SignIn
Kerala Kaumudi Online
Saturday, 27 April 2024 2.14 AM IST

സൂപ്പർ ഹിറ്റായി മൂന്നാർ ട്രിപ്പ്, മാതൃകയാക്കാം ഈ അതിജീവന വഴി

malappuram-

കോടമഞ്ഞിന്റെ തണുപ്പും കണ്ണെത്താ ദൂരം പച്ച പുതച്ച മലമേടുകളും മഞ്ഞിൽ പൊതിഞ്ഞ തേയില തോട്ടങ്ങളും നിറഞ്ഞ മൂന്നാറെന്ന അതിസുന്ദരിയെ ഒരുവട്ടമെങ്കിലും കാണാൻ ആഗ്രഹിക്കാത്തവർ കുറവാണ്. ചുറ്റം തണുപ്പ് വന്നു പൊതിയുമ്പോൾ മൂന്നാറിൻ മണമുള്ള ചൂട് ചായയും നുകർന്ന് മഞ്ഞിലങ്ങനെ അലിയുക ഏതൊരു യാത്രികന്റെയും മോഹമാണ്. കൂട്ടിന് പ്രിയപ്പെട്ടവർ കൂടിയുണ്ടെങ്കിൽ യാത്രയുടെയും കാഴ്ചയുടെയും ഭംഗിയും കൂടും. കുടുംബവുമായി മൂന്നാറിലേക്ക് യാത്ര പോവാൻ ആഗ്രഹിക്കുന്ന പലരെയും പോക്കറ്റിന് ഒതുങ്ങാത്ത ബഡ്ജറ്റാണ് പിന്നോട്ടു വലിക്കുന്നത്. ഇനി ചെലവിന്റെ പേരിൽ മൂന്നാർ യാത്ര മാറ്റിവയ്ക്കേണ്ടെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. കുടുംബവുമായി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. എന്നാൽ സൗകര്യങ്ങൾ ഒട്ടും കുറയുകയുമില്ല.

വരുമാനം കുത്തനെ ഇടിഞ്ഞ് കുന്നോളം കടം കയറി ചക്രശ്വാസം വലിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മലപ്പുറമേകുന്നത് അതിജീവനത്തിന്റെ പുതിയ പാതയാണ്. ഉല്ലാസ യാത്രയെന്ന പേരിൽ മലപ്പുറം മുതൽ മൂന്നാർ വരെ കുറഞ്ഞ ചെലവിൽ യാത്രയും താമസവും ഒരുക്കിയുള്ള മലപ്പുറം ഡിപ്പോയുടെ ടൂർ പാക്കേജ് ഇതിനകം തന്നെ വൻ ഹിറ്റായിട്ടുണ്ട്. മലപ്പുറത്തിന് പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാർ കൂടിയായതോടെ ‌ഈ മാസത്തേക്കുള്ള സീറ്റ് ബുക്കിംഗ് പൂർണമായിട്ടുണ്ട്. ഡിസംബറിലേക്കുള്ള ബുക്കിംഗാണിപ്പോൾ നടക്കുന്നത്. മൂന്നാർ ട്രിപ്പ് ഹിറ്റായതോടെ മലപ്പുറം ഡിപ്പോയുടെ വരുമാനവും കുത്തനെ ഉയർന്നിട്ടുണ്ട്. ലോക്‌ഡൗണിന് ശേഷം ആദ്യമായി പ്രതിമാസ വരുമാനം ഒരുകോടി രൂപ കടന്നു. ഒക്ടോബറിൽ 1.06 കോടി രൂപയാണ് ഡിപ്പോയുടെ വരുമാനം. ഒക്ടോബർ 16നാണ് മൂന്നാർ യാത്ര ആരംഭിച്ചത്. സെപ്തംബറിൽ 92.20 ലക്ഷം രൂപയായിരുന്നു വരുമാനം. നവംബർ കഴിയുന്നതോടെ വരുമാനം ഒന്നരക്കോടി പിന്നിടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.

ടിക്കറ്റും യാത്രയും ഇങ്ങനെ
സൂപ്പർഫാസ്റ്റ് ബസിന് ഒരാൾക്ക് 1,000 രൂപയും ഡീലെക്സിന് 1,200ഉം എ.സി ലോ ഫ്‌ളോറിന് 1,500 രൂപയുമാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്കുള്ള നിരക്ക്. താമസത്തിനുള്ള 100 രൂപ, സൈറ്റ് സീയിംഗ് ബസിനുള്ള 200 രൂപ അടക്കമാണിത്. പ്രവേശന ഫീസും ഭക്ഷണ ചെലവും യാത്രക്കാർ വഹിക്കണം.

ഉച്ചയ്ക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി എട്ടോടെ മൂന്നാറിലെത്തും. മൂന്നാർ സബ് ഡിപ്പോയിൽ നിറുത്തിയിട്ട ഏഴ് എ.സി സ്ളീപ്പർ ബസുകളിലാണ് താമസം. സർവീസ് അവസാനിപ്പിച്ച പഴയ ബസുകളിൽ എ.സിയടക്കം മികച്ച സൗകര്യങ്ങളോടെ സ്ളീപ്പർ ക്യാബിനുകൾ ഒരുക്കിയിട്ടുണ്ട്. ഒരുബസിൽ 16 പേർക്ക് താമസിക്കാം. ഇങ്ങനെ 112 പേർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ ഡ്രസ്സ് മാറുന്നതിന് നാല് ബസുകളിൽ പ്രത്യേക കാബിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാർ സബ് ഡിപ്പോയിൽ മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കി. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേകം ക്യാബിനുണ്ട്. കുടുംബമായിട്ട് വരുന്നവരെ ഒരേ ബസുകളിലാണ് പാ‌ർപ്പിക്കുക. യാത്രികരുടെ പൂർണ സുരക്ഷ ഉറപ്പുവരുത്താനും എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് കാഴ്ച കാണൽ. എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസിൽത്തന്നെ കൊണ്ടുപോവും. വൈകിട്ട് ഏഴിന് മടക്കയാത്ര. പുലർച്ചയോടെ മലപ്പുറം ഡിപ്പോയിലെത്തും.

ആശയം വന്ന വഴി

മഞ്ചേരി സ്വദേശിയും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ റഷീദാണ് മൂന്നാർ പാക്കേജെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. യാത്രികർ ഏറെയുള്ള നാടാണ് മലപ്പുറം. കുറഞ്ഞ ചെലവിൽ എത്തിപ്പെടാൻ കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ മലപ്പുറത്തോ സമീപ ജില്ലകളിലോ ഇല്ല. കുടുംബവുമായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണിത്. മനസിലെ ആശയം സന്ദേശമായി റഷീദ് മലപ്പുറം ഡി.ടി.ഒയെ അറിയിച്ചു. ആശയത്തിന്റെ പ്രാധാന്യം മനസിലാക്കിയ ഡി.ടി.ഒ പാക്കേജ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യാത്ര ആരംഭിച്ചത് മുതൽ ബുക്കിംഗിനായി നിരവധി പേരാണ് ദിനംപ്രതി വിളിച്ചു കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ചേർന്നുള്ള യാത്രകൾക്കായി ഒരുബസ് തന്നെ ബുക്ക് ചെയ്യുന്നവരുമുണ്ട്.

വരും ഹൈടെക്ക് ബസുകൾ

മൂന്നാർ യാത്ര വൻഹിറ്റായതോടെ കൂടുതൽ സൗകര്യങ്ങളുള്ള ഹൈടെക്ക് ബസുകൾ എത്തിക്കാനുള്ള പദ്ധതിയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ശനിയാഴ്ചകളിൽ മാത്രമായി തുടങ്ങിയ ടൂർ പാക്കേജിലേക്കുള്ള ബുക്കിംഗ് കുത്തനെ ഉയർന്നതോടെ സർവീസ് ദിനംപ്രതിയാക്കി . ശക്തമായ മഴ മുന്നറിയിപ്പുണ്ടായിരുന്ന ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തി. മിക്ക ദിവസങ്ങളിലും രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. ഒക്ടോബ‌ർ 17ന് ആരംഭിച്ച ടൂർ പാക്കേജിൽ ഇതുവരെ ആയിരത്തോളം പേർ മൂന്നാറിലെത്തി. ശനിയാഴ്ചകളിലെ പാക്കേജിനാണ് കൂടുതൽ ആവശ്യക്കാരുള്ളത്. എ.സി ലോ ഫ്‌ളോർ, സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് സ‌ർവീസിനു ഉപയോഗിക്കുന്നത്. കൂടുതൽ സൗകര്യങ്ങളുള്ള ഗരുഡ,​ ലക്ഷ്വറി ഹൈടെക്ക് ബസുകൾ മലപ്പുറം ഡിപ്പോയിൽ എത്തിക്കാനുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞു. ടൂർ പാക്കേജ് പ്രതീക്ഷിച്ചതിനപ്പുറം ഹിറ്റായിട്ടുണ്ട്. 100 രൂപയ്ക്ക് താമസിക്കാമെന്നതാണ് കൂടുതൽപേരെയും ആകർഷിക്കുന്നത്. സ്കൂളുകൾ തുറക്കാൻ പോവുന്നതും ഊട്ടി അടഞ്ഞു കിടക്കുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും ജില്ലാ ട്രാൻസ്പോ‌ർട്ട് ഓഫീസർ ജോഷി ജോൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.