴവുകൾ.സഹികെട്ട് വ്യക്തികൾ കോടതിയെ സമീപിച്ചാണ് ഇതിൽ വ്യക്തത വരുത്തുന്നത്. അതിന് ദീർഘകാലം കാത്തിരിക്കേണ്ടിയും വരും.ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ മനസ്സർപ്പിച്ച് ജോലി ചെയ്യാത്തതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്.ഇത് ഒരു ഒറ്റപ്പെട്ട കാര്യമല്ല.നിരവധി തവണ ആവർത്തിച്ചുകൊണ്ടിരിക്കുന്ന

മാരണമാണ്.ബഹുമാനപ്പെട്ട ഹെെക്കോടതിയുടെ ഇടപെടലാണ് പലപ്പോഴും പൗരന്മാർക്ക് രക്ഷയാവുക.

ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത നെൽവയലിൽ 25 സെന്റ് വരെ പുരയിടമാക്കാൻ ഫീസ് നൽകേണ്ടതില്ലെന്ന വ്യവസ്ഥ 2001 ഫെബ്രുവരി 25 മുതലുള്ള അപേക്ഷകൾക്ക് മാത്രം ബാധകമാക്കിയ സർക്കാരിന്റെ സർക്കുലർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ട് ഹെെക്കോടതി റദ്ദാക്കിയതാണ് തെറ്റായ ഉത്തരവുകൾ തിരുത്തപ്പെടുന്ന ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സർക്കാരിന് ഇതൊക്കെ പരിശോധിക്കാൻ സ്വന്തമായി നിയമ വകുപ്പുള്ളതാണ്. ഒരു ഉത്തരവ് നിയമവിരുദ്ധമാണെന്ന അടിസ്ഥാനപരമായ കാര്യം പോലും പരിശോധിക്കാൻ

അറിയാത്തവരാണോ അവിടെയിരിക്കുന്നത്.റവന്യൂ വകുപ്പും നിയമവകുപ്പും നേരത്തേതന്നെ ഇത് വേണ്ടവണ്ണം പരിശോധിച്ച് ഉത്തരവിറക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ഇതിനകം ലഭിച്ചേനെ.എന്നാൽ കണ്ണിൽ പൊടിയിടാൻവേണ്ടി ആത്മാർത്ഥതയില്ലാതെ ഉത്തരവിറക്കിയാൽ ആർക്കും പ്രയോജനം ലഭിക്കില്ല.ഇത്തരം തെറ്റുകൾ ചെയ്യുന്നത് ആരാണെന്നത് ഒരിക്കലും പുറത്തുവരില്ലെന്ന് മാത്രമല്ല ഉത്തരവിലെ അവ്യക്തതപോലെ അതും എക്കാലവും അവ്യക്തമായി തുടരുകയും ചെയ്യും.അതിനാലാണ് വീണ്ടും വീണ്ടും ഇത്തരം ഉത്തരവുകൾ ഇറങ്ങുന്നത്.

എന്തായാലും സർക്കാർ നിശ്ചയിച്ച തീയതി കണക്കിലെടുക്കാതെ ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നെൽവയൽ ഉള്ള അപേക്ഷകരുടെ കാര്യത്തിൽ രണ്ടുമാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചത് വലിയ ആശ്വാസം പകരുന്നതാണ്.നിലം പുരയിടമാക്കി മാറ്റാനുള്ള അപേക്ഷകളിൽ സർക്കാർ വിവേചനം കാട്ടുന്നെന്നാരോപിച്ച് കലൂർ സ്വദേശി എം.കെ.ബേബി ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി.

നിയമ പരിജ്ഞാനമില്ലാത്ത ഒരു സാധാരണക്കാരന് പോലും മനസ്സിലാകുന്നതാണ് സർക്കാർ ഉത്തരവിലെ വിവേചനം.2001 ഫെബ്രുവരി 25നോ അതിനുശേഷമോ അപേക്ഷ നൽകുന്നവർക്ക് മാത്രം ഇത് ബാധകമാക്കിയാൽ മതിയെന്ന് വ്യക്തമാക്കിയ സർക്കാർ അതിന് മുൻപ് അപേക്ഷ നൽകിയവർക്ക് ഇത് ബാധകമല്ലെന്നും അവർ അപേക്ഷ പിൻവലിച്ച് വീണ്ടും നൽകിയാൽ സ്വീകരിക്കരുതെന്നും സർക്കുലറിൽ എടുത്തുപറഞ്ഞിരുന്നു.ഇത് മനുഷ്യനെ വലയ്ക്കാനും

ദ്രോഹിക്കാനും വേണ്ടി മാത്രമിറക്കിയ ഉത്തരവാണെന്ന് ആർക്കും മനസ്സിലാകും.നിയമം അടിസ്ഥാനപരമായി എല്ലാവർക്കും ഒന്നുതന്നെയാണ് .സംസ്ഥാനത്തെ വില്ലേജ്,താലൂക്ക് ,ജില്ലാ റവന്യൂ ഒാഫീസുകളിൽ ഭൂമി തരം മാറ്റാനുള്ള നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.ഹെെക്കോടതി നി‌ർദ്ദേശിച്ച രണ്ടുമാസ കാലാവധിക്കുള്ളിൽ അവയിൽ തീർപ്പുകൽപ്പിക്കാൻ പ്രത്യേക അദാലത്തുകൾ നടത്താൻ റവന്യൂ വകുപ്പ്

തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.