SignIn
Kerala Kaumudi Online
Monday, 16 May 2022 9.52 AM IST

എം.വി.ഐ.പി കനാലെന്ന വെള്ളാന

canal
കാടുമൂടി നശിക്കുന്ന കനാൽ

ഏതെങ്കിലും ജലസ്രോതസുകളിൽ നിന്ന് കൃഷിക്ക് ഉപയുക്തമായ സ്ഥലങ്ങളിലേക്ക് നിയന്ത്രിത ക്രമത്തിൽ വെള്ളം എത്തിക്കുന്നതിനാണ് ജലസേചന കനാലുകൾ നിർമിക്കുന്നത്. പ്രാചീന ബാബിലോണിയ രാജ്യം മുതൽ ജലസേചനാർത്ഥം മനുഷ്യർ കനാലുകൾ ഉപയോഗിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ഇന്ത്യയിലും കൃത്രിമ തോടുകളുണ്ടായിരുന്നു. അത്തരത്തിൽ മൂന്നര പതിറ്റാണ്ട് മുമ്പ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രാന്തപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി ആരംഭിച്ച കനാൽ ശൃംഖലയാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട്- എം.വി.ഐ.പി). തൊടുപുഴയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മലങ്കര അണക്കെട്ടിൽ നിന്ന് ആരംഭിക്കുന്നതാണ് ഈ കനാൽ. മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കരയുടെ പ്രധാന ജലസ്രോതസ്. 1975ൽ നിർമ്മാണം ആരംഭിച്ച ജലസേചന പദ്ധതി 1994ൽ ഭാഗികമായും 2020 ജൂലായിൽ പൂർണമായും കമ്മിഷൻ ചെയ്തു. കേന്ദ്രഫണ്ടടക്കം 1,082 കോടി രൂപയാണ് ഇതുവരെ ആകെ ചെലവായത്. പദ്ധതിയുടെ ഭാഗമായി ഇടത് കര, വലത് കര എന്നിങ്ങനെ രണ്ട് കനാലുകളാണുള്ളത്. ഇടതുകര കനാലിന് 37 കിലോമീറ്ററും വലതുകരയ്ക്ക് 28 കിലോമീറ്ററും നീളമുണ്ട്. ഇരു കനാലുകൾക്കും മറ്റിടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി നിരവധി ചെറു പോഷക കനാലുകളുമുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയമസഭാ മണ്ഡലങ്ങളിലുള്ള ലക്ഷണക്കണക്കിന് ജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വേനൽക്കാലത്ത് ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനടക്കം പരിഹാരം എം.വി.ഐ.പി കനാലായിരുന്നു. എന്നാൽ പൊതുഖജനാവിൽ നിന്ന് ആയിരക്കണക്കിന് കോടികൾ മുടക്കി പൂർത്തിയാക്കിയ പദ്ധതി ഇന്ന് അക്ഷരാർത്ഥത്തിൽ ഒരു വെള്ളാനയായി മാറി.

അഴുക്കുചാലിനേക്കാൾ മോശം

ഏറ്റവും വൃത്തിഹീനമായ ഒരു അഴുക്കുചാലിൽ ഉള്ളതിനേക്കാൾ മാലിന്യങ്ങളുണ്ടാകും ലക്ഷങ്ങൾ ജലത്തിനായി ആശ്രയിക്കുന്ന കനാലിൽ ഇപ്പോൾ. രാത്രിയുടെ മറവിൽ സുരക്ഷിതമായി മാലിന്യം നിക്ഷേപിക്കാവുന്ന കുപ്പത്തൊട്ടിയായാണ് പലരും ഇന്ന് ഈ ജലസ്രോതസിനെ കാണുന്നത്. കൂട്ടിൽ കെട്ടിയ ഭക്ഷണാവശിഷ്ടങ്ങൾ മുതൽ ചത്ത എലിയും പട്ടിയും വരെ കനാലിലൂടെ ഒഴുകിയെത്താറുണ്ട്. ഇതുകൂടാതെ ടൺ കണക്കിനു പ്ലാസ്റ്റിക്, അറവ് മാലിന്യം, ഉപേക്ഷിക്കപ്പെട്ട ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ, ഹോട്ടൽ ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ പലയിടത്തും കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. കനാലിൽ നിന്ന് കക്കൂസ് മാലിന്യം കണ്ടെത്തിയിട്ട് ഒരുപാട് നാളൊന്നുമായില്ല. സാധാരണക്കാർ കുളിക്കാനും വസ്ത്രം അലക്കാനും മറ്റും ഉപയോഗിക്കുന്ന ജലമാണിതെന്ന് ഓർക്കണം. നിരവധി കുടിവെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മാലിന്യം നിറഞ്ഞ ഈ കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽ നിന്നാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതെന്നത് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നുണ്ട്. കനാലിന് സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ വേനൽക്കാലത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു.

മാലിന്യത്തിന് പുറമെ ഭൂരിഭാഗം പ്രദേശങ്ങളിലും ചെറിയ വള്ളിപ്പടർപ്പുകൾ മുതൽ വൻ വൃക്ഷങ്ങൾ വരെയാണ് കനാലിനുള്ളിൽ വളരുന്നത്. ഇത് ഏറെക്കുറെ കനാലിനെ മൂടിക്കഴിഞ്ഞു. കാട് നിറഞ്ഞതോടെ പലയിടത്തും നീരൊഴുക്ക് തീരെ ഇല്ലാതായിട്ടുണ്ട്. അതിനാൽ കനാൽ തുറന്ന് വിട്ടാലും എറണാകുളം, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളം കാര്യമായി എത്തുന്നില്ല. ഇത് കുടിവെള്ള ക്ഷാമം പലയിടത്തും രൂക്ഷമാക്കി. ഇലകളും മറ്റും വീണടിഞ്ഞു നീരൊഴുക്ക് തടസപ്പെട്ടതോടെ കൊതുകുകളുടെയും ഈച്ചകളുടെയും പ്രജനന കേന്ദ്രവുമാണ് ഇപ്പോൾ കനാലുകൾ. ഇതിനിടയിൽ ഇഴജന്തുക്കളും ധാരാളമാണ്.

കനാലിന്റെ ഭാഗമായ അക്വഡേറ്റ് പാലങ്ങൾ പലയിടത്തും ചോർന്നൊലിക്കുകയാണ്. കനാലിലൂടെ വെള്ളം തുറന്ന് വിട്ടാൽ പാലത്തിന്റെ താഴ് ഭാഗത്തെല്ലാം വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ്. പാലത്തിന്റെ തൂണുകളിലെല്ലാം കാടുംപടലും കയറി കോൺക്രീറ്റെല്ലാം ഇളകി തകർച്ചയുടെ വക്കിലാണ്. ചെടികളുടെയും ചെറുമരങ്ങളുടെയും വേരുകൾ ആഴ്ന്നിറങ്ങി പാലങ്ങൾ അപകടാവസ്ഥയിലാണ്.

ബണ്ട് റോഡുകൾ പാടെ തകർന്നു

കനാൽ ബണ്ട് റോഡുകൾ ഏതാണ്ട് 40 വർഷത്തിനു മുമ്പ് പദ്ധതിയുടെ പണി ആരംഭിച്ച കാലഘട്ടം മുതൽ ഈ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾ യാത്രയ്ക്കായി ഉപയോഗിച്ചു വരുന്നതാണ്. എന്നാൽ വർഷങ്ങളായി അറ്റകുറ്റപണി നടത്താതെ റോഡ് തകർന്ന് തരിപ്പണമായി മാറി. വാഹനവുമായി കനാലിൽ പോയവരും കുറവല്ല. പദ്ധതി തുടങ്ങുമ്പോഴുള്ള സ്ഥിതിയല്ല, നേരത്തെയുണ്ടായിരുന്നതിന്റെ രണ്ടിരട്ടിയായി കനാൽ പരിസരങ്ങളിൽ ജീവിക്കുന്നവർ. ഇവർ നിത്യേന ഉപയോഗിക്കുന്ന പാതയാണിത്. ഗർഭിണികളെയോ വൃദ്ധരെയോ രോഗികളെയോ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഇവർക്ക് ഈ വാരിക്കുഴികൾ നിറഞ്ഞ റോഡല്ലാതെ വേറെ മാർഗമില്ല. റോ‌‌ഡ് നന്നാക്കാൻ ഫണ്ടില്ലെന്നാണ് ന്യായം. എം.വി.ഐ.പിയുടെ സ്ഥലമായതിനാൽ പി.ഡബ്ല്യു.ഡിക്കോ തദ്ദേശസ്ഥാപനങ്ങൾക്കോ അറ്റകുറ്റപണി ചെയ്യാനുമാകില്ല.

ഫണ്ടൊക്കെ എവിടെ പോകുന്നു?
ചെറുതെങ്കിലും എം.വി.ഐ.പി എല്ലാ വർഷവും കനാൽ വൃത്തിയാക്കാൻ 10 കോടിരൂപ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അത് ഏത് 'കനാലിലാണ്' ചെലവഴിക്കുന്നതെന്ന് മാത്രം ആർക്കും അറിയില്ല. മുമ്പ് എല്ലാവർഷവും വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കൃത്യമായി കാടുവെട്ടിത്തെളിച്ച് എം.വി.ഐ.പിയുടെ നേതൃത്വത്തിൽ കനാൽ വൃത്തിയാക്കുമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഈ ജോലികൾ ചെയ്തിരുന്നത്. മുറിച്ചുമാറ്റുന്ന കാടും മാലിന്യങ്ങളുമെല്ലാം കനാലിനരികിൽ തന്നെ ഇടുമെന്ന ആക്ഷേപമുണ്ടെങ്കിലും തങ്ങളുടെ ജോലി ഇവർ കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ ഉത്പാദനക്ഷമമായ പ്രവൃത്തികളെ ഏറ്റെടുക്കാവൂ എന്ന് നിർദേശമുള്ളതിനാൽ ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കൽ ജോലികൾ ഏറ്റെടുക്കാറില്ല. പകരം കരാറുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. കരാറുകാർ തോന്നിയതു പോലെ എവിടെയെങ്കിലും നാല് പള്ള വെട്ടി മാറ്റിയ ശേഷം ഫണ്ട് വാങ്ങിയെടുക്കുകയാണ് ചെയ്യുന്നത്. ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്നറിയാൻ എം.വി.ഐ.പി അധികൃതരാരും ഇവിടേക്ക് എത്തിനോക്കാറുപോലുമില്ല. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഫണ്ട് അടിച്ചുമാറ്റാനുള്ള ജോലികൾ മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കഴിഞ്ഞവർഷം കരാറുകാരൻ കനാലിൽ നിന്ന് വാരിയെടുത്ത ചെളിയും മാലിന്യങ്ങളും അതിന്റെ വശങ്ങളിൽ തന്നെയാണ് നിക്ഷേപിച്ചത്. മഴ പെയ്തപ്പോൾ അതെല്ലാം കനാലിലേക്കു തന്നെ വന്നടിഞ്ഞു.

വെള്ളമൊഴിച്ച് എല്ലാമുണ്ട്

ഏഴ് നിയോജകമണ്ഡലങ്ങളിലായി 18,173 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എം.വി.ഐ.പി കനാലുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ജലമൊഴികെ ലോകത്തുള്ള സകല മാലിന്യവും വനമേഖലയിൽ പോലുമില്ലാത്ത തരത്തിലുള്ള മരങ്ങളും കനാലിലുണ്ട്. ഇതിലൂടെ വർഷത്തിൽ രണ്ട് മാസം പോലും കൃത്യമായി ജലമൊഴുകുന്നില്ല. കനാലിനെ ആശ്രയിച്ച് കൃഷിയാരംഭിച്ചാൽ വെള്ളം ലഭിക്കാതെ വിളയുണങ്ങി കടക്കെണിയിലാകുന്ന സ്ഥിതിയാണ്. എല്ലാ വർഷവും വേനൽക്കാലത്ത് വെള്ളം തുറന്ന് വിടാനായി കർഷകർ നിവേദനവും അപേക്ഷയുമായി അധികൃതരുടെ പിന്നാലെ നടക്കേണ്ട ഗതികേടിലാണ്. സാധാരണ ഡിസംബർ മുതൽ കാലവർഷം ശക്തമാകുന്നത് വരേയോ മേയ് മാസം അവസാനം വരേയോ ആണ് രണ്ട് കനാലിലൂടെയും സാധാരണ വെള്ളം കടത്തിവിടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് പാലിക്കാറില്ല. ഈ വർഷം അറ്റകുറ്റപണിയുടെ പേര് പറഞ്ഞ് ഫെബ്രുവരിയിലാണ് കനാൽ തുറന്നത്. കനാൽ തുറക്കേണ്ട ഡിസംബർ മാസം തന്നെയാണ് അറ്റകുറ്റപണിയും ആരംഭിക്കുന്നത്. ഇത് മാസങ്ങൾ നീണ്ടുപോകും. ഫെബ്രുവരിയിൽ തുറന്നാൽ മേയ് അവസാനമാകുമ്പോഴേക്കും കാലവർഷമെത്തും. അപ്പോൾ തന്നെ കനാൽ പൂട്ടും. ഇതാണ് വർഷാവർഷം നടക്കുന്ന കലാപരിപാടി. ബാക്കിയുള്ള മാസങ്ങളിലെല്ലാം കാടുവളർത്തലും മാലിന്യനിക്ഷേപവും മുറയ്ക്ക് നടക്കും. ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി. കനാൽ ജലമാണ് സമീപ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ജലസ്രോതസുകളുടെയും കൃഷിഭൂമികളുടെയും ജീവനാഡി. നിരവധി ചെറുതും വലുതുമായ തോടുകൾ, കുളങ്ങൾ, പതിനായിരക്കണക്കിന് കിണറുകൾ എന്നിവയിലെല്ലാം കനാൽ തുറക്കുന്നതോടെയാണ് വെള്ളം എത്തുന്നത്. കനാൽ തുറന്നുവിട്ടില്ലെങ്കിൽ വേനൽക്കാലത്ത് പലമേഖലകളിലും വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IDUKKI DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.