പനാജി: ഗോവയിൽ രാജ്ഭവൻ അന്നദാന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പുസ്‌കങ്ങളുടെ റോയൽറ്റി തുക അന്നദാന പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും. 'രാജ്ഭവൻ അന്നദാന പദ്ധതി"യുടെ ഉദ്ഘാടനം നാളെ രാവിലെ പതിനൊന്നിന് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ നിർവഹിക്കും.
രാജ്ഭവൻ അന്നദാന പദ്ധതി വഴി ദിവസവും 100 പാവപ്പെട്ടവർക്ക് രണ്ടുനേരം ഭക്ഷണം നൽകും. സ്ട്രീറ്റ് പ്രൊവിഡൻസ് എന്ന സംഘടന വഴിയാണ് വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. ഈ പദ്ധതിക്കുവേണ്ടിയുള്ള സാമ്പത്തിക ചെലവ് പി എസ് ശ്രീധരൻ പിള്ള താൻ രചിച്ച പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന റോയൽറ്റി തുക സംഭാവനയായി നൽകികൊണ്ടാണ് നടപ്പാക്കുന്നത്.
കഴിഞ്ഞ കൊല്ലത്തെ റോയൽറ്റി തുകയായ 1.74 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ വച്ച് ഗവർണർ സ്ട്രീറ്റ് പ്രൊവിഡൻസ് സംഘടനക്ക് കൈമാറും. ഇതേ ചടങ്ങിൽവെച്ച് നാൽപത് കാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിതരണം ചെയ്യും. ഇതിനുള്ള തുക ഗോവ ഗവർണറുടെ ഡിസ്‌ക്രീഷ്യനറി ഫണ്ടിൽ (Discretionary Fund) നിന്നാണ് നൽകുന്നത്.
ചടങ്ങിൽ പി എസ് ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേരള ഗവർണർ രജേന്ദ്രവിശ്വനാഥ് ആർലേക്കർ, സ്‌പെഷ്യൽ സെക്രട്ടറി മിഹിർ വർദ്ധൻ ഐ എ എസ് എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |