ഇസ്ലാമാബാദ് : മതസ്വാതന്ത്ര്യ നിഷേധം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയേയും പാകിസ്ഥാനേയും ഉൾപ്പെടുത്തി അമേരിക്ക. ഈ രാജ്യങ്ങളെ ഇറാൻ, ഉത്തര കൊറിയ, മ്യാൻമർ എന്നീ രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ ആശങ്കപ്പെടേണ്ട രാജ്യങ്ങളാണിതെല്ലാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. അൾജീരിയ, നിക്കാരഗ്വ, കൊമോർസ്, ക്യൂബ, എന്നീ രാജ്യങ്ങളെ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ കൊടിയ പീഡനങ്ങളാണ് നേരിടുന്നതെന്ന് ബ്ലിങ്കൺ കൂട്ടിച്ചേർത്തു. ഭീകര സംഘടനകളായ അൽ ഷബാബാ, ബൊക്കോ ഹറാം,ഇസ്ലാമിക് സ്‌റ്റേറ്റ്, ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രേറ്റർ സഹാറ, ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ഹൂതി, തുടങ്ങിയ സംഘടനകളെ പ്രത്യേകം കരുതൽ വേണ്ട സംഘടനകളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തി.
മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അതിനാൽ മത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള നിയമ നിർമ്മാണത്തിനായി എല്ലാ രാജ്യങ്ങളിലും അമേരിക്ക സമ്മർദ്ദം ചെലുത്തുമെന്നും ബ്ലിങ്കൺ പറഞ്ഞു.