SignIn
Kerala Kaumudi Online
Friday, 18 September 2026 2.36 AM IST

പൊലീസ് മേധാവി അനിൽകാന്തിന്റെ കാലാവധി 2023 ജൂൺ 30 വരെ നീട്ടും

anilkanth

തിരുവനന്തപുരം: വരുന്ന ജനുവരി 31ന് സർവീസിൽ നിന്ന് വിരമിക്കേണ്ട സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് 2023 ജൂൺ 30 വരെ കാലാവധി നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിരമിച്ച ശേഷവും ഒന്നര വർഷം കൂടി അനിൽകാന്തിന് പൊലീസ് മേധാവിയായി തുടരാം. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിലാവും.

സംസ്ഥാന പൊലീസ് മേധാവിയായി ഒരാൾക്ക് രണ്ട് വർഷം വരെ പ്രവർത്തിക്കാമെന്ന 2018ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. ലോക്‌നാഥ് ബെഹ്റയുടെ പിൻഗാമിയായി കഴിഞ്ഞ ജൂൺ 30നാണ് അനിൽകാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റത്. ജനുവരിയിൽ ഏഴ് മാസമാകും. വിരമിച്ച ശേഷവും അനിൽകാന്തിന്റെ കാലാവധി നീട്ടുന്നതോടെ ,സംസ്ഥാന പൊലീസ് മേധാവി സ്ഥാനം പ്രതീക്ഷിച്ചിരുന്ന ഡി.ജി.പി പദവിയിലുള്ള സുധേഷ് കുമാർ, ടോമിൻ ജെ. തച്ചങ്കരി, ബി. സന്ധ്യ, എസ്. ആനന്ദകൃഷ്ണൻ എന്നിവർക്ക് സാദ്ധ്യതയില്ലാതായി.

കേരള കേഡറിൽ നിലവിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഇപ്പോഴത്തെ എസ്.പി.ജി മേധാവി അരുൺകുമാർ സിൻഹയായിരുന്നു ബെഹ്റയ്ക്ക് ശേഷം ഡി.ജി.പി സ്ഥാനത്തെത്തേണ്ടിയിരുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹം പ്രധാനമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാചുമതല വഹിച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം കേരളത്തിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്നറിയിച്ചതോടെയാണ് , മറ്റ് സീനിയർ ഉദ്യോഗസ്ഥരെ മറികടന്ന് എ.ഡി.ജി.പി റാങ്കിലായിരുന്ന അനിൽകാന്തിനെ പൊലീസ് മേധാവിയാക്കിയത്. പിന്നീട് ,

ശ്രീലേഖ വിരമിച്ച ഒഴിവിൽ അനിൽകാന്തിന് ഡി.ജി.പി റാങ്ക് നൽകി. വിവാദങ്ങളില്ലാതെ സർക്കാർ നയങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായയാണ് അനിൽകാന്തിന്. എന്നാൽ, പൊലീസിൽ തീരുമാനങ്ങളെടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനോടടുപ്പമുള്ള പൊലീസ് ആസ്ഥാനത്തെ ചില എ.ഡി.ജി.പിമാരാണെന്ന ആരോപണവുമുയർന്നു. ബെഹ്റയുടെ പിൻഗാമിയായി പൊലീസ് മേധാവി സ്ഥാനത്തെത്തുന്നതിന് ഡി.ജി.പിമാരായ സുധേഷ് കുമാറും ടോമിൻ തച്ചങ്കരിയും തമ്മിലുണ്ടായ തർക്കം വാർത്തയായിരുന്നു.

ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽകാന്ത്. 1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങി വിവിധ വിഭാഗങ്ങളുടെ ചുമതല വഹിച്ച ശേഷമാണ് പൊലീസ് മേധാവിയായത്.കല്പറ്റ എ.എസ്.പിയായാണ് തുടക്കം. തുടക്കത്തിൽ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഏറെനാൾ സസ്പെൻഷനിലായിരുന്നു. പിന്നീട് കുറ്റവിമുക്തനായി. വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ച അദ്ദേഹം, ഐ.ബിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL KANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA