പനാജി : ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ പോളിസി 2021 പുറത്ത് വിട്ട് ഗോവ സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾ (ഇവി) പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങൾക്ക് വാരിക്കോരിയാണ് സർക്കാർ ഓഫറുകൾ നൽകിയിട്ടുള്ളത്. 'ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും നീതിആയോഗ് സി ഇ ഒയും പങ്കെടുത്ത പരിപാടിയിലാണ് ഗോവ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ പോളിസിയിലെ വിവരങ്ങൾ പങ്കുവച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്.
ഗോവയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ നയത്തിന്റെ കാതലായ ഉദ്ദേശം. ഇതിലൂടെ 2025ൽ സംസ്ഥാനത്തെ മുപ്പത് ശതമാനം വാഹനങ്ങളെങ്കിലും ഇലക്ട്രിക് ആക്കി മാറ്റും. ഗോവയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും വരുന്ന അഞ്ച് വർഷം റോഡ് നികുതി ഒഴിവാക്കും. ഇതിന് പുറമേ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സബ്സിഡിയും സർക്കാർ നൽകും. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഫോർ വീലർ ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഈ പോളിസിയിൽ ഉൾപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾക്ക് 30 ശതമാനം സബ്സിഡിയും മുച്ചക്ര വാഹനങ്ങൾക്ക് 40 ശതമാനം സബ്സിഡിയും സംസ്ഥാന സർക്കാർ നൽകും. അതേസമയം കാറുകൾക്ക് 3 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. ഇത് ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം വാഹനങ്ങൾക്കാവും ലഭിക്കുക.
ഗോവയിൽ ഓരോ 25 കിലോമീറ്ററിലും സർക്കാർ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുമെന്നും പുതിയ പോളിസിയിൽ പറയുന്നു. ഹൈവേകളിൽ ഓരോ 25 കിലോമീറ്ററിലും സർക്കാർ ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ടാവും. ഇതിലൂടെ പതിനായിരം പേർക്ക് പുതിയ തൊഴിൽ ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |