SignIn
Kerala Kaumudi Online
Friday, 26 April 2024 10.42 PM IST

മർദ്ദിച്ചോളൂ, ഞങ്ങൾക്ക് പരാതിയില്ല

women

ഭർത്താവിന്റെ മർദ്ദനമേൽക്കുന്ന ഭാര്യ പരാതിപ്പെട്ടാൽ ഗാർഹികപീഡന നിയമപ്രകാരം ഭർത്താവിനെതിരെ കേസെടുക്കാം. ഭാര്യയെ മർദ്ദിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെങ്കിലും 'ഞങ്ങൾക്കതിൽ പരാതിയില്ല" എന്ന് പറയുന്ന ഭാര്യമാരും ഉണ്ടാകുമോ ? അതും സ്ത്രീശാക്തീകരണത്തിനും നവോത്ഥാനത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടി വനിതാ മതിൽ വരെ ഉയർന്ന കേരളത്തിൽ. ദേശീയ കുടുംബാരോഗ്യ സർവേ ഇതുസംബന്ധിച്ച് ദേശീയതലത്തിൽ നടത്തിയ സർവേയിൽ ഭർത്താവിന്റെ തല്ലുകൊള്ളുന്നത് സമ്മതമാണെന്നും അതിൽ തെറ്റില്ലെന്നും അറിയിച്ച് നവോത്ഥാന കേരളത്തിലെ 52 ശതമാനം സ്ത്രീകൾ ഉണ്ടെന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.

കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങൾ ചെയ്യാത്ത, ഭർത്തൃവീട്ടുകാരോട് ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭർത്താവ് മർദ്ദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടതായാണ് സർവേയിൽ പുറത്തുവന്ന വിവരം. ഇന്ത്യയിലെ മറ്റു രണ്ട് സംസ്ഥാനങ്ങളായ തെലങ്കാനയിലും ആന്ധ്രയിലും 84 ശതമാനം സ്ത്രീകൾ വീതം ഈ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ കർണാടകയിൽ 77 ശതമാനം സ്ത്രീകളാണ് ഭാര്യയെ മർദ്ദിക്കുന്ന പുരുഷന്മാരെ ന്യായീകരിച്ചത്. ഈ സംസ്ഥാനങ്ങൾക്ക് തൊട്ടുപിന്നിലാണ് 52 ശതമാനം സ്ത്രീകളും അനുകൂലിച്ച കേരളത്തിന്റെ സ്ഥാനം. എന്നാൽ ഭാര്യമാരെ ഭർത്താക്കന്മാർ മർദ്ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകൾ അനുകൂലിച്ചത് ഹിമാചൽ പ്രദേശിലാണ്. 14. 8 ശതമാനം പേർ.

ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായി തയ്യാറാക്കിയ ചോദ്യാവലിയിൽ ഉത്തരമായാണ് സ്ത്രീകൾ പ്രതികരിച്ചത്. ഭർത്താവിനോട് വിശ്വസ്തതയില്ലെന്ന സംശയം, ഭർത്തൃരക്ഷിതാക്കളോട് അപമര്യാദയായി പെരുമാറൽ, ലൈംഗിക വേഴ്ചയ്ക്ക് വിസമ്മതിക്കൽ, ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തുപോകൽ, മക്കളെയും വീടിനെയും അവഗണിക്കൽ, നല്ല ഭക്ഷണം പാകം ചെയ്യാതിരിക്കൽ തുടങ്ങി ഭർത്താക്കന്മാർക്ക് ദേഷ്യം വരാൻ ഇടയുള്ളതും മർദ്ദനമേൽക്കാൻ സാദ്ധ്യതയുള്ളതുമായ സാഹചര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഭർത്തൃമാതാവിനോടും പിതാവിനോടും മോശമായി പെരുമാറുന്ന ഭാര്യമാരെ മർദ്ദിക്കുന്നതിനെയാണ് കൂടുതൽ സ്ത്രീകളും അംഗീകരിക്കുന്നത്.

ദേശീയതലത്തിൽ 30 ശതമാനത്തിലധികം സ്ത്രീകളാണ് ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിനെ ന്യായീകരിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 ഇടങ്ങളിൽ നടത്തിയ സർവേയിൽ 14 ഇടത്തും 30 ശതമാനത്തിലധികം സ്ത്രീകളും ഈ നിലപാടാണ് സ്വീകരിച്ചത്. എത്താൽ ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെടാൻ വളരെക്കുറച്ച് പുരുഷന്മാരെ ഉണ്ടായിരുന്നുള്ളൂവെന്ന സർവേ കണ്ടെത്തലും ശ്രദ്ധേയമാണ്.

ചില സംസ്ഥാനങ്ങളിലെ

കണക്കുകൾ

മണിപ്പൂർ (66 ശതമാനം), ജമ്മു കാശ്മീർ (49), മഹാരാഷ്ട്ര (44), പശ്ചിമ ബംഗാൾ (42).

ഭാര്യയെ ഏതെങ്കിലും കാരണത്തിന് അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിന് ഭർത്താവിനെ ന്യായീകരിക്കാനാകുമോ എന്നായിരുന്നു ദേശീയ കുടുംബാരോഗ്യ സർവെയിലെ ചോദ്യം.

ദേശീയ കുടംബാരോഗ്യ സർവെ നാലാം റൗണ്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ഏറ്റവും പ്രധാനപ്പെട്ട മാക്രോ ഡാറ്റ സോഴ്സ് കൂടിയാണിത്. ഇതിന് മുമ്പ് 1980 കളിൽ തുടങ്ങി മൂന്ന് തവണയാണ് ദേശീയാരോഗ്യ വകുപ്പും മുംബെയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസും ചേർന്ന് സർവെ നടത്തിയത്.

സ്ത്രീശാക്തീകരണത്തിന്

കുടുംബശ്രീ

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനമാണ് കേരളം. വൻതോതിൽ സ്ത്രീകൾ സാമൂഹിക പ്രവർത്തകരായും പൊതുപ്രവർത്തകരായും രംഗത്തുണ്ട്. സ്ത്രീശാക്തീകരണത്തിന് ആക്കം കൂട്ടാൻ സ്ത്രീസംവരണ നിയമവും കുടുംബശ്രീ സംവിധാനവും വഴിവച്ചിട്ടുണ്ടെന്നത് രാജ്യത്തിന് തന്നെ മാതൃകയായെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ മറ്റേത് സംസ്ഥാനങ്ങളെക്കാളധികം അധികാര പദവികളിലേക്ക് സ്ത്രീകൾ എത്തുന്നതും കേരളത്തിലാണ്.

സ്ത്രീകൾക്ക് ഇപ്പോൾത്തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാൽ കുടുംബത്തിലെയും സമൂഹത്തിലെയും നിയന്ത്രണങ്ങളിൽ അസംതൃപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷൻ പ്രേമികളും ഇപ്പോഴും പറയുന്നത് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണമെന്നാണ്. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നും അതുകൊണ്ട് അവരെ തുണിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന മതവിശ്വാസികളുമുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വേഷങ്ങളണിയാനും അവരെപ്പോലെ ജീവിക്കാനുമുള്ള അവസ്ഥയായി സ്വാതന്ത്ര്യത്തെ നിർവചിക്കുന്ന ‘മോഡേൺ’ സ്ത്രീകളും സത്യത്തിൽ എത്രമാത്രം സ്വതന്ത്രരാണെന്ന ചോദ്യമാണ് സർവേയിലെ കണ്ടെത്തൽ ഉയർത്തുന്നത്.

കണ്ടെത്തൽ ഞെട്ടിക്കുന്നത്: ഷാഹിദ കമാൽ

പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ 52 ശതമാനം സ്ത്രീകളും ഭർത്താവിന്റെ മർദ്ദനമേൽക്കുന്നതിനെ ന്യായീകരിച്ചുവെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ അഭിപ്രായപ്പെട്ടു. പുരോഗമന, നവോത്ഥാന പ്രസ്ഥാനങ്ങളും സ്ത്രീശാക്തീകരണവും വേരോടിയ മണ്ണിൽ ഇപ്പോഴും ഇങ്ങനെ അഭിപ്രായമുള്ള സ്ത്രീ സമൂഹം ഉണ്ടെന്നത് അത്ഭുതവും ആശങ്കയും ഉളവാക്കുന്നു. ഭർത്താവ് ഭരിക്കുന്നവനും ഭാര്യ ഭരിയ്ക്കപ്പെടേണ്ടവളെന്നും കുട്ടിക്കാലം മുതലേ മനസിൽ രൂഢമൂലമായ വിശ്വാസമാകാം മുതിർന്നപ്പോഴും ഇത്തരക്കാരെ നയിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന ധാരണയും മനസിൽ മായാതെ കിടക്കുന്നുണ്ടാകാം. അതേസമയം സർവേയിൽ സ്വീകരിച്ച മാനദണ്ഡങ്ങൾ, ചോദ്യങ്ങളുടെ സ്വഭാവം, പ്രദേശം ഇതൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളും സർവേയിൽ പ്രതിഫലിച്ചിട്ടുണ്ടാകാം. കേരളത്തിൽ ഈ സർവേ നടത്തിയതാര് എന്നതും പ്രധാനമാണെന്ന് ഷാഹിദ കമാൽ പറഞ്ഞു.

ഇത്തരം കാര്യങ്ങളൊക്കെ സർവേയുടെ പരിമിതിയായി ചൂണ്ടിക്കാണിക്കാമെങ്കിലും നമ്മുടെ പൊതുബോധ പ്രതിഫലനം സർവേ ഫലത്തിലുണ്ടോ എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന അഭിപ്രായവും ഉയർന്നുവരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOMESTIC VIOLENCE AGAINST WOMEN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.