SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ: പമ്പാസ്‌നാനത്തിന് അനുമതിയില്ല ,​ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Increase Font Size Decrease Font Size Print Page
heavy-rain-

തിരുവനന്തപുരം: കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിളിച്ചുചേർത്ത ജില്ലാ കളക്ടർമാർ അടക്കമുള്ളവരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ശബരിമല നട തുറക്കുമ്പോൾ കൂടുതൽ തീർത്ഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാൽ നദിയിൽ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിൻ്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയിൽ കുറവു വരും. അതിനാൽ അടുത്ത മൂന്നു നാല് ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണം. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കി.ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.പത്താം തീയതിക്ക് ശേഷം ഏഴ് മണ്ണിടിച്ചിലുകളാണുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കണം. ക്യാമ്പുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണം. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരും ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസ്, ഫയർഫോഴ്സ് മേധാവികളും, വിവിധ സേനകളുടെ പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു.

TAGS: HEAVY RAIN, SABARIMALA, HEAVY RAIN ALERT, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY