SignIn
Kerala Kaumudi Online
Friday, 26 April 2024 7.36 PM IST

ഭാഷയും സിനിമയും

churuli

മനുഷ്യന് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് സംസാരിക്കാനുള്ള കഴിവ്. മറ്റ് ജീവജാലങ്ങൾക്കൊന്നും ആ ഭാഗ്യം ലഭിച്ചിട്ടില്ല. ആശയവിനിമയത്തിനുള്ള മാർഗമായ ഭാഷ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും വിഷമിപ്പിക്കാനും ഉപകരിക്കും. പൊതുമദ്ധ്യത്തിൽ എങ്ങനെ സംസാരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെങ്കിലും അതിരു കടന്നാൽ രൂക്ഷമായ പ്രതികരണം ഉറപ്പാണ്. സഭയറിഞ്ഞ് സംസാരിക്കണമെന്ന് തിരുവള്ളുവർ പറഞ്ഞിട്ടുള്ളത് ഭാഷയെ സംബന്ധിച്ച് അടിവരയിട്ട് മനസിലാക്കേണ്ട തത്വമാണ്. സ്‌ത്രീകളും കുട്ടികളും അടങ്ങിയ സദസിൽ സഭ്യമായി മാത്രമേ സംസാരിക്കാവൂ. വ്യക്തിസ്വാതന്ത്ര്യ‌ത്തിന്റെ പേരിൽ എന്തും വിളിച്ച് പറയാം എന്നൊരാൾ തീരുമാനിച്ചാൽ പൊതുമദ്ധ്യത്തിൽ അസഭ്യം പറഞ്ഞതിന് അയാൾക്കെതിരെ കേസെടുക്കാം. വസ്‌ത്രങ്ങൾ തടവറയാണെന്ന് പ്രഖ്യാപിച്ച് നഗ്‌നനായി നടക്കാൻ ഒരു പൗരനും ഭരണഘടന അനുവാദം നൽകിയിട്ടില്ല. ഏതു സമൂഹത്തിലാണോ നാം ജീവിക്കുന്നത് അതുമായി ബന്ധപ്പെട്ട സ്വയം നിയന്ത്രണം ഭാഷയുടെയും പെരുമാറ്റത്തിന്റെയും കാര്യത്തിൽ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ഒ.ടി.ടിയിൽ തമിഴിൽ അടുത്തിടെ ഇറങ്ങി ഏറെ പ്രശംസയും വിജയവും പിടിച്ചുപറ്റിയ സിനിമയാണ് ജയ് ഭീം. നൂറ്റാണ്ടുകളായി അവകാശങ്ങൾ ഹനിക്കപ്പെട്ട ഇരുള സമുദായത്തിൽപ്പെട്ട വനിതയുടെ നീതിക്കായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർത്ഥ ജീവിതത്തിൽ സഭ്യേതരമായ ചില വാക്കുകൾ ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഇവർ ഉപയോഗിക്കാറുള്ളതാണ്. യാഥാർത്ഥ്യം അതുപോലെ പ്രതിഫലിപ്പിക്കുന്നു എന്ന പേരിൽ ഒരൊറ്റ അസഭ്യവാക്കുപോലും ഈ സിനിമയിൽ പ്രയോഗിച്ചിട്ടില്ല. അതിന്റെ പേരിൽ സിനിമയുടെ കരുത്ത് ഒരംശവും ചോർന്നുപോയിട്ടുമില്ല. എന്തിന് വേണ്ടി ആ സിനിമ എടുത്തോ ആ ഉദ്ദേശ്യം ഏറെക്കുറെ സഫലമാക്കാനും സിനിമയ്ക്ക് കഴിഞ്ഞു. എന്നാൽ അസഭ്യം പറഞ്ഞാലേ സിനിമയ്ക്ക് കരുത്തും ശ്രദ്ധയും ലഭിക്കൂ എന്ന തെറ്റിദ്ധാരണ ആർക്കും വേണ്ട.

അടുത്ത സമയത്ത് കേരളത്തിൽ ഒ.ടി.ടിയിൽ വന്ന ഒരു സിനിമ അതിൽ ഉപയോഗിച്ചിരിക്കുന്ന അസഭ്യവാക്കുകളുടെ ധാരാളിത്തത്താൽ വിവാദമായിരിക്കുകയാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ പൊതുമദ്ധ്യത്തിലേക്ക് വരുന്ന ഒരു കലാരൂപത്തിൽ എന്തും കാണിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. വിറ്റുപോകാൻ വേണ്ടി കാണിക്കുന്ന തോന്ന്യാസങ്ങളെ മഹത്വവത്‌കരിക്കരുത്. അങ്ങനെ ചെയ്താൽ ഒ.ടി.ടിയിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം കൂടിയാവും ഇല്ലാതാവുക.

ആധുനിക സാഹിത്യത്തിന്റെ ആദ്യകാലത്ത് ഇതുപോലുള്ള സർക്കസുകൾ പലരും കാണിച്ചിട്ടുള്ളതാണ്. സമൂഹത്തെ ഞെട്ടിക്കുന്ന ചില വാക്കുകളോ വിവരണങ്ങളോ ഉപയോഗിച്ചതുകൊണ്ട് അതൊന്നും നല്ല സാഹിത്യമോ നല്ല സിനിമയോ ആകണമെന്നില്ല. കാലക്രമത്തിൽ അത്തരം വാക്കുകളും വിവരണങ്ങളും കാലത്തിന്റെ ചവറ്റുകുട്ടയിലായി. ഒ.ടി.ടിയിൽ തന്നെ മുൻപ് ഇറങ്ങിയ ചില സിനിമകളിൽ ഒഴിച്ചുകൂടാനാകാത്ത ചില സന്ദർഭങ്ങളിൽ ചില മോശം വാക്കുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിനെയൊന്നും ആരും വലുതായി എതിർത്തിട്ടില്ല. എന്നാൽ വിവാദമായ ഈ സിനിമയിൽ ആദിമദ്ധ്യാന്തം തെറിയഭിഷേകമാണ് നടക്കുന്നത്. ഇതൊരു വലിയ വിപ്ളവമാണെന്ന് പിന്നിൽ പ്രവർത്തിച്ചവർക്ക് തോന്നിയേക്കാം. സിനിമയിലൂടെ വിപ്ളവം വരുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നില്ല. അവനവന്റെ മാനസികമായ അടിച്ചമർത്തലുകൾ സമൂഹത്തിന്റെ മുന്നിൽ ഛർദ്ദിച്ച് വയ്ക്കാനുള്ളതല്ല. സിനിമ സഭ്യമായി അവതരിപ്പിക്കാനാണ് കൂടുതൽ കഴിവ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LANGUAGE OF MOVIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.