ചാലക്കുടി: ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദയ്ക്ക് ചാലക്കുടി ബ്രഹ്മശ്രീ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് സ്വാമി ഉദിത് ചൈതന്യ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യും.
ആഘോഷ കമ്മിറ്റി ചെയർമാൻ കെ.വി. ദിനേഷ് ബാബു അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എ, വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ശബരിമല മേൽശാന്തി ജയരാജ് പോറ്റി, ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭസ്വാമി, ഗുരുധർമ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് പി.എം. വേലായുധൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
ജനറൽ കൺവീനർ ടി.കെ. സന്തോഷ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ എം.കെ. സുനിൽ, ടി.ഡി. വേണു, കെ.ജി. രവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.