SignIn
Kerala Kaumudi Online
Friday, 26 April 2024 9.24 PM IST

അന്ത പൾമണറി ഇഡിമ വന്തില്ല!

kk

''നിങ്ങളുടെ കുട്ടിയുടെ ബ്ലഡ് കൗണ്ടിൽ നല്ല ലൂക്കോപീനിയ ഉണ്ട്. പോളിമോർഫ്‌സ് കുറവാണ്. ഇ.എസ്.ആർ. മോഡറേറ്റ്‌ലി എലിവേറ്റടാണ്. സി.ആർ.പി. നെഗറ്റീവാണ്. എന്തായാലും രണ്ടുദിവസം നോക്കിയിട്ട് ടെംപറേച്ചർ ഡൗണായില്ലെങ്കിൽ കൗണ്ട്‌സ് ഒന്നുകൂടി റിപ്പീറ്റ് ചെയ്യാം. മനസ്സിലായല്ലോ, ഇല്ലേ?''

കുട്ടിയുടെ പിതാജി ഡോക്ടറാണെങ്കിൽ സംഗതി ഓകെ.

ഡോക്ടർ അല്ലാത്തപക്ഷം, പിതാജി മാതാജിയെ കണ്ണോടു കണ്ണോരം നോക്കി കണ്ണുതള്ളാനേ നിവർത്തിയുള്ളൂ.

ഒരു സാദാ പനി. വൈറൽ ഫീവർ. അതിന്റെ വിശദീകരണമാണ് ഡോക്ടർ നല്‍കിയത്.

ആശയക്കുഴപ്പം ഉണ്ടാക്കുന്നതാവരുത് ആശയവിനിമയം എന്നാണ് പ്രമാണം!

രോഗിയുടെ ഭാഷയിൽ, അവനു മനസ്സിലാകുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഉൾപ്പെടുത്തിയും മനസ്സിലാകാത്ത മെഡിക്കൽ പദങ്ങൾ ഒഴിവാക്കിയും വേണം ഡോക്ടർ സംസാരിക്കേണ്ടതെന്ന് മെഡിക്കൽ വിദ്യാഭ്യാസ കാലത്ത് അദ്ധ്യാപകർ പലപ്പോഴും ഡോക്ടർ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കാറുണ്ട്.

ഒരു മുതിർന്ന മെഡിക്കല്‍ അദ്ധ്യാപിക തന്നെ ഇതിന് വിരുദ്ധമായി ആശയവിനിമയം നടത്താറുള്ള കഥകൾ ഇന്നാട്ടുകാർക്ക് ഒരു കാലത്ത് സുപരിചിതമായിരുന്നു.

റൗണ്ട്‌സ് നടത്തുമ്പോൾ ഓരോ രോഗിയോടും കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞുകൊടുക്കുന്ന ഒരു വനിതാ മെഡിസിൻ പ്രൊഫസർ ഉണ്ടായിരുന്നു ഒരു മെഡിക്കൽ കോളേജാശുപത്രിയിൽ!

വളരെ ആത്മാർത്ഥതയോടെയാണ് മേഡത്തിന്റെ വിശദീകരണമെങ്കിലും കേൾക്കുന്നവന്‍ എത്ര ആത്മാർത്ഥതയോടെ കേട്ടാലും സംഗതി പിടികിട്ടുകയില്ല.

ഇംഗ്ലീഷ് വാക്കുകളും സാങ്കേതിക പദങ്ങളും അത്രയ്ക്കുണ്ടായിരുന്നു ആ വിശദീകരണങ്ങളിൽ!

വളരെ പാവപ്പെട്ട ഒരു രോഗി, വള്ളിയമ്മ, മകൻ മുരുകനും അവന്റെ പെണ്ണുംപിള്ള രാസാത്തിയുമായി സ്ത്രീകളുടെ വാർഡിൽ അഡ്മിറ്റു ചെയ്തു കിടക്കുകയാണ്.

വള്ളിയമ്മയ്ക്ക് ഹൃദ്രോഗമാണ്. പലപ്പോഴും ശ്വാസം മുട്ടലുണ്ടാകും.

മലർന്നു കിടക്കാൻ ബുദ്ധിമുട്ടാണ്.

വള്ളിയമ്മയെ പരിശോധിച്ചിട്ട് വള്ളിയമ്മയോടും മകൻ മുരുകനോടുമായി ഡോക്ടർ ഇങ്ങനെ പറഞ്ഞു.

''നിങ്ങളുടെ അമ്മയ്ക്ക് എൽ.വി.എഫാണ് കേട്ടോ. നിങ്ങൾ അമ്മയ്ക്ക് എപ്പോഴും ബാക്ക്‌റെസ്റ്റ് വെയ്ക്കണം. അല്ലെങ്കിൽ പൾമണറി ഇഡിമ വരും.''

ബാക്ക് റെസ്റ്റ് എന്നുവെച്ചാൽ കട്ടിലിൽ ചാരി ഇരിക്കാൻ വേണ്ടിയുള്ള ഒരു സംവിധാനമാണ്. അത് ഉപയോഗിച്ചാൽ തലഭാഗം ഉയർന്ന് ചാരി കിടക്കാൻ കഴിയും.

പൾമണറി ഇഡിമ എന്നുവെച്ചാൽ ശ്വാസകോശത്തിൽ നീർവീക്കം ഉണ്ടാവുന്ന അവസ്ഥയാണ്.

നീരുകൊണ്ടു ശ്വാസകോശം നിറയുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടും.

എന്നാൽ ഈ ചാരുണ്ടെങ്കിൽ ശ്വാസം മുട്ടൽ അൽപ്പം കുറയും.

ഇതിനാണ് ബാക്ക് റെസ്റ്റ് വെയ്ക്കണമെന്നും അല്ലെങ്കിൽ പൾമണറി ഇഡിമ വരുമെന്നും ഡോക്ടർ വളരെ ഗൗരവത്തോടെ വള്ളിയമ്മാളിനെയും മുരുകനെയും അറിയിച്ചത്.

പിറ്റേ ദിവസത്തെ റൗണ്ട്‌സ്.

നല്ല ശാസം മുട്ടിലായിരുന്നു വള്ളിയമ്മ. മകൻ മുരുകനും ഭാര്യ രാസാത്തിയും വളരെ വിഷമിച്ചു നിൽക്കുന്നു.

കിടക്കക്കരികിൽ നിന്ന് ഡോക്ടർ ഒന്നു വീക്ഷിച്ചു.

ബാക്ക് റെസ്റ്റ് അഥവാ ചാര് വെച്ചിട്ടില്ല.

ഉടനെ ഡോക്ടർക്ക് ദേഷ്യം വന്നു.

''നിങ്ങളോട് ഞാൻ ഇന്നലേ പറഞ്ഞതല്ലേ ബാക്ക് റെസ്റ്റ് വെയ്ക്കണമെന്ന്?

പൾമണറി ഇഡിമ വരുമെന്ന്?''

അവർ മൂന്നുപേരും പകച്ചുനിന്നു. അവസാനം ധൈര്യം സംഭരിച്ച് മുരുകൻ പറഞ്ഞു.

''നേത്ത് ഫുൾ നാങ്കള്‍ കാത്തിരുന്നാങ്കെ ഡോക്ടർ. അന്ത പൾമണറി ഇഡിമ വരല്ലെ! അങ്കനെയാരുമേ ഇവിടെ വന്തില്ല ഡോക്ടർ.''

പ്രൊഫസർ ഒഴിച്ച് കൂടെയുണ്ടായിരുന്ന എല്ലാവർക്കും ചിരി അടക്കാൻ ഭഗീരഥ പ്രയത്‌നം തന്നെ നടത്തേണ്ടിവന്നു!!

(ലേഖകന്റെ ഫോൺ: 94470 55050)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.