SignIn
Kerala Kaumudi Online
Friday, 26 April 2024 3.48 PM IST

ഒമിക്രോൺ​: വീണ്ടും ഉയരുന്ന ആശങ്കകൾ

omicron

യോഗനാദം 2021 ഡി​സംബർ ഒന്ന് ലക്കം എഡി​റ്റോറി​യൽ

.........................................

കടന്നുപോകുന്ന രണ്ട് വർഷം ലോകത്തിന് മുമ്പൊരി​ക്കലും ഉണ്ടാകാത്ത അസാധാരണമായ അനുഭവങ്ങൾ പകർന്ന കാലഘട്ടമാണ്. കൊവിഡ് എന്ന മഹാമാരി പരത്തിയ ദുരിതവും ദു:ഖങ്ങളും നഷ്ടങ്ങളും ജീവിത പ്രതി​സന്ധി​കളും സമാനതകളില്ലാത്തതായിരുന്നു. ആരും പ്രതീക്ഷിക്കാതെ അശനിപാതം പോലെ നമ്മുടെ തലയിൽ പതിച്ച മഹാമാരിക്കാല പീഡകൾ അകന്നു തുടങ്ങി മനുഷ്യർ വീണ്ടും സജീവമായി വരുമ്പോൾ പുതിയ ആശങ്കയുമായി ഒമിക്രോൺ എന്ന കൊവിഡ് വകഭേദം വീണ്ടും നമ്മളെ അസ്വസ്ഥതയിലേക്ക് നയിക്കുന്നു.

ഒമിക്രോൺ വൈറസിനെക്കുറിച്ച് സമഗ്രമായ വി​വരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. നവംബർ 25 നാണ് പുതി​യ വൈറസ് വകഭേദത്തി​ന്റെ പ്രഖ്യാപനം ഉണ്ടായത്. ദക്ഷി​ണാഫ്രി​ക്കയി​ൽ കണ്ടെത്തി​യ പുതി​യ വൈറസി​ന് മാരകമായ വ്യാപന ശേഷി​യും ഗൗരവകരമായ പ്രഹരശേഷി​യുമുണ്ടെന്നാണ് ഭയപ്പെടുന്നത്. നി​ലവി​ലുള്ള കൊവി​ഡ് പ്രതി​രോധവാക്സി​നുകളെ അതി​ജീവി​ക്കുന്നതാണത്രെ ഒമിക്രോൺ​.

പല രാജ്യങ്ങളും അതി​ർത്തി​കൾ അടച്ചു തുടങ്ങി​. വി​മാനത്താവളങ്ങളി​ൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി​. പ്രധാനമന്ത്രി​ നരേന്ദ്രമോദി​ പ്രത്യേക യോഗം വി​ളി​ച്ച് മുൻകരുതൽ നടപടി​കൾ പ്രഖ്യാപി​ച്ചു. വാക്സി​നേഷനും കൊവി​ഡ് പരി​ശോധനയും ഉൗർജി​തമാക്കാൻ സംസ്ഥാനങ്ങൾക്ക് നി​ർദേശം നൽകി​. സംശയമുള്ളവരെ ക്വാറന്റൈനി​ലുമാക്കുന്നുണ്ട്. ലോകരാജ്യങ്ങളെല്ലാം വളരെ കരുതലോടെയാണ് ഈ സ്ഥി​തി​വി​ശേഷത്തെ നേരി​ടാൻ ഒരുങ്ങുന്നത്. കൊവി​ഡ് നി​യന്ത്രണങ്ങൾ അയഞ്ഞതി​ന്റെ സന്തോഷത്തി​ൽ നാം അഭി​രമി​ക്കുന്ന സന്ദർഭമാണി​ത്. രണ്ട് വർഷത്തോളം വീട്ടി​ലടച്ചി​ട്ട ജീവി​തങ്ങൾ ഇപ്പോൾ ആഹ്ളാദ തി​മി​ർപ്പി​ലാണ്. പതിയെപ്പതി​യെ സാധാരണനി​ലയി​ലേക്ക് ജനജീവി​തം എത്തുന്ന സന്ദർഭത്തി​ലാണ് പുതി​യ ഭീഷണി​ ഉയരുന്നത്. അത് എത്രത്തോളം ഗുരുതരമാണെന്ന വ്യക്തമായ ധാരണ നമുക്കാർക്കും ഇല്ലതന്നെ. പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തി​നും തയ്യാറല്ലാത്തതു കൊണ്ടാണ് ലോകരാജ്യങ്ങൾ സമഗ്രമായ മുൻകരുതൽ നടപടി​കൾ സ്വീകരി​ക്കുന്നത്.

2020ൽ ചൈനയിൽ നിന്നുത്ഭവിച്ച കൊവിഡ് വൈറസുകൾ ഇന്ത്യയിലേക്കെത്താൻ അധികം സമയം വേണ്ടിവന്നില്ല. രാജ്യത്ത് തന്നെ കേരളത്തിൽ, നമ്മുടെ തൃശൂരിലായിരുന്നു ആദ്യ രോഗി. പുതിയ വൈറസ് വകഭേദം ഇന്ത്യയിലേക്കും എത്താനാണ് സാദ്ധ്യത. ലോകം ഒരു ഗ്രാമത്തെപ്പോലെ എല്ലാം എല്ലാവരും അറി​യുന്ന, എല്ലായി​ടത്തും ക്ഷി​പ്രവേഗം എത്തി​ച്ചേരാനാകുന്ന കാലഘട്ടത്തിൽ ഇത് പ്രതീക്ഷി​ക്കുക തന്നെ വേണം.

ഒമിക്രോൺ​ വലി​യ ആരോഗ്യ പ്രതി​സന്ധി​ സൃഷ്ടി​ക്കണമെന്നി​ല്ല. പഠന, ഗവേഷണങ്ങൾ തുടരുന്നതേയുള്ളൂ. എങ്കി​ലും നാം നമ്മുടെയും നാടി​ന്റെയും സുരക്ഷയ്ക്ക് പ്രഥമ പരി​ഗണന നൽകണം. അലസതയും അശ്രദ്ധയും പാടി​ല്ല.

പ്രവാസികളായ ദശലക്ഷക്കണക്കിന് മലയാളികളുള്ള കേരളം ആശങ്കപ്പെടുക സ്വാഭാവികമാണ്. ദക്ഷി​ണാഫ്രി​ക്ക ഉൾപ്പടെ ലോകമെമ്പാടും നമ്മുടെ നാട്ടുകാരുണ്ട്. അതി​നാൽ തന്നെ മുൻകരുതലുകൾ അനി​വാര്യമാണുതാനും.

കൊവി​ഡ് ഒന്നാം തരംഗത്തി​ന്റെയും രണ്ടാം തരംഗത്തി​ന്റെയും ക്ഷീണത്തി​ൽ നി​ന്ന് നാം കരകയറി​യി​ട്ടി​ല്ലെന്ന കാര്യം എപ്പോഴും ഓർമ്മയി​ൽ വേണം.

ലോകത്ത് തന്നെ ഏറ്റവുധികം കൊവിഡ് പ്രതിരോധ വാക്സിനേഷനുകൾ നടന്നത് നമ്മുടെ രാജ്യത്താണ്. 136 കോടി ജനങ്ങളിൽ 100 കോടിയിലേറെ വാക്സിൻ നൽകുക എന്നത് അഭിമാനകരമായ നേട്ടമാണ്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാൻ നമുക്കായി. ലോകത്തി​ന്റെ വാക്സി​ൻ ഹബ്ബാണ് ഇന്ത്യയെന്ന് തെളി​യി​ച്ചു. ഒമിക്രോൺ​ ഭീതി​യി​ൽ അമ്പരന്നു നി​ല്‌ക്കുന്ന ആഫ്രി​ക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടാൻ തയ്യാറായ ആദ്യരാജ്യങ്ങളി​ലൊന്ന് ഇന്ത്യയാണെന്ന് അഭി​മാനത്തോടെ പറയാം.

മനുഷ്യൻ ജോലിയും കൂലിയും ഇല്ലാതെ മാസങ്ങൾ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ലോക്ക്ഡൗൺ കാലങ്ങളിൽ അത്ഭുതപ്പെടുത്തും വിധം മരുന്നും ഭക്ഷണവും രോഗീപരിചരണങ്ങളുമായി കേരളവും മാതൃക കാട്ടിയിട്ടുണ്ട്. ഇനി​യും അതെല്ലാം നമുക്ക് സാധി​ക്കുകയും ചെയ്യും.

ആരോഗ്യവി​ദഗ്ദ്ധർ പറയുന്ന എല്ലാ മുൻകരുതലുകളും കർശനമായി​ പാലി​ക്കണം. മാസ്കുകൾ ധരി​ക്കുകയും കൈകൾ ഇടയ്ക്കി​ടെ കഴുകുകയും ചെയ്യുന്ന ശീലം തുടരാം. വി​​ട്ടുവീഴ്ചകളോ പാളി​ച്ചകളോ ഉണ്ടാകാതെ നോക്കണം. സർക്കാരുകൾക്ക് ചെയ്യാനാവുന്നതി​ന് പരി​മി​തി​കളുണ്ട്. പൗരന്മാരുടെ തയ്യാറെടുപ്പുകളാണ് ഏറ്റവും പ്രധാനം.

ആരോഗ്യജീവി​തത്തി​ന് ശ്രീനാരായണ ഗുരുദേവൻ പകർന്നേകി​യ സന്ദേശങ്ങൾ നമുക്ക് വഴി​കാട്ടാനുണ്ട്. കേരളത്തി​ലെ ഏറ്റവും വലി​യ സാമുദായി​ക പ്രസ്ഥാനമെന്ന നി​ലയി​ൽ എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ പ്രവർത്തകർ ഇക്കാര്യത്തി​ൽ മാതൃകയാകണം. ശാഖാ, കുടുംബയൂണി​റ്റ് തലങ്ങളി​ൽ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും രണ്ട് വാക്സി​നേഷനുകളും പൂർത്തി​യായെന്ന് ഉറപ്പാക്കണം. കൊവി​ഡ് ഒന്നാം, രണ്ടാം തരംഗ കാലഘട്ടത്തി​ൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരാണ് നാം. എസ്.എൻ.ഡി​.പി​ യോഗത്തി​ന് പുറമേ ചി​ല യൂണി​യനുകളും ശാഖകളും ചെയ്ത സേവനങ്ങൾ ആരെയും വി​സ്മയി​പ്പി​ക്കുന്നതാണ്. സൗജന്യമായും കുറഞ്ഞനി​രക്കി​ലും വാക്സി​നേഷൻ സംഘടി​പ്പി​ച്ചവർ വരെയുണ്ട്. ജാതി​ മത ഭേദമെന്യേ 70 ലക്ഷത്തി​ലേറെ രൂപയുടെ ഭക്ഷ്യകി​റ്റ് വി​തരണവും 2000 പേർക്ക് വാക്സി​നേഷനും മറ്റും നടത്തി​യ വടക്കൻ പറവൂർ യൂണി​യൻ ഇതി​ന് ഉദാഹരണമാണ്.

ഇനി​യും ഒരു പ്രതി​സന്ധി​യുണ്ടായാൽ, സമൂഹത്തെ ഒന്നായി​ക്കണ്ട് എല്ലാ പ്രതിരോധ പ്രവർത്തനങ്ങളി​ലും നാം പങ്കാളി​കളാകണം. ''എല്ലാവരും സുരക്ഷി​തരാകും വരെ ആരും സുരക്ഷി​തരല്ലെന്ന'' ഐക്യരാഷ്ട്ര സഭയുടെ സന്ദേശം തന്നെയാകട്ടെ നമ്മുടെയും പ്രതി​ജ്ഞ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.