SignIn
Kerala Kaumudi Online
Saturday, 27 April 2024 9.35 AM IST

അട്ടപ്പാടി: 426 ഗർഭിണികളിൽ 245 പേരും ഹൈ റിസ്‌കിൽ

attappadi

പാലക്കാട്: അട്ടപ്പാടിയിലെ 426 ഗർഭിണികളിൽ 245 പേരും ഭാരക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ഹൈറിസ്‌ക് പട്ടികയിലെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ഗർഭം ധരിക്കുമ്പോൾ 45 കിലോയെങ്കിലും ഭാരം വേണം. എന്നാൽ, 426ൽ 98 പേർക്കും 45 കിലോയിൽ താഴെയേ ഭാരമുള്ളൂ.

ഹൈ റിസ്‌ക് പട്ടികയിലുള്ളവർക്ക് കൗൺസലിംഗ് നൽകി കോയമ്പത്തൂരിലേക്കോ തൃശൂർ മെഡിക്കൽ കോളജിലേക്കോ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയാണ് പതിവ്. കാലവർഷത്തിൽ ചുരം റോഡ് തകർന്നതിനാൽ അട്ടപ്പാടിയിൽ നിന്ന് ഗർഭിണികളെ മറ്റ് ആശുപത്രികളിലേക്ക് റോഡ് മാർഗം എത്തിക്കുന്നതും അപകടകരമായി.

2013 മുതൽ 2020 വരെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 3512 കുട്ടികൾ ജനിച്ചതിൽ 4 കുട്ടികൾക്ക് ഒരു കിലോയിൽ താഴെയായിരുന്നു തൂക്കം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അട്ടപ്പാടിയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും സാമൂഹ്യ ക്ഷേമത്തിനുമായി വിഭാവനം ചെയ്ത പദ്ധതികളുടെ നടത്തിപ്പിലെ പാളിച്ചകളിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.

 അരിവാൾ രോഗ ബാധിതർ 200

35,000 ആദിവാസികളിൽ രണ്ടായിരത്തിലധികം പേർ പോഷകാഹാരക്കുറവിനെ തുടർന്ന് ശാരീരിക അവശത അനുഭവിക്കുന്നവരാണ്. 200 പേർ സിക്കിൾസെൽ അനീമിയ (അരിവാൾ രോഗം) ബാധിതരും. ഇവർ ഗർഭധാരണം ഒഴിവാക്കേണ്ടതാണ്. സിക്കിൾസെൽ അനീമിയ ബാധിച്ച ദമ്പതികൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പ്രസവത്തോടെയോ ശേഷമോ മരിക്കാൻ സാദ്ധ്യത ഏറെയാണ്. ഇതിനുള്ള ബോധവത്കരണം നടത്തേണ്ടതുണ്ട്.

 ജീവിതം തകർത്ത് മദ്യം

അട്ടപ്പാടി മദ്യനിരോധന മേഖലയാണെങ്കിലും ഊരുകളിലിപ്പോഴും വ്യാജമദ്യം സുലഭമാണ്. അമിതമദ്യപാനം പുരുഷന്മാരുടെയും അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. അമിത മദ്യപാനം മൂലമുള്ള സംഘർഷങ്ങളും കുടുംബങ്ങളിൽ വ്യാപകമാണ്. ഇത് ഗർഭിണികളായ അമ്മമാരുടെ മാനസികാരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ഊരുകളിൽ നിന്ന് മദ്യം ഒഴിവാക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമല്ല.

അട്ടപ്പാടിക്കാർ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സൗകര്യങ്ങൾ ഉയർത്തണം. നിലവിലുള്ള 54 കിടക്കകൾ ഇരട്ടിയാക്കണം. സീനിയർ കൺസൾട്ടന്റിന്റെ സേവനം ഉറപ്പാക്കി കുട്ടികളുടെ ഐ.സി.യുവും ആരംഭിക്കണം.

- ആദിവാസി ആക്‌ഷൻ കൗൺസിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTAPPADI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.