SignIn
Kerala Kaumudi Online
Saturday, 27 April 2024 1.00 AM IST

കെ - റെയിൽ; കല്ലിടൽ തുടങ്ങി, പ്രതിഷേധവും

k-rail

സംസ്ഥാനത്തെ 11 ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി എന്നു വിശേഷിപ്പിക്കുന്ന കെ - റെയിൽ അഥവാ 'സിൽവർലൈൻ" പദ്ധതിയുടെ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ജനങ്ങളുടെ ശക്തമായ പ്രതിഷേധവും ഉയരുന്നു. പദ്ധതി കടന്നു പോകുന്ന ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി കല്ലിടൽ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി മാർ ലോക്സഭയിൽ വൻ പ്രതിഷേധം ഉയർത്തിയ തിങ്കളാഴ്ച കൊല്ലം ജില്ലയിൽ ചാത്തന്നൂരിൽ നടന്ന പ്രതിഷേധത്തിൽ വീട്ടമ്മമാരടക്കം പങ്കെടുത്തു. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷൻ - കണ്ണേറ്റ റോഡിനു സമീപം തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതെടുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കരുതൽ തടങ്കൽ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ ബി. രാമചന്ദ്രൻ, ജില്ലാ ഭാരവാഹി കെ. മഹേഷ് എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമിതി ഭാരവാഹികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുദ്രാവാക്യം വിളികളോടെ എത്തി കല്ലുകൾ പിഴുതെറിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കല്ലിട്ട് തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവും ആരംഭിച്ചിരുന്നു. പൊലീസെത്തിയെങ്കിലും പ്രതിഷേധം തുടർന്നു. ചിലർ വീടിന്റെ ഗേറ്റ് പൂട്ടിയെങ്കിലും ഉദ്യോഗസ്ഥർ മതിൽ ചാടിക്കടന്നാണ് കല്ലിട്ടത്. ഈ പ്രദേശത്ത് പുതുതായി നിർമ്മിച്ച വീടുകളടക്കം പത്തോളം വീടുകൾ നഷ്ടപ്പെടുമെന്നാണ് അവർ പറയുന്നത്. അലൈൻമെന്റ് നിർണയിച്ചപ്പോൾ പുതുതായി നിർമ്മിക്കുന്ന ഒരു വീടിന്റെ ഉള്ളിലാണ് കല്ല് സ്ഥാപിക്കാൻ നിശ്ചയിച്ചത്. എന്നാൽ വീട്ടിനുള്ളിൽ സ്ഥാപിക്കാതെ ഏതാനും മീറ്റർ മാറ്റി കല്ല് സ്ഥാപിച്ചെങ്കിലും അതടക്കം പ്രതിഷേധക്കാർ പിഴുതെറിഞ്ഞു.

531.45 കിലോമീറ്റർ ദൈർഘ്യം

തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ ആരംഭിച്ച് കാസർകോട്ട് അവസാനിക്കുന്ന കെ റെയിലിന്റെ ദൈർഘ്യം 531. 45 കിലോമീറ്ററാണ്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ 4 മണിക്കൂർ കൊണ്ട് ആ ദൂരം ഓടിയെത്തുമെന്നാണ് കണക്കാക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി നിർമ്മിക്കുന്ന പദ്ധതിയുടെ 10 ശതമാനം കേന്ദ്രവും 28 ശതമാനം സംസ്ഥാനവും മുടക്കും. 53 ശതമാനം വായ്പ ലഭ്യമാക്കും. ബാക്കി 9 ശതമാനം മറ്റു മാർഗങ്ങളിലൂടെ കണ്ടെത്തും. പദ്ധതിക്കായി 20 മുതൽ 25 മീറ്റർ വരെ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. മദ്ധ്യഭാഗത്ത് സ്ഥാപിക്കുന്ന കല്ലിൽ നിന്ന് 10 അല്ലെങ്കിൽ 12.5 മീറ്റർ വീതിയിൽ ഇരുഭാഗത്തേക്കും ഭൂമി ഏറ്റെടുക്കും. തറനിരപ്പിലൂടെയും അടിപ്പാതയിലൂടെയും മേൽപ്പാതയിലൂടെയും സഞ്ചരിക്കുന്ന ട്രെയിനിന് 531 കിലോമീറ്റർ ദൂരത്തിനിടെ 11 സ്റ്റോപ്പുകൾ മാത്രമാണുള്ളത്. തിരുവനന്തപുരം കൊച്ചുവേളി, കൊല്ലം മുഖത്തല, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ഇടച്ചിറ, നെടുമ്പാശ്ശേരി, തൃശൂർ കിഴക്കെപ്പുറം, മലപ്പുറം തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് വെസ്റ്റ് എന്നിവയാണ് സ്റ്റേഷനുകൾ. ഇതിൽ എറണാകുളം ഇടച്ചിറയും കാസർകോട് വെസ്റ്റും ഫ്ലൈ ഓവർ സ്റ്റേഷനുകളും കോഴിക്കോട് അടിപ്പാത സ്റ്റേഷനുമാണ്.

ഇഴഞ്ഞിഴഞ്ഞ് ദേശീയപാത വികസനം

കെ -റെയിലിനായി സർക്കാർ സംവിധാനങ്ങൾ വാശിയോടെ പ്രവർത്തിക്കുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾക്ക് യാത്രാസൗകര്യം സുഗമമാക്കുന്ന ദേശീയപാത വികസനം ഇപ്പോഴും സ്ഥലമെടുപ്പ് പോലും പൂർത്തിയാക്കാനാകാതെ ഇഴയുകയാണ്. നാലര പതിറ്റാണ്ട് മുമ്പ് മുതൽ ആരംഭിച്ച വികസനമാണ് ഇപ്പോഴും എങ്ങുമെത്താത്തത്. കഴക്കൂട്ടം മുതൽ ചേർത്തല തുറവൂർ വരെ നീളുന്ന ദേശീയപാത 66 നാലുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതി ദേശീയപാത വികസന അതോറിറ്റിയും സംസ്ഥാന സർക്കാരും സംയുക്തമായി നടപ്പാക്കുന്നതാണ്. വാഹനപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന കേരളത്തിലെ റോഡ് ഗതാഗതം കുറച്ചെങ്കിലും സുഗമമാക്കാൻ ഈ റോഡിന്റെ വികസനത്തിലൂടെ കഴിയുമെന്നിരിക്കെ അതിനു മുതിരാതെയാണ് കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.

മെട്രോമാനും പരിസ്ഥിതി വാദികളും

കെ - റെയിൽ പദ്ധതി നടപ്പിലായാൽ അത് കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്നാണ് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞത്. പദ്ധതിയുടെ നിലവിലെ അലൈൻമെന്റിനെ വിമർശിച്ച അദ്ദേഹം ഈ പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ചതുപോലെ പദ്ധതി 2025 ൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന പ്രഖ്യാപനം അപ്രായോഗികമാണെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

കെ - റെയിൽ പദ്ധതി നടപ്പായാൽ പശ്ചിമഘട്ടം ഏതാണ്ട് അപ്രത്യക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധനും ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ മുൻ ഡീനുമായ ഡോ. കെ.ടി റാംമോഹൻ അഭിപ്രായപ്പെട്ടു. കെ - റെയിൽ എന്നത് കേരളത്തെപ്പോലൊരു പാവപ്പെട്ട സംസ്ഥാനം നടപ്പാക്കുന്ന അന്താരാഷ്ട്ര കടബാദ്ധ്യതയുള്ള പദ്ധതിയാണ്. അതിന്റെ സാമ്പത്തികഭാരം ഏല്ക്കേണ്ടി വരുന്നത് പദ്ധതിയിൽ നിന്ന് ഏറ്റവും കുറഞ്ഞ പ്രയോജനം ലഭിക്കുന്ന സാധാരണക്കാരാണ്. ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ ഒരു കിലോമീറ്റർ ട്രാക്ക് നിർമ്മിക്കാൻ 120 കോടി രൂപ വേണ്ടി വരുമെന്നാണ് ഔദ്യോഗിക കണക്ക്. 2300 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. ജനവാസ കേന്ദ്രങ്ങൾ മാത്രമല്ല, തണ്ണീർ തടങ്ങളും ജലാശയങ്ങളും നെൽവയലുകളും തെങ്ങിൻ തോപ്പുകളും നശിക്കും. പദ്ധതി ഒരു ദുർവ്യയം മാത്രമായിരിക്കുമെന്ന് കേരള പരിസ്ഥിതി ഐക്യവേദി ഭാരവാഹികളായ പ്രൊഫ. എം.കെ പ്രസാദും ഡോ. വി.എസ് വിജയനും പറയുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യൻ റെയിൽവേ അരലക്ഷം കോടി രൂപ വകയിരുത്തി രാജ്യത്തെ മുഴുവൻ പാതകളിലും മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുംവിധം അത്യാധുനിക സിഗ്നൽ സംവിധാനത്തിലേക്ക് മാറുന്നതോടെ കെ റെയിൽ ഇപ്പോൾ വിഭാവനം ചെയ്യുന്ന നാലു മണിക്കൂർ സമയപരിധിയിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സഞ്ചരിക്കാം.

പ്രതിഷേധം പാർലമെന്റിലും

കെ - റെയിൽ വ്യക്തതയില്ലാത്ത പദ്ധതിയായതിനാൽ ഭൂമി ഏറ്റെടുക്കൽ നിറുത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് കോൺഗ്രസ് എം.പിമാർ തിങ്കളാഴ്ച ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിലവിലുള്ള റോഡ്, റെയിൽ, വിമാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് ശൂന്യവേളയിലാണ് എം.പിമാരായ കെ. മുരളീധരനും കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.