SignIn
Kerala Kaumudi Online
Friday, 27 May 2022 6.48 PM IST

ഗുരുകൃപയുടെ രജതശോഭയിൽ

വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റിട്ട് ഇന്ന് 25 വർഷം.

vellappally-

1996 നവംബർ 17. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്റെ സ്ഥാനാരോഹണം. കല്ലും മുള്ളും നിറഞ്ഞ പാത. ലക്ഷ്യത്തിലേക്ക് ഒറ്റയാൾ പോരാളിയായി കുതിച്ച അദ്ദേഹം നേട്ടങ്ങളുടെ കൊടുമുടികൾ സമുദായത്തിന് സമ്മാനിച്ച് 25 സുവർണ വർഷങ്ങൾ പിന്നിടുന്നു. ആ സ്ഥാനലബ്ധിക്ക് ഇന്ന് 25 വയസ്. ആ കർമ്മപഥം ശോഭനമായ ഭാവിയിലേക്ക് ദൃഢമായി നീളുകയാണ്.

ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾക്കായി പോരാട്ടത്തിന്റെ പുതിയ അദ്ധ്യായം തുറക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ നേതൃത്വങ്ങളോട് ഇണങ്ങിയും പിണങ്ങിയും സമുദായത്തിന്റെ താത്പര്യങ്ങൾ മാത്രം മുറുകെപ്പിടിച്ച് സാമൂഹ്യ നീതിക്കായി ശബ്ദമുയർത്തി. ആരുടെയും അവകാശങ്ങൾ പിടിച്ചുപറിക്കാനായിരുന്നില്ല പോരാട്ടങ്ങൾ. അർഹതപ്പെട്ടത് നേടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. ആർ.ശങ്കറിനു ശേഷം യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃസ്ഥാനം ഒരേസമയം അലങ്കരിക്കാനുള്ള ഭാഗ്യവും ഗുരുകൃപയാൽ അദ്ദേഹത്തിന് ലഭിച്ചു. സംഘടനകൊണ്ട് ശക്തരാകുക എന്ന ഗുരുവചനത്തിന്റെ ആഴവും കരുത്തും മുഴുവനായും ഉൾക്കാെണ്ടാണ് മുന്നോട്ടുള്ള പ്രയാണം. 1996 ൽ എറണാകുളത്ത് നടന്ന യോഗം വാർഷികത്തിലാണ് വെള്ളാപ്പള്ളി നടേശൻ നയിച്ച പാനൽ വൻഭൂരിപക്ഷം നേടിയത്. പത്രിക മുറിക്കൽ, ജയന്തിആഘോഷം, സമാധി ദിനാചരണം എന്നിവയിൽ ഒതുങ്ങി നിന്നിരുന്ന സംഘടനാ പ്രവർത്തനം സാമൂഹ്യ മുന്നേറ്റമായി മാറിയത് പിന്നീടുള്ള ചരിത്രം. യോഗം ജനറൽസെക്രട്ടറിയായി 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ 'കേരളകൗമുദി'ക്ക് നൽകിയ പ്രത്യേക അഭിമുഖം

റെക്കാഡോടെ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറിയായി 25 വർഷങ്ങൾ. എന്തു തോന്നുന്നു?

ഒരുപാട് സന്തോഷമുണ്ട്. ചില ദുഃഖങ്ങളും. എസ്.എൻ.ഡി.പി യോഗത്തിന്റെയോ എസ്.എൻ.ട്രസ്റ്റിന്റെയോ നേതൃനിരയിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ കേരളകൗമുദിയും സ്വാമി ശാശ്വതികാനന്ദയും ചേർന്നാണ് എസ്.എൻ.ഡി.പി യോഗത്തിലേക്ക് കൊണ്ടുവന്നത്. ശിവഗിരിയിലെ ആത്മീയതയെ തല്ലിത്തകർത്തത് ഒന്നു ചോദ്യം ചെയ്യാൻ പോലും യോഗം നേതാക്കൾക്ക് കഴിയാത്ത കാലമായിരുന്നു അത്. വികാരപരമായിരുന്നു കേരളകൗമുദിയുടെ നിലപാട്. നേതാവില്ലാത്ത സമുദായമെന്ന് പലരും പുച്ഛിക്കുന്ന കാലമായിരുന്നു അത്. എന്റെ ഗുണം കൊണ്ടല്ല, എതിരാളികളുടെ പ്രവർത്തനമോശം കൊണ്ടാണ് ഞാൻ ജയിച്ചത്. നേതാവ് വേണമെന്ന വികാരവും വിചാരവും സമുദായത്തിലുണ്ടായി. കഴിഞ്ഞ 25 വർഷങ്ങൾ ഭ‌രണവും പ്രതിരോധവും ഒരേപോലെ കൊണ്ടുപോകേണ്ടി വന്നു. സംഘടനാ പ്രവർത്തനം സുതാര്യമായും ഭംഗിയായും നടത്തിയപ്പോൾ ചിലർ കുതികാൽ വെട്ടുകാരായി. ജനഹൃദയങ്ങളിൽ സ്ഥാനമുള്ളവരായിരുന്നില്ല അവർ. കേസുകൊടുത്തും വാർത്തകൾ ചമച്ചും എന്റെ പ്രയാണത്തെ തടയാൻ ശ്രമിച്ചു. അതിൽ പ്രയാസമുണ്ട്. അതിനാൽ വേണ്ടത്ര മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. പ്രവർത്തനത്തിനുള്ള സമയം പ്രതിരോധത്തിനു കൂടി മാറ്റിവയ്‌ക്കേണ്ടി വന്നു. വേഗതയിലുള്ള സംഘടനാ പ്രവർത്തനം സാധിച്ചില്ലെന്നത് സത്യമാണ്.

സംഘടനാ രംഗത്ത് കാതലായ മാറ്റവും ഉൗർജ്ജവും പകർന്നു നൽകാനായോ?

യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ 58 യൂണിയനുകളും 3882 ശാഖകളുമാണുണ്ടായിരുന്നത്. ഇന്നത് 138 യൂണിയനുകളും 6456 ശാഖകളുമായി. യോഗത്തിലെ അംഗങ്ങൾ 11 ലക്ഷത്തിൽ നിന്ന് 31ലക്ഷത്തിലേക്ക് ഉയർന്നു. യൂണിയനുകൾക്കും ശാഖകൾക്കും ആസ്ഥാനമന്ദിരങ്ങൾ ഉയർന്നു. യോഗത്തിന്റെ ജീവനാഡിയായ കുടുംബയൂണിറ്റുകൾ ഒന്നു പോലും ജനറൽസെക്രട്ടറിയായപ്പോൾ ഇല്ലായിരുന്നു. ഇന്ന് 32,000ത്തിൽപ്പരം കുടുംബ യൂണിറ്റുകളുണ്ട്. പേരിനു മാത്രമുണ്ടായിരുന്ന പോഷകസംഘടനകളായ എസ്.എൻ.ഡി.പി. യൂത്ത് മൂവ്‌മെന്റും വനിതാസംഘവും രൂപവും ഭാവവും മാറി പ്രവർത്തനോന്മുഖമായി. ബാലജനയോഗം, കുമാരിസംഘം, കുമാരസംഘം, ശ്രീനാരായണ എംപ്ലോയീസ്‌ഫോറം, ശ്രീനാരായണ വൈദികയോഗം, ശ്രീനാരായണ പെൻഷനേഴ്‌സ്‌ കൗൺസിൽ, സൈബർസേന എന്നീ പോഷക സംഘടനകൾ നിലവിൽവന്നു. കുടുംബജീവിതത്തിലേക്ക് കടക്കുന്ന യുവതി യുവാക്കൾക്ക് അറിവും തിരിച്ചറിവും പകരാൻ യൂണിയനുകളിൽ വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ ഏർപ്പെടുത്തി.

സമുദായത്തിനായി എന്തെല്ലാം ചെയ്‌തു?

ആകാവുന്നതിന് അപ്പുറം ചെയ്‌തു. ഇൗഴവനെന്ന് നട്ടെല്ല് വളയ്‌ക്കാതെ പറയാൻ സമുദായ അംഗങ്ങളെ പ്രാപ്‌തരാക്കി. സമുദായ ബോധമുണ്ടാക്കി. വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്‌ട്രീയ നീതിക്കായി പോരാടി. അക്കാര്യത്തിൽ ഒരു പരിധി വരെ മുന്നേറാൻ കഴിഞ്ഞു.

ഈഴവ സമുദായത്തിന്റെ ഉയർച്ചയാണ് പരമമായ ലക്ഷ്യം. അസാദ്ധ്യമെന്ന കാര്യം നിഘണ്ടുവിലില്ല. ശരിയെന്ന നിലപാടിൽ മാറാതെ നിൽക്കും. തെറ്റാണെന്ന് തോന്നിയാൽ തിരുത്തും. ഇരിക്കുന്ന കസേരയോട് നീതി പുലർത്തുകയെന്നത് കടമയാണ്. സമുദായത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ നീതിക്കായി പോരാടിയപ്പോൾ ചിലർ ജാതിവാദിയാക്കി. ഈഴവ മഹാസമ്മേളനം നടത്തി. സംഘടിച്ച് ശക്തരാകുക എന്നത് വർത്തമാനകാലത്ത് അനിവാര്യമാണെന്ന് സമുദായത്തെ ബോദ്ധ്യപ്പെടുത്തി. അവരെ മുത്തുമണി പോലെ കോർത്തിണക്കി.

പുതിയ പദവികൾ തേടിയെത്തിയപ്പോൾ ജീവിതത്തിലുണ്ടായ മാറ്റം ?

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് എത്തിയതോടെ സ്വകാര്യ ജീവിതത്തിൽ ശനിദശ തുടങ്ങി. അതിന് മുമ്പ് ശുക്രൻ വിളങ്ങി നിൽക്കുകയായിരുന്നു. അസാദ്ധ്യമായതൊന്നും എന്റെ മുന്നിലില്ല. ഏത് പണിയും ഏറ്റെടുത്ത് കൃത്യമായി ചെയ്യും.

പദവികൾ ഇട്ടെറിഞ്ഞു പോകാൻ എപ്പോഴെങ്കിലും തോന്നിയോ?

ഒരിക്കലുമില്ല. എതിർപ്പുകളെ ഇഷ്ടപ്പെടുന്നു. പ്രതിസന്ധികളെ ധീരമായ നേരിട്ട് വിജയം നേടുന്നത് ഒരു ലഹരിയാണ്. ഒഴുക്കിനൊപ്പം നീന്തുന്ന ശീലമില്ല.

ഒരുപാട് വിമർശനങ്ങൾ ഏല്ക്കേണ്ടി വന്നില്ലേ?

ക്രിയാത്മകമായ വിമർശനം ഇഷ്‌ടമാണ്. വെറുതെ വിമർശിക്കുന്നവരെ വകവയ്‌ക്കില്ല. ഒരു ചുക്കും ചെയ്യാൻ കഴിയാത്തവരാണ് അവർ. പത്തു പേരു പോലും കൂടെയില്ല. അവർക്ക് ഒരിക്കലും ആളുകളെ സംഘ‌ടിപ്പിച്ച് മുന്നേറാൻ കഴിയില്ല. അതിനെ ഒറ്റപ്പെട്ടയാളുകളുടെ ഒച്ചകൾ മാത്രമായാണ് കാണുന്നത്. അവർ പറയുന്നത് ഉൗതിവീർപ്പിച്ച് ചില മാദ്ധ്യമങ്ങൾ സംഘടനയെ തകർക്കാൻ ശ്രമിച്ചു.

നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യം സ്വപ്‌നമായി അവശേഷിച്ചോ?

എന്റെയൊരു സ്വപ്‌നമാണത്. ഇന്നല്ലെങ്കിൽ നാളെ പൂവണിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ആ കൂട്ടായ്മ ആരെയും ദ്രോഹിക്കാനല്ല. സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഒരുമിച്ചു ചേരലാണ്. ആദ്യം നായരും ഈഴവരും തമ്മിൽ ഐക്യപ്പെടാൻ ശ്രമിച്ചതാണ് പരാജയപ്പെടാൻ കാരണം. ആദ്യ ചർച്ചകളിൽ നായാടിയും പട്ടികജാതിക്കാരും ഇല്ലായിരുന്നു. തന്ത്രപരമായ ഒരു ചതിയിലും പെട്ടു. ഇപ്പോഴും ആ ഐക്യം അനിവാര്യമാണ്.

താന്ത്രികവിദ്യ പഠിച്ചവരെ എല്ലാ ക്ഷേത്രങ്ങളിലും പൂജാരിയാക്കാനുള്ള പോരാട്ടം വിജയിച്ചോ?

ഒരു പരിധി വരെ ലക്ഷ്യം കണ്ടു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയമനം നൽകിയെങ്കിലും അപ്രധാന ക്ഷേത്രങ്ങളിലാണ് നിയോഗിക്കപ്പെട്ടത്. ചിലരെ പൂജയിൽ നിന്നൊഴിവാക്കി തിടപ്പള്ളിയിൽ തളച്ചിട്ടു. ഇപ്പോഴും അയിത്തവും അവഗണനയും നിലനില്‌ക്കുന്നു. അവസാന ശ്വാസം വരെയും നീതിക്കായുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയായി ഉണ്ടാകും.

വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങളുണ്ടാക്കിയോ ?

എസ്.എൻ ട്രസ്‌റ്റിന് കീഴിൽ 33 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. എസ്.എൻ.ഡി.പി.യോഗത്തിന്റെ നിയന്ത്രണത്തിലുള്ളത് കൂടി കൂട്ടിയാൽ 127വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 1996 വരെയുള്ള എസ്.എൻ.ട്രസ്റ്റിന്റെ ചരിത്രത്തിൽ സ്ഥാപിക്കപ്പെട്ടത് 21 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ലാ കോളേജ്, പാരാമെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ് എന്നിവയ്‌ക്കും തുടക്കം കുറിച്ചു.

സിവിൽ സർവീസ് പരിശീലനത്തിന് എന്തുകൊണ്ട് മുന്നിട്ടിറങ്ങി ?

അധികാര കേന്ദ്രങ്ങളിൽ ഒപ്പിടാൻ പത്ത് ഈഴവനെങ്കിലുമുണ്ടാകണം. അതെന്റെ വലിയൊരു സ്വപ്‌നമാണ്. അതിനായി ഏതറ്റം വരെയും പോകും. ഭരണനിർവഹണ മേഖലയിൽ സമുദായത്തിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു. സമുദായത്തിലെ സാമ്പത്തിക ശേഷിയില്ലാത്ത സമർത്ഥരായ വിദ്യാർത്ഥികൾക്ക്‌ സൗജന്യമായി സിവിൽ സർവീസ് കോച്ചിംഗ് നൽകും. കഴിഞ്ഞവർഷം 20 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകി. ഇത്തവണ 84 കുട്ടികളെയാണ്‌ സിവിൽ സർവീസിനായി പരിശീലിപ്പിക്കുന്നത്.

സമുദായത്തിന് നേട്ടമായെങ്കിലും മൈക്രോ ഫിനാൻസ് പദ്ധതി പേരുദോഷം കേൾപ്പിച്ചില്ലേ?

അഞ്ചുപൈസ എടുത്തിട്ടില്ല. സമുദായ അംഗങ്ങളുടെ ക്ഷേമവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് നടപ്പാക്കി. പതിനായിരം കോടി രൂപയുടെ മൈക്രോഫിനാൻസ് വായ്പകളാണ് സാധാരണ ജനങ്ങളുടെ കൈകളിലെത്തിയത്. ഈ പദ്ധതിയുടെ വിതരണത്തിലും തിരിച്ചടവിലും ലോൺതുക പണമായി എസ്.എൻ.ഡി.പി. യോഗത്തിന്റെ കൈവശം എത്തുന്നില്ല. യൂണിയനുകൾ മുഖേന നടപ്പിലാക്കിയ പദ്ധതിയിൽ ചില യൂണിയൻ ഭാരവാഹികൾ കാട്ടിയ വീഴ്ചകൾ യോഗത്തെ അപകീർത്തിപ്പെടുത്താൻ സംഘടനാവിരുദ്ധ ശക്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും വിജയിച്ചില്ല. യോഗ നേതൃസ്ഥാനത്തേക്ക് എത്താൻ വി.എസ്. അച്യുതാനന്ദൻ ഒരുപാട് പിന്തുണ നൽകി. ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമായ വി.എസ്. ആരോ പറഞ്ഞ നുണകേട്ട് എനിക്കെതിരെ കേസ് നൽകി. ഓമനിച്ചു വളർത്തിയ കൈകൾ കൊണ്ട് ഉദകക്രിയയ്ക്ക് മുതിർന്നു എന്നല്ലാതെ എന്തു പറയാൻ.

ജനറൽസെക്രട്ടറിയായി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അടുത്ത ഘട്ടത്തെക്കുറിച്ച് എന്താണ് മനസിൽ?

സമുദായം ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നു. പാതയിലെ കല്ലും മുള്ളും നീക്കി ഇനിയും മുന്നോട്ടു പോകാനുണ്ട്. അയിത്തവും അവഗണനയും നിലനിൽക്കുന്നു. സാമുദായിക ശക്തി സമാഹരണത്തിൽ വളരെദൂരം മുന്നോട്ടു പോകണം. അതിന് ഒരു പടയാളിയായി ഇനിയും മുന്നിലുണ്ടാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VELLAPPALLY NATESAN, VELLAPPALLY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.