തെലുങ്കിലെ യുവ സൂപ്പർ താരങ്ങളായ രാം ചരൺ തേജയുടെയും ജൂനിയർ എൻ.ടി.ആറിന്റെയും ആരാധകരുടെ തള്ളിക്കയറ്റം കാരണം ബാഹുബലി സീരീസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആറിന്റെ പ്രസ് മീറ്റ് മാറ്റിവച്ചു.തെലുങ്ക് സിനിമയുടെ സിരാകേന്ദ്രമായ ഹൈദരാബാദിൽ നിത്യേനയെന്നോണം സിനിമാ പ്രൊമോഷൻ ചടങ്ങുകളും പ്രസ് മീറ്റുകളും സംഘടിപ്പിക്കപ്പെടാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഒരു സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളുടെ ആരാധകരുടെ തള്ളിക്കയറ്റം കാരണം ഇത്തരത്തിൽ ഒരു ചടങ്ങ് മാറ്റിവയ്ക്കപ്പെടുന്നത്.ആർ.ആർ. ആറിന്റെ അണിയറ പ്രവർത്തകരിൽ ചിലർ തന്നെയാണ് രാം ചരൺ തേജയുടെയും ജൂനിയർ എൻ.ടി. ആറിന്റെയും ആരാധകരെ ചടങ്ങിന് ക്ഷണിച്ചതെന്ന് പറയപ്പെടുന്നു.ഇഷ്ടതാരങ്ങളെ തൊട്ടടുത്ത് കാണാൻ ആരാധകർ ഇരച്ചുകയറിയതോടെ പ്രസ് മീറ്റിലെ തിരക്ക് നിയന്ത്രണാതീതമായി. തുടർന്ന് സംവിധായകൻ രാജമൗലിയും നിർമ്മാതാവ് ഡി.വി.വി ധനയ്യയും ചേർന്ന് പ്രസ് മീറ്റ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദിലെ ഒരു മൾട്ടി പ്ളക്സിൽ കഴിഞ്ഞ ദിവസമാണ് പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നത്.
അവിചാരിതമായുണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിച്ച രാജമൗലി ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ കാണാമെന്ന് മാദ്ധ്യമ പ്രവർത്തകർക്ക് ഉറപ്പ് നൽകി. ക്ഷമ ചോദിച്ചതിന് പുറമേ ആരാധകരെ പ്രസ് മീറ്റിന് ക്ഷണിച്ചവരെ കണ്ടെത്തി രാജമൗലി അവരെ താക്കീത് ചെയ്യുകകൂടി വേണമെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ നിലപാട്.ജനുവരി ഏഴിനാണ് ലോകവ്യാപകമായി ആർ.ആർ. ആർ. റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലർ യൂ ട്യൂബിൽ ട്രെൻഡിംഗാണ്.
രാം ചരൺ തേജയ്ക്കും ജൂനിയർ എൻ.ടി. ആറിനും ഒപ്പം അജയ്ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം റിലീസ് ചെയ്യുന്നുണ്ട്. എം.എം. കീരവാണിയുടേതാണ് സംഗീതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |