സിഡ്നി : പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ ചേർത്തു നിർത്തി, സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ച് തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അപലപനീയമാണെന്ന് സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ. നവോദയ ഓസ്‌ട്രേലിയയുടെ രണ്ടാം ദേശീയ സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ്, പ്രളയ പ്രതിസന്ധികളെ അതി ജീവിച്ച് 25 വർഷം മുന്നിൽക്കണ്ട് സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെയും പുരോഗമന ആശയ പ്രചാരണങ്ങളിലുമൂന്നിയുമുള്ള നവോദയയുടെ ഓസ്‌ട്രേലിയയിലെയും കേരളത്തിലെയും പ്രവർത്തനങ്ങൾ
പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡും പ്രളയവുമൊക്കെയായി വിഷമിച്ചപ്പോൾ ഓൺലൈൻ പഠന സഹായവും, കിറ്റുകൾ വിതരണം ചെയ്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക കൈമാറിയുമൊക്കെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നവോദയ നടത്തിയത്. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ക്യാമ്പയിനുകൾ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവോദയ ഓസ്‌ട്രേലിയക്ക് നവനേതൃത്വവും രൂപീകരിച്ചു. ചടങ്ങിൽ സംഘടനാ റിപ്പോർട്ട് സെക്രട്ടറി സജീവ് കുമാർ അവതരിപ്പിച്ചു. രമേശ് കറുപ്പ്, സൂരി മനു, മോഹനൻ കോട്ടുക്കൽ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. റോയി വർഗീസ് അനുശോചന പ്രമേയവും റോയി തോമസ്, നിഷാൽ നൗഷാദ്, രാഹുൽ, അജു ജോൺ എന്നിവർ മറ്റു പ്രമേയങ്ങളും അവതരിപ്പിച്ചു. സമ്മേളനം 24 പേരടങ്ങുന്ന പുതിയ സെൻട്രൽ കമ്മിറ്റിയെയും ഏഴ് പേരുള്ള സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സജീവ് കുമാർ ( സെക്രട്ടറി) ജോളി ജോർജ് (ജോ. സെക്രട്ടറി), രമേശ് കുറുപ്പ്, റോയി വർഗീസ്, അജു ജോൺ, എബി പൊയ്ക്കാട്ടിൽ, രാജൻ വീട്ടിൽ എന്നിവരാണ് സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |