കാൺപൂർ: ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന സമയം മുതൽ മറ്റ് താരങ്ങളിൽ നിന്ന് വളരെയേറെ വ്യത്യസ്തനായിരുന്നു രാഹുൽ ദ്രാവിഡ്. ഗ്രൗണ്ടിൽ മറ്റ് താരങ്ങളുമായി ദ്രാവിഡ് കയർത്ത് സംസാരിക്കുന്നത് വളരെ വിരളമായിരുന്നു, എന്നാൽ പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യും. മാന്യന്മാരുടെ കളിയായ ക്രിക്കറ്റ് മാന്യമായി തന്നെ കളിക്കണമെന്നതാണ് ദ്രാവിഡിന്റെ അന്നും ഇന്നുമുള്ള നിലപാട്.
ഇന്ന് സമനിലയിൽ അവസാനിച്ച കാൺപൂർ ടെസ്റ്റിൽ വിക്കറ്ര് ഒരുക്കിയവർക്ക് മത്സരശേഷം പാരിതോഷികം നൽകിയാണ് ദ്രാവിഡ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. ഒരു ടീമിനെ മാത്രം അനുകൂലിക്കുന്ന പിച്ച് ഒരുക്കാതെ ബാറ്രർമാരെയും ബൗളർമാരെയും ഒരുപോലെ സഹായിക്കുന്ന പിച്ച് ഒരുക്കിയതിനുള്ള പ്രോത്സാഹനമായിട്ടാണ് ദ്രാവിഡ് ഗ്രൗണ്ട്സ്മാന്മാർക്ക് പാരിതോഷികം നൽകിയത്. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ ക്യൂറേറ്റർ ശിവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നാം ടെസ്റ്റിനുള്ള വിക്കറ്റ് ഒരുക്കിയത്. ഇവർക്ക് എല്ലാവർക്കുമായി ദ്രാവിഡ് സ്വന്തം പോക്കറ്റിൽ നിന്ന് 35000 രൂപ പാരിതോഷികം നൽകുകയായിരുന്നു.
ഇനിയുള്ള മത്സരങ്ങളിലും ആതിഥേയ ടിമിന് അനുകൂലമായ പിച്ച് ഒരുക്കാതെ സ്പോർടിംഗ് ആയിട്ടുള്ള വിക്കറ്റുകൾ ഒരുക്കണമെന്ന സന്ദേശമാണ് ദ്രാവിഡ് ഇതിലൂടെ മറ്റ് ഗ്രൗണ്ട്സ്മാൻമാർക്കും നൽകുന്നതെന്ന് വ്യക്തം. ഇതിന് മുമ്പ് ഇന്ത്യ ആതിഥേയത്വം വഹിച്ച ചില പരമ്പരകളിൽ ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മത്സരം അവസാനിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.