മലപ്പുറം: എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുമ്പോഴും യുവാക്കൾക്കിടയിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ തോത് വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. 15നും 29നും ഇടയിൽ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ എച്ച്.ഐ.വി പടരുന്നത് തടയുന്നതിനായി യുവാക്കൾക്കിടയിൽ അവബോധ പ്രചാരണത്തിന് ഒരുങ്ങുകയാണ് ജില്ലാ ആരോഗ്യവകുപ്പ്. എച്ച്.ഐ.വി പടരാൻ കൂടുതൽ സാദ്ധ്യതയുള്ള റിസ്ക്ക് ഗ്രൂപ്പുകളിൽപ്പെട്ട ലൈംഗിക തൊഴിലാളികൾ, സ്വവർഗാനുരാഗികൾ, ഇതരസംസ്ഥാന തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരിൽ അണുബാധ വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അവബോധ പ്രവർത്തനങ്ങൾ ഇതിന് സഹായകമായെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ നിലവിൽ എച്ച്.ഐ.വി അണുബാധിതരുടെ കൂട്ടായ്മയിൽ 827 ആളുകളാണ് രജിസ്റ്രർ ചെയ്തിട്ടുള്ളത്. ഇതിൽ 307 പേർ പുരുഷന്മാരും 513 പേർ സ്ത്രീകളും നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണുള്ളത്.
യുവതലമുറയ്ക്ക് എച്ച്.ഐ.വിയെ കുറിച്ച് വേണ്ടത്ര അറിവ് പകരുന്നതിനൊപ്പം ഉത്തരവാദിത്വത്തോടെ സുരക്ഷിത ജീവിതം നയിക്കുന്നതിലേക്ക് യുവതലമുറയെ നയിക്കുന്നതിന് വേണ്ടി കലാലയലങ്ങൾ കേന്ദ്രീകരിച്ചും മറ്റും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ.അനൂപ് പറഞ്ഞു.
മഞ്ചേരിയിൽ എ.ആർ.ടി
എച്ച്.ഐ.വി അണുബാധിതരുടെ തുടർപരിശോധനകൾ, ചികിത്സ, കൗൺസലിംഗ്, മറ്റ് സഹായങ്ങൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിച്ച എ.ആർ.ടി സെന്ററിൽ ലഭ്യമാവും. ജില്ലയിലെ പി.എച്ച്.സി മുതൽ മുകൾത്തട്ടിലെ 71 സെന്ററുകളിൽ സൗജന്യമായി എച്ച്.ഐ.വി പരിശോധിക്കാനും കൗൺസലിംഗിനും സൗകര്യമുണ്ട്. പരിശോധന വിവരങ്ങൾ അതീവ രഹസ്യ സ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുക. ലൈംഗിക രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കും തിരൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രത്യേക സൗകര്യങ്ങളുമുണ്ട്.
ലോക എയ്ഡ്സ് ദിനാചരണം
ലോക എയ്ഡ്സ് ദിനാചരണ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് 5.30ന് മലപ്പുറം കുന്നുമ്മലിൽ തെരുവ് നാടകവും മെഴുക് തിരി തെളിയിക്കലും നടത്തും. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ആദ്യ തിരി തെളിയിക്കും. രാത്രി എട്ടിന് കോട്ടപ്പടി ടർഫ് ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബാൾ മത്സരം നടക്കും. ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് പൊതുസമ്മേളനം രാവിലെ 10ന് മലപ്പുറം ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക ദിനാചരണ സന്ദേശമേകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |