ബീജിംഗ്: ചൈനയിൽ ഡെൽറ്റ അനിയന്ത്രിതമായി പടരുന്നതിനാൽ രാജ്യത്തിന്റെ പലഭാഗത്തും നിയന്ത്രണം ഏർപ്പെടുത്തി. വടക്കുകിഴക്കൻ നഗരമായ ദാലിയാൻ പൂർണമായും അടച്ചിട്ടു. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ വ്യാപനത്തിന് വേഗം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ നാലിനാണ് ഇവിടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സിന്റെ കണക്കു പ്രകാരം നഗരത്തിൽ ഒരു ദിവസം ശരാശരി 24 പുതിയ കേസുകൾ കണ്ടെത്തുന്നുണ്ട്.ദലിയാനിന് സമീപമുള്ള ദൻഡോംഗ്, അൻഷൻ, ഷെനിയാംഗ് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി. ഇത് കൂടാതെ, വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
ചൈനയുടെ വടക്കുകിഴക്കൻ പ്രദേശത്താണ് ഡെൽറ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബർ 17നും നവംബർ 14 നും ഇടയിൽ 1,300 ലേറെ പേർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം നേരത്തേ 1,280 ഡെൽറ്റ കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെൽറ്റ ഭീഷണിയിലാണ്.
മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ചൈനയിൽ ഡെൽറ്റ വ്യാപനം കുറവാണെങ്കിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടക്കത്തിൽ തന്നെ വ്യാപനം തടയാനാണ് അധികൃതരുടെ തീരുമാനം.
രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ആളുകളിൽ വ്യാപകമായി കൊവിഡ് പരിശോധനയും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |