വാഷിംഗ്ടൺ: ഭാഗ്യദേവതയ്ക്ക് കടാക്ഷിക്കാൻ വലിയ മടിയാണ്. എന്നാൽ ചിലർക്ക് കടാക്ഷം ആവോളം നൽകും. അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയായ സ്കോട്ടി തോമസ് എന്ന നാൽപ്പത്തൊമ്പതുകാരൻ ഇത്തരത്തിൽ ഭാഗ്യദേവതയുടെ അനുഗ്രഹം ആവോളം കിട്ടിയ വ്യക്തിയാണ്. ഇദ്ദേഹമെടുത്ത രണ്ട് ടിക്കറ്റുകളിൽ രണ്ടിനും ജാക്പോട്ട് അടിക്കുകയായിരുന്നു. ഓരോടിക്കറ്റിനും ആറുകോടിക്കടുത്താണ് സമ്മാനം ലഭിച്ചത്.
ജാക്ക്പോട്ടിനുള്ള ടിക്കറ്റുകൾ വാങ്ങി അതിൽ ഇഷ്ടനമ്പരുകൾ പൂരിപ്പിച്ച് നൽകുകയാണ് പതിവ്. തോമസ് താൻ വാങ്ങിയ രണ്ട് ടിക്കറ്റുകൾക്കും ഒരേ നമ്പരുകളാണ് പൂരിപ്പിച്ച് നൽകിയത്. എന്നാൽ രണ്ട് ടിക്കറ്റുകൾ പൂരിപ്പിച്ച് നൽകിയ കാര്യം തോമസ് മറന്നുപോവുകയും ചെയ്തു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ. 'ടിവിയിൽ ബാസ്ക്കറ്റ്ബോൾ കളി കാണാനായി ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് ജാക്പോട്ടിനെക്കുറിച്ച് ഓർത്തത്. പെട്ടെന്ന് ഞാൻ പുറത്തേക്ക് പോയി ഒരു ടിക്കറ്റ് വാങ്ങി പൂരിപ്പിച്ച് നൽകി. അടുത്ത ദിവസം രാവിലെ എന്റെ മകൻ ചോദിച്ചപ്പോഴാണ് രണ്ടുടിക്കറ്റുകൾ വാങ്ങിയതും അതിൽ ഒരേ നമ്പർ പൂരിപ്പിച്ച കാര്യവും ഞാൻ ശ്രദ്ധിച്ചത്'.
രണ്ടുടിക്കറ്റിനും ബമ്പർ അടിച്ചവിവരം അറിഞ്ഞപ്പോൾ ഒരുവേള താൻ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിച്ചുപോയെന്നാണ് തോമസ് പറയുന്നത്. എല്ലാം ദൈവാനുഗ്രഹമായി കാണാനാണ് തോമസിനിഷ്ടം. കിട്ടിയ പണം പ്രധാനമായും ബിസിനസിൽ നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ഒരു വീടുവാങ്ങണമെന്നും ആഗ്രഹമുണ്ട്. ഒപ്പം കടവും തീർക്കണം.
ഇത് ആദ്യമായല്ല ഒരാൾക്ക് ഒന്നിലധികം ടിക്കറ്റുകൾക്ക് സമ്മാനമടിക്കുന്നത്. ഒക്ടോബറിൽ, അമേരിക്കയിലെ വെർജീനിയൻ സ്വദേശി വാങ്ങിയ ഇരുപത് ടിക്കറ്റുകൾക്കും സമ്മാനം അടിക്കുകയായിരുന്നു. ലക്ഷങ്ങളാണ് ഇതോടെ ഇയാളുടെ പോക്കറ്റിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |