SignIn
Kerala Kaumudi Online
Sunday, 23 January 2022 11.09 PM IST

65000 കോടി മുടക്കി എല്ലാവരുടെയും വീട്ടിൽ സ്മാർട്ട് മീറ്റർ വയ‌്‌ക്കാൻ സർക്കാർ ഒരുങ്ങുന്നതിന്റെ കാരണം എന്തെന്ന് അറിയുമോ?

smart-meter

വൈദ്യുതി മേഖലയിൽ വിപ്ളവം കൊണ്ടുവരുന്നെന്ന മട്ടിൽ സ്മാർട്ട് മീറ്റർ നടപ്പാക്കുകയാണ്. നിലവിലെ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ കൊണ്ടുവന്ന് വീട്ടിൽവയ്ക്കും. ഒന്നിന് വില 900രൂപ. ഇത് സർക്കാർ കൊടുക്കുമോ, അതോ പാവം ജനം തന്നെ വഹിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. രണ്ടായാലും സ്മാർട്ട് മീറ്റർവയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമായെന്നാണ് അറിയുന്നത്. കേന്ദ്രസർക്കാർ ഉത്തരവിട്ടു. സംസ്ഥാനം അംഗീകരിച്ചു. സഹകരിക്കാത്ത സംസ്ഥാനങ്ങൾക്ക് മുന്നിൽ സംഗതി നടപ്പാക്കിയാൽ വായ്പാ പരിധി കൂട്ടുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്താകെ നടപ്പാക്കാൻ 65000കോടിയോളം രൂപ ചെലവ് വരുന്ന ഭീമൻ പദ്ധതിയാണിത്. ഇത്രയധികം പണം മുടക്കി കേന്ദ്രവും അതിന് വഴങ്ങി സംസ്ഥാനങ്ങളും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്റെ പിന്നിലുള്ള താത്‌പര്യമെന്താണ് ? ജനത്തെ സേവിക്കാനുള്ള വ്യഗ്രതയാണോ? കേന്ദ്രസർക്കാരിന്റെയും സംസ്ഥാനത്തിന്റെയും ഇതുവരെയുള്ള നടപടികൾ കണ്ടാൽ ആരും ഇങ്ങനെയൊക്കെ സംശയിച്ചുപോകും. അവർക്ക് നേട്ടമുണ്ടാകാത്ത ഒരുകാര്യത്തിനും ഇപ്പോൾ സർക്കാരുകൾ ഇറങ്ങിപ്പുറപ്പെടില്ല. ഒരു റോഡ് നിർമ്മിച്ചാൽ പോലും നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിക്കാൻ സ്വകാര്യകമ്പനികൾക്ക് കരാർ കൊടുക്കുന്ന ആളുകളാണ്.

കേരളത്തിലെ കാര്യമെടുക്കാം. ഒന്നേകാൽ കോടി ഉപഭോക്താക്കളുണ്ട്. ഇവരെല്ലാം സ്മാർട്ട് മീറ്റർ വാങ്ങിയാൽ 900 ഗുണം ഒന്നേകാൽ കോടി ! രാജ്യത്തെ കാര്യമെടുത്താലോ 42കോടി ഉപഭോക്താക്കൾ അത്രയും പേർ സ്മാർട്ട് മീറ്റർ വാങ്ങിയാലുള്ള ടേണോവർ എത്രയാണ്. പിന്നെ അതിന്റെ സർവീസ്,സാങ്കേതിക സഹായം, സോഫ്റ്റ് വെയർ വില്‌പന, കസ്റ്റമൈസേഷൻ തുടങ്ങി എന്തെല്ലാം പുതിയ സേവനങ്ങളാണ് തുടങ്ങുക. ഇതിന്റെയെല്ലാം നേട്ടം ആർക്കാണ് ലഭിക്കുക ? സ്മാർട്ട് മീറ്റർ നിർമ്മിക്കുന്ന ഒരു ഡസനിൽ താഴെ കമ്പനികളാണ് രാജ്യത്ത് ഉള്ളതെന്നോർക്കണം. നിലവിൽ വൈദ്യുതി മീറ്റർ നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതലും പൊതുമേഖലയിലാണ്. അവരുടെ പണിപോകും. മീറ്റർ റീഡർ തസ്തികയുണ്ട് എല്ലാസംസ്ഥാനത്തും. അവർക്കും പണിപോകും. കേരളത്തിലെ 33000 വൈദ്യുതി ജീവനക്കാരിൽ നല്ലൊരു വിഭാഗത്തെ ഇതിന്റെ പേരിൽ ഒഴിവാക്കാം. ജീവനക്കാരുടെ എണ്ണം മൂന്നിൽ രണ്ടാക്കി ചുരുക്കാം. കെ.എസ്.ഇ.ബി.യെ ലാഭത്തിലാക്കാം. ഇത് ഒരു നേട്ടം.

രണ്ടാമത്തേക്ക് മുൻ വരുമാനവും മുൻകൂറായി കിട്ടുമെന്നതാണ്. നിലവിൽ 12000കോടിയോളമാണ് സംസ്ഥാനത്തെ വൈദ്യുതി ചാർജ് വരുമാനം. മാസത്തെ കണക്കെടുത്താൽ ഏതാണ്ട് ആയിരം കോടിരൂപ. ഇത് എല്ലാ മാസവും മുൻകൂർ ലഭിക്കും. മീറ്റർ റീഡിംഗ് എടുക്കാൻ പോകേണ്ട, ബിൽ കളക്ട് ചെയ്യേണ്ട, പ്രിന്റെടുത്ത് അയയ്‌ക്കേണ്ട. എല്ലാവരും മൊബൈൽ ഫോണോ ഡി.ടി.എച്ചോ ചാർജ് ചെയ്യുന്നത് പോലെ മുൻകൂർ ചാർജ്ചെയ്തോളും. കിട്ടുന്ന പണത്തിന്റെ ഒരുമാസത്തെ പലിശ തന്നെ അധിക നേട്ടമാണ് കെ.എസ്.ഇ.ബി.ക്ക്. അതോടെ കെ.എസ്.ഇ.ബി.ക്ക് എല്ലായിടത്തും ബിൽ കളക്ഷൻ ഓഫീസുകൾ വേണ്ടെന്നു വെയ്ക്കാം. അതും നേട്ടം. ഇതിന് പുറമെ ബിൽ അടച്ചില്ലെങ്കിൽ കട്ട് ചെയ്യാനും ബിൽ അടച്ചുകഴിഞ്ഞാൽ റീകണക്‌ഷൻ കൊടുക്കാനും ആള് പോകേണ്ട. അതും നേട്ടം. ബിൽ കുടിശിക പിടിച്ചെടുക്കാൻ പെടാപ്പാടും വേണ്ട. ഇതിനെല്ലാം പുറമെ ബിൽകുടിശികയും ഉണ്ടാകില്ല. നിലവിൽ 3200 കോടിയാണ് കുടിശിക. മൊത്തത്തിൽ കെ.എസ്.ഇ.ബി.ക്ക് നല്ലകാലമാണ് വരിക.

സർക്കാരുകൾ ഉറച്ചുതന്നെ മുന്നോട്ട്

പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന പ്രീപെയ്ഡ് സ്മാർട് മീറ്റർ സംവിധാനമാണിത്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് നീക്കം. നിലവിലുള്ള മീറ്ററുകൾ മാറ്റി പ്രീപെയ്ഡ് മീറ്ററുകൾ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

വൈദ്യുതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച്, കമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകൾ ഉള്ള പ്രദേശങ്ങളിലെ എല്ലാ ഉപഭോക്താക്കൾക്കും (കാർഷിക ഉപഭോക്താക്കൾ ഒഴികെ) സ്മാർട് മീറ്ററുകൾ ഉപയോഗിച്ച് വൈദ്യുതി നൽകും. കൃഷി ഒഴികെയുള്ള എല്ലാ ഉപഭോക്താക്കൾക്കും, കമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകൾ ഉള്ള പ്രദേശങ്ങളിൽ ഇത് ബാധകമായിരിക്കും.

2023 ഡിസംബർ – 2025 മാർച്ച് കാലയളവിൽ മീറ്ററുകൾ മാറ്റി സ്ഥാപിക്കൽ ജോലികൾ പൂർത്തിയാകും. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കാനും മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രീ-പെയ്ഡ് മൊബൈൽ കണക്ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാം. നിലവിൽ ഇതിനുള്ള സാങ്കേതിക ശൃംഖലയില്ലാത്ത കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ പ്രീ - പെയ്ഡ് മീറ്റർ സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾ അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്.

നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകൾ കൊണ്ടുവരും. മൊബൈലുകളിൽ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാർജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് അറിയുന്നത്.

സ്മാർട്ട് മീറ്ററുകൾ ഇങ്ങനെ

ഡി.ടി.എച്ച്. സംവിധാനം പോലെ റീചാർജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാർജ് ചെയ്യാം. റീചാർജ് തുക കഴിഞ്ഞാൽ വൈദ്യുതിസേവനം നിലയ്ക്കും. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കിൽ ഉപഭോക്താവിന് നൽകുന്ന കാർഡ് റീചാർജ് ചെയ്യേണ്ടിവരും. മൊബൈൽ ഫോൺ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും.

ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇപ്പോൾ കേരളത്തിൽ രണ്ടു മാസത്തെ ബില്ലാണ് ഒന്നിച്ചു നൽകുന്നത്. ഇതിൽ രണ്ടു മാസത്തേക്ക് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക നൽകണം. എന്നാൽ പുതിയ മീറ്റർ വരുമ്പോൾ ഉപയോഗിച്ച മണിക്കൂറുകൾക്ക് മാത്രം പണം നൽകിയാൽ മതിയാകും.

ഉപയോക്താക്കൾക്ക് എന്താണ് നേട്ടം ?

ഉപയോക്താക്കൾക്ക് പുതിയ സംവിധാനത്തിൽ ഉപയോഗിക്കാത്ത വൈദ്യുതിക്ക് ചാർജ് നൽകേണ്ടതില്ലെന്നതാണ് പ്രധാന നേട്ടം. നിലവിൽ വീടുപൂട്ടിയിട്ട് മാസങ്ങളോളം പുറത്ത് പോയാലും മിനിമം ചാർജ് നൽകണം. അത് നൽകിയില്ലെങ്കിൽ കണക്ഷൻ കട്ടാക്കും. പിന്നെ റീകണക്ഷൻചാർജ്, സർവീസ് ചാർജ്ജ്, പിഴ, പലിശ തുടങ്ങി നല്ലൊരു തുക നല്‌കിവേണം കണക്ഷൻ വീണ്ടെടുക്കാൻ. സ്മാർട്ട് മീറ്ററിൽ അത് വേണ്ട. റീചാർജ് ചെയ്തില്ലെങ്കിൽ കറന്റ് പോകും. റീചാർജ് എപ്പോൾ ചെയ്താലും വീണ്ടും കറന്റ് വരും. പിന്നെ ഫിക്സഡ് ചാർജ് നൽകേണ്ടിവരില്ല. ഏതെല്ലാം സമയത്ത് വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു എന്ന് അറിയാനാകുമെന്ന നേട്ടമുണ്ടത്രേ. അതിൽ വലിയ കാര്യമില്ല. വൈദ്യുതി ബിൽ കൂടിയാലും വീട്ടിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചല്ലേ പറ്റൂ. എന്നാൽ പാവപ്പെട്ടവർക്ക് വൈദ്യുതി സബ്സിഡി,സൗജന്യ വൈദ്യുതി, കുറഞ്ഞ ഉപഭോഗമുള്ളവർക്ക് താരിഫിൽ ഇളവ് തുടങ്ങിയവ തുടരുമോ എന്ന് വ്യക്തമല്ല. അത് സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ തീരുമാനിക്കാമെന്നാണ് കേന്ദ്ര നിലപാട്.

സ്മാർട്ട് മീറ്റർ വീട്ടിലെ ഒരാളു‌ടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാമെന്ന സൗകര്യമുണ്ട്. ഇതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ തോത് മനസിലാക്കാം. എന്നാൽ ചാർജ് തീർന്നാൽ റീചാർജ് ചെയ്യുന്നതുവരെയുള്ള അല്‌പസമയത്തേക്ക് ചാർജ് നിലനില്‌ക്കുന്ന ഗ്രേസ് പരീയഡ് സംവിധാനം ഉണ്ടാകുമെന്ന് ഉറപ്പില്ല. ഇതിനെല്ലാം പുറമെ വൈദ്യുതിക്ക് വിലയീടാക്കുന്ന സംവിധാനം സ്മാർട്ടാക്കുന്ന അധികൃതർ നൽകുന്ന വൈദ്യുതിയുടെ ഗുണനിലവാരം സ്മാർട്ടാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ മുതിരുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. മുന്നറിയിപ്പില്ലാതെ കറന്റ് പോകുന്ന സംവിധാനം ഒഴിവാക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. കറന്റ് പോയാൽ കെ.എസ്.ഇ.ബി. ഓഫീസിൽ വിളിച്ചാൽ ഫോൺ ആരുമെടുക്കാതിരിക്കുന്ന സംവിധാനവും നിലനിൽക്കുന്നു. സ്മാർട്ടാകുമ്പോൾ എല്ലാം സ്മാർട്ടാകണ്ടേ. അതിന് ഒരുപരിഹാരം ഈ പുതിയ സ്മാർട്ട് വിപ്ളവകാരികൾ എടുക്കേണ്ടതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SMART METER, KSEB, ELECTRICITY METRE READING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.