SignIn
Kerala Kaumudi Online
Friday, 27 May 2022 12.04 PM IST

ശിശുദിനം മാത്രമല്ല നെഹ്‌റു ജയന്തി

nehru

നവംബർ 14 ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം. രാഷ്ട്രശില്പിയെന്ന് നിസംശയം വിളിക്കാവുന്ന ഒരാളുണ്ടെങ്കിൽ അതു നെഹ്റുവായിരിക്കും. സ്വതന്ത്ര ഇന്ത്യക്ക് സുശക്തമായ അടിത്തറയും ബലിഷ്ഠമായ അസ്ഥിവാരവും പണിത മഹാപുരുഷൻ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സർദാർ പട്ടേലായിരുന്നുവെങ്കിൽ, അതല്ല രാജേന്ദ്രപ്രസാദോ രാജഗോപാലാചാരിയോ മറ്റാരെങ്കിലുമോ ആയിരുന്നെങ്കിൽ നമ്മൾ ഇന്നു കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. 1946 മേയിൽ മൗലാനാ ആസാദ് സ്ഥാനമൊഴിയുമ്പോൾ അടുത്ത കോൺഗ്രസ് പ്രസിഡന്റായി വരുന്നയാൾ അചിരേണ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന കാര്യം ഉറപ്പായിരുന്നു. സർദാർ പട്ടേലിനായിരുന്നു എ.ഐ.സി.സിയിലും പി.സി.സി പ്രസിഡന്റുമാർക്കിടയിലും വ്യക്തമായ മുൻതൂക്കം. എന്നാൽ മഹാത്മാഗാന്ധി നെഹ്റുവിനെ പിന്തുണച്ചു. അങ്ങനെ ജവഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുമായി. വ്യക്തിപരമായും ആശയപരമായും ഗാന്ധിയോട് കൂടുതൽ അടുപ്പം സർദാർ പട്ടേലിനായിരുന്നു. പിന്നെ എന്തുകൊണ്ട് നെഹ്റുവിനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മഹാത്മജി നൽകിയ ഉത്തരം പാശ്ചാത്യ വിദ്യാഭ്യാസം നേടിയയാളും പരിഷ്കൃത ആശയനുമാണ് നെഹ്റുവെന്നും പുതിയകാലം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്നുമായിരുന്നു.

നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയുടെ വിലയിരുത്തലും പ്രവചനവും നൂറുശതമാനം ശരിയായിരുന്നു. അലഹബാദിലെ അതിസമ്പന്ന കുടുംബത്തിലാണ് ജവഹർലാൽ ജനിച്ചത്. ഫെർഡിനന്റ് ബ്രൂക്ക്സ് എന്ന ഇംഗ്ളീഷുകാരനാണ് അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നൽകിയത്. തുടർന്ന് ഹാരോ പബ്ളിക് സ്കൂളിലും കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിലും പഠിച്ചു. ഇന്നർ ടെമ്പിളിൽ നിന്ന് നിയമബിരുദം നേടി. ജന്മം കൊണ്ട് ഭാരതീയനെങ്കിലും രാഷ്ട്രീയ ആദർശങ്ങളിൽ തികച്ചും പാശ്ചാത്യനായിരുന്നു നെഹ്റു. ബ്രിട്ടീഷ് ലിബറലിസത്തിന്റെ മൂല്യങ്ങളെയും നന്മകളെയും സ്വാംശീകരിച്ചു. അതോടൊപ്പം ഫാസിസത്തിന്റെ കരാളതയെ കഠിനമായി വെറുക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് ആശയങ്ങളോടു പ്രതിപത്തി പുലർത്തുമ്പോഴും സോവിയറ്റ് മാതൃകയിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അന്തർലീനമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. നെഹ്റു സമഗ്രാധിപത്യത്തിന്റെ എല്ലാ മാതൃകകളെയും തിരസ്കരിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും മാത്രം വിശ്വസിച്ചു. നെഹ്റുവിന്റെ രാഷ്ട്രീയ ദർശനമാണ് ഇന്ത്യൻ ഭരണഘടനയുടെ ആധാരശില. ഭരണഘടനയ്ക്ക് ലിഖിതരൂപം നൽകിയത് ഡോ. അംബേദ്കറും മറ്റുമാണെങ്കിലും അതിൽ തുടിക്കുന്നത് ജവഹർലാലിന്റെ ഹൃദയമാണ്. വിഭജനത്തെത്തുടർന്ന് വലിയ അരക്ഷിതത്വ ബോധം അനുഭവിച്ചിരുന്ന ന്യൂനപക്ഷങ്ങളെ ദേശീയ മുഖ്യധാരയിൽ ചേർത്തു പിടിച്ചത് നെഹ്റുവായിരുന്നു. അദ്ദേഹത്തോളം മതേതരനായ മറ്റൊരു നേതാവും ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേകം വകുപ്പുകൾ തന്നെ ഭരണഘടനയിൽ എഴുതിച്ചേർത്തു. സമ്പൂർണ മനസാക്ഷി സ്വാതന്ത്ര്യം ഉറപ്പു നൽകി. ഏതു മതത്തിലും വിശ്വസിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും മാത്രമല്ല മതപ്രചരണത്തിനുള്ള സ്വാതന്ത്ര്യം വരെ നൽകി. ജമ്മു കാശ്മീരിനെ ഇന്ത്യയിൽ ഉറപ്പിച്ചു നിറുത്തണമെന്ന് നെഹ്റു ആഗ്രഹിച്ചതുപോലും തന്റെ പൂർവികരുടെ ജന്മദേശം എന്നതിലുപരി സ്വതന്ത്ര ഇന്ത്യയിൽ മുസ്ളിം ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനമെങ്കിലും ഉണ്ടാകണമെന്ന നിർബന്ധ ബുദ്ധികൊണ്ടായിരുന്നു. ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും ഇതേ നിഷ്‌കർഷ തന്നെ നെഹ്റു പുലർത്തി. ജാതിയുടെയോ മതത്തിന്റെയോ വർണത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിൽ രാജ്യത്ത് യാതൊരു വിവേചനവും ഉണ്ടാകാൻ പാടില്ല ; സമത്വത്തിലും സമഭാവനയിലും അധിഷ്ഠിതമായിരിക്കണം ആധുനിക ഇന്ത്യയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

1951 അവസാനവും 1952 ആദ്യവുമായി പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നു. പാശ്ചാത്യ നിരീക്ഷകരും പത്രങ്ങളും നെഹ്റുവിന് ഭ്രാന്താണെന്ന് സംശയിച്ചു. കാരണം ഇന്ത്യപോലെ വലിപ്പവും നിരവധി വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമുള്ള ഒരു രാജ്യത്ത് നിരക്ഷരരായ ജനങ്ങൾ സമ്മതിദാനാവകാശം എങ്ങനെ വിനിയോഗിക്കുമെന്ന കാര്യത്തിൽ അവർക്ക് വലിയ സംശയമുണ്ടായിരുന്നു. ഇവിടെ ഒരു കാരണവശാലും ജനാധിപത്യം വേരു പിടിക്കുകയില്ലെന്ന് അവർ വിധിയെഴുതി. എന്നാൽ എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ട് ഇന്ത്യയിൽ ജനാധിപത്യ ഭരണക്രമം ഇപ്പോഴും നിലനിൽക്കുന്നു. ഇന്ത്യയ്ക്കൊപ്പവും പിന്നീടും സ്വതന്ത്രമായ പല ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും പട്ടാള ഭരണത്തിലേക്കും വഴി തെറ്റിയപ്പോഴും ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥിതിയും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു. സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ സമരത്തിന്റെ പ്രതീകവും ദേശീയ ഐക്യത്തിന്റെ പ്രതിരൂപവുമായിരുന്നു നെഹ്റു. അദ്ദേഹത്തിന്റെ സൗമ്യ സാന്നിദ്ധ്യമായിരുന്നു ജനാധിപത്യത്തിന്റെ ആധാരശില.

ഇന്ത്യാ വിഭജനവും വൻതോതിലുള്ള അഭയാർത്ഥി പ്രവാഹവും മൂലം തികച്ചും അരാജകത്വം നടമാടുന്ന ഘട്ടത്തിലാണ് നെഹ്റു രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്. കാശ്മീരിനെ ചൊല്ലി പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ വലിയ സാമ്പത്തിക സന്നാഹം ആവശ്യമായിരുന്നു. എന്നാൽ വിഭവ സമാഹരണത്തിനുള്ള സാഹചര്യങ്ങൾ പരിമിതവുമായിരുന്നു. പഞ്ചവത്സരപദ്ധതികളിലൂടെ രാജ്യത്തിന്റെ വ്യവസായവത്കരണവും കാർഷിക അഭിവൃദ്ധിയും ഉറപ്പു വരുത്താൻ നെഹ്റു യത്നിച്ചു. സോഷ്യലിസ്റ്റ് ആദർശങ്ങളോടു പ്രതിപത്തി പുലർത്തുമ്പോഴും സ്വകാര്യ മൂലധനത്തെ തള്ളിപ്പറഞ്ഞില്ല. ഭക്രാനംഗൽ മുതൽ മലമ്പുഴ വരെ നിരവധി അണക്കെട്ടുകൾ പണിതുയർത്തി ജലസേചനത്തിനും വൈദ്യുതി ഉല്പാദനത്തിനുമുള്ള സാദ്ധ്യതകൾ വർദ്ധിപ്പിച്ചു. രാജ്യത്തുടനീളം നിരവധി പാഠശാലകൾ, കലാലയങ്ങൾ, കാർഷിക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതുയർത്തി. കാർഷിക, മെഡിക്കൽ, എൻജിനീയറിംഗ് കോളേജുകളും, ഖരഗ്പൂർ ഐ.ഐ.ടി മുതലായവയും ആ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. കൃഷിയുടെ ആധുനികവത്കരണവും അതുവഴി ഭക്ഷോല്പാദനത്തിലെ വർദ്ധനവും ഉറപ്പു വരുത്താൻ നെഹ്റു പ്രത്യേകം ശ്രദ്ധിച്ചു. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ആരംഭിച്ചു.

ഭാരതീയൻ എന്ന പോലെ വിശ്വപൗരനുമായിരുന്നു ജവഹർലാൽ നെഹ്റു. സമകാലിക - സാർവലൗകിക വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തോളം അവഗാഹം നേടിയ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. കൊളോണിയലിസത്തിൽ നിന്ന് മോചിതമാകുന്ന ആഫ്രോ ഏഷ്യൻ രാജ്യങ്ങളുടെ ഒരു ഐക്യമുന്നണി അദ്ദേഹം വിഭാവനം ചെയ്തു. 1947 ൽ ഡെൽഹിയിൽ നടന്ന ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയും 1955 ലെ ബന്ദൂങ് ഉച്ചകോടിയും ആ ദിശയിലുള്ള കാൽവയ്പുകളായിരുന്നു. യുഗോസ്ളോവ്യയിലെ മാർഷൽ ടിറ്റോയും ഇൗജിപ്തിലെ കേണൽ നാസറുമൊത്ത് അദ്ദേഹം ചേരിചേരാ രാഷ്ട്ര സംഘടനയ്ക്ക് വിത്തുപാകി. അമേരിക്കയോടും സോവിയറ്റ് യൂണിയനോടും സമദൂരം പുലർത്തി. വിദേശ രാജ്യങ്ങളിൽ നിന്ന് ചരടുകളില്ലാതെ മാത്രം സാമ്പത്തിക സഹായം സ്വീകരിച്ചു. വിദേശനയത്തിലുണ്ടായ ഗുരുതരമായ ഒരു പാളിച്ച നെഹ്റുവിന്റെ പതനത്തിനും അകാലചരമത്തിനു പോലും ഇടവരുത്തി എന്നതു വിരോധാഭാസമാണ്. ജനകീയ ചൈനയുമായി കൂടുതൽ അടുക്കുന്നത് അപകടമാണെന്ന് നെഹ്റുവിന്റെ വിമർശകരും സുഹൃത്തുക്കളും ആരാധകരും ഒരുപോലെ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അദ്ദേഹം അവയൊക്കെ അവഗണിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ സുശക്തമായ സൗഹൃദം അദ്ദേഹം കാംക്ഷിച്ചു. അതിനുവേണ്ടി ടിബറ്റിനു മേൽ ഇന്ത്യയ്ക്കുണ്ടായിരുന്ന എല്ലാ അവകാശങ്ങളും അടിയറ വച്ചു. പഞ്ചശീല തത്ത്വങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഹിന്ദി - ചീനി ഭായി ഭായി എന്ന മുദ്രാവാക്യം മുഴക്കി. എന്നാൽ അതിനു തൊട്ടുപിന്നാലെ ചൈന തനിനിറം കാട്ടി. ഭൂപടം മാറ്റി വരച്ചു. ഇന്ത്യയുടെ അധീനതയിലും കൈവശത്തിലുമിരുന്ന വലിയൊരു ഭൂപ്രദേശത്തിനു മേൽ അവകാശവാദം ഉന്നയിച്ചു. ലഡാക്കിലും നേഫയിലും വലിയതോതിൽ നുഴഞ്ഞുകയറ്റം നടത്തി. ചൈനയുടെ ഇൗ കൊടും വഞ്ചന നെഹ്റുവിനെ തളർത്തി. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചു. 1960 ആകുമ്പോഴേക്കും അദ്ദേഹം ഒരു തകർന്ന മനുഷ്യനായി മാറി. 1962 ലെ യുദ്ധം നെഹ്റുവിനെ തീർത്തും പരിക്ഷീണിതനാക്കി. അതിന്റെ ആഘാതത്തിൽ നിന്ന് അദ്ദേഹം ഒരിക്കലും കരകയറിയില്ല. 1964 ആദ്യം അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി. ആ വർഷം മേയ് 27 ന് ജവഹർലാൽ നെഹ്റു കഥാവശേഷനായി. മരണപത്രത്തിൽ നിർദ്ദേശിച്ച പ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മത്തിൽ ഒരു ഭാഗം ഗംഗയിൽ നിമഞ്ജനം ചെയ്തു. ബാക്കി രാജ്യത്തെ വയലേലകളിൽ വിതറി.

ഹിന്ദു പുനരുദ്ധാന വാദത്തോടു കടുത്ത വിയോജിപ്പ് വച്ചു പുലർത്തിയ ആളായിരുന്നു നെഹ്റു. ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ തീവ്രദേശീയത ഫാസിസത്തിന് വഴിമാറുമെന്നും അതു രാജ്യതാല്പര്യത്തിനു വിഘാതമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി. അതുകൊണ്ടു തന്നെ ആർ.എസ്.എസ് മുൻകൈയിൽ ഭാരതീയ ജനസംഘം രൂപീകൃതമായ കാലം മുതൽ അതിനെ അതിനിശിതമായി വിമർശിച്ചു. നെഹ്റുവിന്റെ വിമർശനം മൂലമാണ് പാർട്ടിയെപ്പറ്റി കൂടുതൽ ആളുകൾ അറിഞ്ഞതെന്നും അദ്ദേഹം ജനസംഘത്തിന്റെ ഒാണററി പബ്ളിസിറ്റി ഏജന്റാണെന്നും ഡോ. ശ്യാമപ്രസാദ് മുഖർജി ഫലിതം പറഞ്ഞു. പക്ഷേ നെഹ്റു നൽകിയ മുന്നറിയിപ്പ് സമകാലികരായ മറ്റു നേതാക്കളിൽ പലർക്കും മനസിലായില്ല. അതിന്റെ ദുരന്തഫലമാണ് ഇപ്പോൾ കോൺഗ്രസും രാജ്യവും അനുഭവിക്കുന്നത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ നെഹ്റുവിയൻ മൂല്യങ്ങൾ മുറുകെപ്പിടിച്ചും സ്വയം നവീകരിച്ചും മാത്രമേ കോൺഗ്രസ് പാർട്ടിക്ക് ഇനി ഇൗ രാജ്യത്തു നിലനിൽക്കാൻ കഴിയുകയുള്ളൂ. സ്വതന്ത്ര ഇന്ത്യക്ക് ദിശാബോധം നൽകിയ മഹാനായ ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു. കേവലം ശിശുദിനമായി ആചരിക്കപ്പെടേണ്ട ഒന്നല്ല നെഹ്റു ജയന്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.