SignIn
Kerala Kaumudi Online
Tuesday, 17 May 2022 12.17 AM IST

തെരുവ് വിളക്കുകൾ മിഴിയടച്ചു; ഇരുളിന്റെ മറവിൽ മോഷണം

വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകൾ പിന്നിട്ടതോടെ ജനം ദുരിതത്തിൽ. പ്രാധാന ജംഗ്ഷനുകളടക്കം ഇരുട്ടിന്റെ പിടിയിലാണ്. ജോലി കഴിഞ്ഞും മറ്റും രാത്രിയിൽ തിരിച്ചെത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്.

ചില മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും കത്താതായിട്ടുണ്ട്. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി ലക്ഷങ്ങൾ വകയിരുത്തുന്ന പഞ്ചായത്തുകളാകട്ടെ നടപടിയെടുക്കാതെ കൈമലർത്തുകയാണ്. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും നാളുകൾക്കുള്ളിൽ വീണ്ടും പഴയ സ്ഥിതിയായി. വിഷയത്തിൽ നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു. വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും അരങ്ങേറിയിരുന്നു. തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.

ഇരുളിന്റെ മറവിൽ മോഷ്ടാക്കളും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നതായി പരാതിയുണ്ട്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾക്ക് നേരെയാണ് ഇവരുടെ ആക്രമണം. ചില മേഖലകളിൽ കത്തിക്കൊണ്ടിരുന്ന തെരുവ് വിളക്കുകൾ ഇത്തരക്കാർ എറിഞ്ഞുടച്ചതായും പരാതിയുണ്ട്. തെരുവ് വിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഇറച്ചിമാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ച് വലിച്ചെറിയുന്നതും മറ്റാെരു പ്രശ്നമാണ്. പ്രധാനപാതകളുടെ അരികിൽപ്പോലും ഇങ്ങനെ മാലിന്യം കുന്നുകൂടുന്നു.

ഇരുളിന്റെ മറവിൽ മോഷണവും

തൊളിക്കോട്,​ വിതുര പഞ്ചായത്തുകളിൽ അടുത്തിടെ നിരവധി മോഷണങ്ങളാണ് നടന്നത്. വിതുര ചന്തമുക്കിലെ രണ്ട് കടകളിൽ നിന്ന് പണം മോഷ്ടിച്ചിരുന്നു. പത്തോളം കടകളിൽ മോഷണശ്രമവും നടന്നു. ക്ഷേത്രങ്ങളിലും വീടുകളിലും കടകളിലും കയറിയ കള്ളന്മാർ സ്വർണവും പണവുമടക്കം കവർന്നിട്ടും പ്രതികളെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. റബർ ഷീറ്റുകളും മറ്റ് കാർഷിക വിളകളും മോഷണം പോകുന്നതും നിത്യസംഭവമാണ്. തെരുവ് വിളക്കുകൾ ഇല്ലാത്തതാണ് ഇത്തരക്കാർക്കും സഹായമേകുന്നത്.

ജംഗ്ഷനുകൾ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിൽ

തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര, തൊളിക്കോട് പ‌ഞ്ചായത്തുകളിലെ പ്രമുഖ ജംഗ്ഷനുകളൊക്കെ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. വിതുര കലുങ്ക് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങളേറെയായി. രാത്രിയിൽ ഇവിടെ ബസിറങ്ങിയാൽ നായ്ക്കളുടെ കടി ഉറപ്പാണ്.

വിതുര മാർക്കറ്റ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, കെ.പി.എസ്.എം ജംഗ്ഷൻ, തേവിയോട്, ആനപ്പാറ, കല്ലാർ, കൊപ്പം, ചായം, ചേന്നൻപാറ, ടാരുപാറ, പേരയത്തുപാറ, തോട്ടുമുക്ക്, പുളിമൂട്, ഇരുത്തലമൂല, തൊളിക്കോട്, മന്നൂർക്കോണം, പനയ്ക്കോട് എന്നീ ജംഗ്ഷനുകളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. സന്ധ്യ മയങ്ങിയാൽ നായ ശല്യം മൂലം വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അനവധി പേർ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തു.

വിതുര - തൊളിക്കോട് പഞ്ചായത്തുകളിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. നടപടികൾ കൈക്കാണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ

വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.