പാലാ: ജില്ലാ അത്ലറ്റിക് മീറ്റിൽ രണ്ടാം ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ പൂഞ്ഞാർ കെ.പി തോമസ് മാഷ് സ്പോർട്സ് അക്കാഡമി വിജയ കുതിപ്പ് തുടരുന്നു. തൊട്ടടടുത്ത എതിർ ടീമായ പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമിയേക്കാൾ 300 പോയിന്റോളം മുന്നിലാണ് തോമസ് മാഷ് സ്പോർട്ട്സ് അക്കാഡമി. ഇവർക്ക് 800 പോയിന്റും അൽഫോൻസാ അത്ലറ്റിക് അക്കാഡമിക്ക് 588 പോയിന്റുമാണ് നിലവിലുള്ളത്. ചങ്ങനാശേരി അസംപ്ഷൻ കോളേജാണ് മൂന്നാം സ്ഥാനത്ത്. 301 പോയിന്റ് . 14 വയസിൽ താഴെ ആൺകുട്ടികൾ, പെൺകുട്ടികൾ, 16 വയസിൽ താഴെ പെൺകുട്ടികൾ, 18 വയസിൽ താഴെ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലും തോമസ് മാഷ് സ്പോർട്സ് അക്കാഡമിയാണ് മുന്നിട്ട് നിൽകുന്നത്.
14 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ പാറത്തോട് ഗ്രേസി മെമ്മൊറിയൽ ഹൈസ്കൂളാണ് രണ്ടാം സ്ഥാനത്ത്. 14 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഭരണങ്ങാനം എസ്.എച്ച് ജി.എച്ച്.എസ് രണ്ടാം സ്ഥാനത്തുണ്ട്. 18 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമിക്കാണ് രണ്ടാം സ്ഥാനം.
ജൂനിയർ വനിതകളുടെ വിഭാഗത്തിൽ പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 148 പോയിന്റുമായി ഒന്നാമതാണ്. ചങ്ങനാശേരി അസംപ്ഷൻ കോളേജ് 134 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
വനിതകളുടെ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിനാണ് ഒന്നാം സ്ഥാനം. 151 പോയിന്റ്. പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 132 പോയിന്റമായി രണ്ടാം സ്ഥാനത്തും.
16,18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും കുത്തക നേട്ടം കെ.പി തോമസ് മാഷ് അക്കാഡമിക്കാണ്. 16 വയസിൽതാഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലാ സ്പോർട്സ് അക്കാഡമിയും 18 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാഡമിയും രണ്ടാം സ്ഥാനത്ത് എത്തി. 20 വയസിൽ താഴെ ജൂനിയർ പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജാണ് ഒന്നാമത്. അൽഫോൻസാ അത്ലറ്റിക് അക്കാഡമിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനാണ്. 116 പോയിന്റ്. 65 പോയിന്റോടെ ചങ്ങനാശേരി എസ്.ബി കോളേജ് രണ്ടാം സ്ഥാനത്തുണ്ട്. മത്സരങ്ങൾ ശനിയാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |