കൊച്ചി: മരണവീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച് അവശനാക്കി വീട്ടുപടിക്കൽ തള്ളിയ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പൊലീസ്. അങ്കമാലി സ്വദേശി ഫൈസൽ (തമ്മനം ഫൈസൽ), ആലുവ സ്വദേശി സുബിരാജ്, ചളിക്കവട്ടം സ്വദേശികളായ സുന്ദരൻ, അനൂപ് എന്നിവരാണ് പ്രതികൾ. ഇവർക്കായി അങ്കമാലി, പാലാരിവട്ടം എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ടവർ ലോക്കേഷൻ ശേഖരിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂമെന്നും എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു.
എറണാകുളം തമ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര ഉമ്പേർനാട് വീട്ടിൽ ആന്റണി ജോണിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. രഹസ്യഭാഗങ്ങളിൽ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. രാത്രി ഒമ്പതരയ്ക്ക് ആരംഭിച്ച മർദ്ദനം പുലർച്ചെ രണ്ടര വരെ നീണ്ടെന്ന് ആന്റണി പൊലീസിനോട് പറഞ്ഞു. വാരിയെല്ല് ഒടിഞ്ഞ ആന്റണി വീട്ടിൽ വിശ്രമത്തിലാണ്.
ഇന്നലെ ഇയാൾചിലവന്നൂരിലും അങ്കമാലയിലും തെളിവെടുപ്പിന് എത്തിയിരുന്നു. ഈ മാസം 11ന് രാത്രിയായിരുന്നു സംഭവം. ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് വാക്പോരിനും മർദ്ദനത്തിനും ഇടയാക്കിയതെന്നാണ് പരാതി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് ഉറപ്പിച്ചാണ് അന്വേഷണം.
നിരവധി കേസുകളിൽ പ്രതിയായ ആന്റണിയും പലരേയും തട്ടിക്കൊണ്ടുപോയി സമാനമായി മർദ്ദിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, വീടിനു നേരെ ആക്രമണമുണ്ടായെന്ന് കേസിലെ ഒന്നാം പ്രതി ഫൈസൽ അങ്കമാലി പൊലീസിൽ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസിന് വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |