SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.37 AM IST

റോ‌ഡ് നവീകരിക്കുമ്പോൾ ഈ പാലങ്ങളെ മറക്കല്ലേ

1

മുക്കം: റോഡ് നവീകരിക്കുന്നു, പാലങ്ങൾ പഴയ പോലെ നിലനിൽക്കും. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയുടെ തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്ന ഭാഗത്താണ് വീതി കുറഞ്ഞ രണ്ടു പാലങ്ങൾ നവീകരണം കാത്തുകിടക്കുന്നത്. മുക്കം പാലവും അഗസ്ത്യൻമുഴി പാലവും. പണിപൂർത്തിയാകുമ്പോൾ നവീകരണത്തിന്റെ ഗുണഫലം പാലങ്ങൾ ചോർത്തി കളയമോ എന്നാണ് ആശങ്ക.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവൃത്തി നടത്തുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്ന ഓമശ്ശേരി-എരഞ്ഞിമാവ് പരിധിയിലെ പ്രവൃത്തി വിലയിരുത്താൻ ലിന്റോ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും വേർതിരിക്കുന്ന ഇരുവഞ്ഞിപുഴയിലെ മുക്കം പാലവും മുക്കത്തിനും അഗസ്ത്യൻമുഴിക്കുമിടയിൽ തോടിനു മുകളിലുള്ള അഗസ്ത്യൻമുഴി പാലവും മൈനർ റിപ്പയർ നടത്താനും നടപ്പാത നിർമ്മിക്കാൻ അനുമതിക്ക് ആവശ്യപ്പെടാനും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനവുമായി. എന്നാൽ വീതികുറവ് പരിഹരിക്കാൻ മൈനർ റിപ്പയർ പര്യാപ്തമല്ല.

13.52 കി.മിറ്ററാണ് തിരുവമ്പാടി മണ്ഡലത്തിൽ ഈ റോഡിന്റെ നീളം. ഇതിൽ മുക്കം പാലം മുതൽ എരഞ്ഞിമാവ് വരെ 10 മീറ്റർ വീതിയിലും പാലം മുതൽ ഓമശ്ശേരി വരെ 7 മീറ്റർ വീതിയിലുമാണ് കാര്യേജ് വേ. ഇരു വശങ്ങളിലും ഡ്രെയ്നേജുകൾ നിർമ്മിച്ച് മണ്ണിട്ട് റോള് ചെയ്ത് ബലപ്പെടുത്തും. 31 കലുങ്കുകൾ നിർമ്മിക്കും. ഡ്രെയ്നേജുകൾക്ക് മീതെ നടപ്പാത ഉണ്ടാവും. പ്രധാന അങ്ങാടികളിൽ നടപ്പാതയ്ക്ക് മീതെ ടൈലുകൾ വിരിക്കുന്നതിനും ഹാൻഡ് റെയിലുകൾ സ്ഥാപിക്കുന്നതിനും അനുമതി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 12 ബസ് ഷെൽട്ടറുകൾ നിർമ്മിക്കും. 30 കേന്ദ്രങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. 3 ഇടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ. വെള്ളം കയറി ഗതാഗതം തടസപ്പെടുന്നിടങ്ങളിൽ റോഡ് ഉയർത്തുന്നതിനും തീരുമാനമായി.

കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് പ്രൊജക്ട് മേൽ നോട്ടം വഹിക്കുന്ന പദ്ധതിയുടെ കരാർ ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. എം.എസ്.വി ഇന്റർനാഷണൽ, ജെ.എസ്.വി അസോസിയേറ്റ്‌സ് എന്നീ കമ്പനികളാണ് പ്രൊജക്ടിന്റെ കൺസൾട്ടൻസി. യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, കെ.എസ്.ടി.പി എൻജിനീയർമാർ, കൺസൾട്ടൻസി, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL