കോട്ടയം: കരിക്ക് വില്പനക്കാരൻ ഓടിച്ച ആംബുലൻസ് ഇടിച്ച് നാലു പേർക്ക് പരിക്ക്. കോട്ടയം കട്ടച്ചിറയിലാണ് സംഭവം. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് ഇയാൾ ഓടിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കരിക്ക് വിൽക്കുന്നതിന്റെ മുന്നിലായി വാഹനം പാർക്ക് ചെയ്തു. കച്ചവടം തടസപ്പെടാതിരിക്കാൻ കരിക്ക് കച്ചവടക്കാരൻ ആംബുലൻസ് മാറ്റിയിടുന്നതിന് വേണ്ടി വാഹനത്തിൽ കയറി.
എന്നാൽ ഗിയർ മാറ്റിയതിൽ വന്ന പിശക് കാരണം മുന്നോട്ട് പോകുന്നതിന് പകരം വാഹനം പിന്നിലേക്കാണ് പോയത്. വാഹനത്തിന്റെ പിറകിൽ ആയി കിടന്നിരുന്ന ഒരു ഓട്ടോയേയും രണ്ട് ബൈക്കുകളേയും ഇടിച്ചു തെറിപ്പിച്ചിട്ടാണ് ആംബുലൻസ് നിന്നത്. തലകുത്തി മറിഞ്ഞ ഓട്ടോയും ബൈക്കും പൂർണമായി തകർന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം പൊലീസ് എത്തുന്നതിന് മുമ്പ് സംഭവസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ കരിക്ക് കച്ചവടക്കാരനെ ഇതു വരെ പിടികിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |