SignIn
Kerala Kaumudi Online
Friday, 26 April 2024 6.47 PM IST

മുസ്ലിം ലീഗിന്റെ പ്രതിസന്ധികൾ

vivadavela

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അതിന്റെ ഏറ്റവും ശക്തിമത്തായ ഘടകം പ്രവർത്തിക്കുന്ന കേരളത്തിൽ വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ ആ പാർട്ടി അഭിമുഖീകരിക്കുന്ന മാനസികസമ്മർദ്ദത്തിന്റെയും പ്രതിസന്ധികളുടെയും ബഹിർസ്ഫുരണം ഈ മാസം ഒമ്പതിന് കോഴിക്കോട്ട് നടന്ന അവരുടെ മഹാറാലി വിളിച്ചറിയിച്ചു.

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സർക്കാർ നിലപാടിനെതിരായ പ്രതിഷേധം ജ്വലിപ്പിച്ച് നിറുത്താനായിരുന്നു ലീഗിന്റെ കോഴിക്കോട്ടെ ശക്തിപ്രകടനം. മുജാഹിദ് സംഘടനകളുടെയും ജമാ അത്തെ ഇസ്ലാമിയുടെയും പിന്തുണ വഖഫ് വിഷയത്തിൽ ഇപ്പോഴും ലീഗിനുണ്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമം തത്‌കാലം നടപ്പാക്കില്ലെന്നും മതസംഘടനകൾ ഉയർത്തിയിരിക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്തിട്ടേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയത്, മുസ്ലിം സമുദായത്തിനിടയിൽ ഏറ്റവും വലിയ സ്വാധീന ശക്തികളായ ഇ.കെ, എ.പി സുന്നി വിഭാഗങ്ങൾക്കായിരുന്നു. ആ വിഭാഗങ്ങളെ സർക്കാർ വിശ്വാസത്തിലെടുത്ത് മുന്നേറിയപ്പോൾ കൂടുതൽ വെട്ടിലായത് ലീഗ് നേതൃത്വമാണ്.

അഞ്ചുവർഷം കൂടുമ്പോൾ ഭരണം കൈയിലെത്തുന്ന സാഹചര്യം റദ്ദായിപ്പോയത്, മുസ്ലിം ലീഗിന്റെ കോട്ടകളിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട ആശങ്കാജനകമായ വോട്ട് ചോർച്ച, ഭരണമില്ലാത്ത അവസ്ഥ പാർട്ടിക്കകത്ത് മൊത്തത്തിൽ ഉണ്ടാക്കിയിട്ടുള്ള മ്ലാനതയും ഉത്സാഹക്കുറവ്, അണികളിലെ വീര്യച്ചോർച്ച എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ ലീഗിനെ അസ്തപ്രജ്ഞരാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

ഈ ഘട്ടത്തിൽ അവർക്ക് വീണുകിട്ടിയ മികച്ച പിടിവള്ളിയായിരുന്നു തീർച്ചയായും വഖഫ് ബോർഡ് നിയമന വിഷയം. റാലിയിലെ വർദ്ധിച്ച ജനപങ്കാളിത്തം വിലയിരുത്തിയാൽ കോഴിക്കോട്ടെ അവരുടെ ശക്തിപ്രകടനത്തെ, തള്ളിക്കളയാനാവില്ല. പക്ഷേ, ലീഗിന്റെ അങ്കലാപ്പും ഭീതിയും റാലിയിലെ നേതാക്കളുടെ ശരീരഭാഷകൾ വ്യക്തമാക്കിത്തന്നു. അതിന്റെ കൃത്യമായ വെളിപ്പെടുത്തലായിരുന്നു അവരിൽ മിക്കവരുടെയും പ്രസംഗങ്ങൾ. ഒരു ജനാധിപത്യ, മതേതര രാഷ്ട്രീയപാർട്ടിയെന്ന ബഹുമുഖഛായയെ പാടേ തുടച്ചുമാറ്റത്തക്ക വിധം ആക്രാന്തമുള്ള മനോനില പ്രകടമാക്കിയ മിക്ക നേതാക്കളും പ്രസംഗിച്ച് റാലിയുടെ തിളക്കം കെടുത്തി. ചെത്തുകാരൻ കോരന് കേരളം സ്ത്രീധനമായി കൊടുത്തിട്ടില്ലെന്ന ഒരു നേതാവിന്റെ പ്രസംഗം, ജാതീയവും ജനാധിപത്യവിരുദ്ധവുമായ മനസിന്റെ തുറന്ന പ്രഖ്യാപനമായി. മറ്റൊരു നേതാവ്, സംസ്ഥാന മന്ത്രിസഭയിലെ അംഗമായ മുഹമ്മദ് റിയാസിന്റെ വിവാഹത്തെ വ്യഭിചാരമെന്ന് വിശേഷിപ്പിച്ചത് ലീഗിന്റെ മൊത്തം പ്രതിച്ഛായയെത്തന്നെ തച്ചുടച്ചുകളഞ്ഞു. ഇസ്ലാമികമായ ആചാരപ്രകാരമല്ലാതെയുള്ള വിവാഹങ്ങളെ ഉൾക്കൊള്ളില്ലെന്ന മതബദ്ധമായ കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുന്ന ഉള്ളടക്കമാണ് ആ ലീഗ് നേതാവിന്റെ വാക്കുകളിലുണ്ടായതെങ്കിലും അതിനെ വ്യഭിചാരം എന്ന പദം കൊണ്ട് വിശേഷിപ്പിച്ചതോടെ, ആ നേതാവിനൊപ്പം പ്രസ്ഥാനവും തരംതാണു പോവുകയാണുണ്ടായത്. മഹാസംഭവമാക്കാൻ ലീഗ് നടത്തിയ റാലി വെളുക്കാൻ തേച്ചത് പാണ്ടായിപ്പോകുന്ന അവസ്ഥ സമ്മാനിച്ചു.

വഖഫ് ബോർഡും വിവാദങ്ങളും

മുസ്ലിം ലീഗ് അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും വഖഫ് ബോർഡിനകത്ത് അവരുടെ സ്വാധീനം ശക്തമായിരുന്നു. കാലാകാലങ്ങളായി ബോർഡിനകത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് ലീഗിനാൽ നിയമിതരായ ഉദ്യോഗസ്ഥവൃന്ദങ്ങളായിരുന്നു.

ലീഗിനോട് അതൃപ്തിയുള്ള പല മുസ്ലിം സംഘടനകൾക്കും ബോർഡിനകത്തെ ലീഗ് അപ്രമാദിത്വത്തോട് വിപ്രതിപത്തിയുണ്ടായിരുന്നു. ലീഗ് അത് ഗൗനിച്ചിട്ടില്ല. പാർട്ടിയുടെ സ്വാധീനശേഷി ഉറപ്പിച്ചുനിറുത്താൻ പലപ്പോഴും വഖഫ് ബോർഡ് നിയമനങ്ങൾ ലീഗിനെ സഹായിച്ചു പോന്നിരുന്നു.

ലീഗിനോട് കലഹിച്ചിറങ്ങിപ്പോന്ന കെ.ടി. ജലീലും പി.ടി.എ. റഹിമും മറ്റും സി.പി.എം പിന്തുണയോടെ ഈ ലീഗ് സ്വാധീനകേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്താൻ തുടങ്ങിയതോടെയാണ് കാര്യങ്ങളിലൊരു മാറ്റം മറിച്ചിലൊക്കെ ഉണ്ടായിത്തുടങ്ങുന്നത്. ജലീൽ- റഹിം കോക്കസ് സ്വാധീനം യഥാർത്ഥത്തിൽ പ്രകടമായിത്തുടങ്ങിയത് 2006 ൽ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ മുതലായിരുന്നു. ഐസ്ക്രീം പാർലർ കേസിലും മറ്റും ആടിയുലഞ്ഞ് നിന്നിരുന്ന ലീഗിന് ഏറ്റവും തകർച്ച നേരിട്ട തിരഞ്ഞെടുപ്പായിരുന്നു 2006ലേത്. അതികായനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് അട്ടിമറിച്ച് ജലീൽ ജയന്റ് കില്ലറായി. ലീഗ് വിമതരെ അടർത്തിയെടുത്തുള്ള സ്വതന്ത്രപരീക്ഷണം വിജയകരമാണെന്ന് സി.പി.എം തിരിച്ചറിയുന്നതും ആ തിരഞ്ഞെടുപ്പോടെയാണ്. അതിന്റെ വിപുലീകരണമായിരുന്നു പിന്നീടിങ്ങോട്ടുണ്ടായ തിരഞ്ഞെടുപ്പുകാലങ്ങൾ.

2016 ലെ തിരഞ്ഞെടുപ്പിൽ അതിന്റെ മൂർദ്ധന്യദശയായി. ആ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇടതുമുന്നണി അധികാരമേറിയപ്പോൾ കെ.ടി. ജലീൽ അതിൽ മന്ത്രിയായതോടെ, ലീഗ് കോട്ടകളിലെ ഇടപെടലിന് സി.പി.എം ആക്കം കൂട്ടി. ജലീലും റഹിമും ലീഗ് വിരുദ്ധ നീക്കങ്ങൾക്ക് എരിവേകി. 2021ൽ കണ്ടത് ഇതിന്റെയെല്ലാം വലിയ തോതിലുള്ള പ്രതിഫലനമായിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചില രാഷ്ട്രീയനീക്കങ്ങൾ ഈ ഘട്ടത്തിൽ സാന്ദർഭികവശാൽ സി.പി.എമ്മിന് തുണയാവുകയും ചെയ്തു. അതായത്, ഇ. അഹമ്മദ് അന്തരിച്ച ഒഴിവിൽ ദേശീയതലത്തിൽ പാർട്ടി നേതൃത്വത്തിൽ ഭാഗ്യപരീക്ഷണം നടത്തിക്കളയാമെന്ന ചിന്തയിൽ കുഞ്ഞാലിക്കുട്ടി സിറ്റിംഗ് എം.എൽ.എ സ്ഥാനം ഉപേക്ഷിച്ച് ഡൽഹിക്ക് വണ്ടി കയറി. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചപ്പോൾ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. 2019ൽ വീണ്ടും ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച് വിജയിച്ചു. യു.പി.എ അധികാരത്തിലെത്തിയാൽ പ്രധാനപ്പെട്ട ക്യാബിനറ്റ് പദവിയിലിരുന്ന് സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരിക്കാം. ഡൽഹിയിൽ മോദിഭരണത്തിന്റെ സർവാധിപത്യം നടമാടുമ്പോൾ എന്ത് ചെയ്യാനാണ്! കേരളത്തിലാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ പോകുന്നു. അഞ്ച് കൊല്ലത്തെ ഇടതുഭരണം മാറുന്ന പതിവ് ശീലമനുസരിച്ച് കേരളത്തിൽ വീണ്ടും യു.ഡി.എഫ് എത്തിക്കോളുമെന്നും അപ്പോൾ ലീഗിന്റെ സർവാധിപതിയായി ഇവിടെ വിരാജിക്കാമെന്നുമുള്ള കണക്കുകൂട്ടലിൽ ലോകസഭാംഗത്വം ഉപേക്ഷിച്ച് വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി മടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എം.പി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിച്ചു.

ഈ കസർത്തുകളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന പരുവത്തിലല്ല പ്രബുദ്ധരായിത്തുടങ്ങിയിരിക്കുന്ന മുസ്ലിം ജനസാമാന്യം എന്ന തിരിച്ചറിവ് ലീഗ് നേതൃത്വത്തിനോ കുഞ്ഞാലിക്കുട്ടിക്കോ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. അതൃപ്തിയുണ്ടായിരുന്ന നേതാക്കൾ ലീഗിനകത്ത് ന്യൂനപക്ഷമായിരുന്നു. കുഞ്ഞാലിക്കുട്ടിയോടുള്ള താഴേക്കിടയിൽ നുരഞ്ഞുപൊങ്ങിക്കൊണ്ടിരുന്ന അമർഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സി.പി.എമ്മിനും ജലീൽ-റഹീമാദി സ്വതന്ത്രർക്കും സാധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ കോട്ടകളിലാകെ ശക്തിക്ഷയമുണ്ടായി. എന്തിനേറെ, കുഞ്ഞാലിക്കുട്ടിക്ക് പകരമായി അബ്ദുൾ സമദ് സമദാനി മലപ്പുറം ലോക്‌സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷത്തിൽ ഒന്നേകാൽലക്ഷം വോട്ടിന്റെ ഇടിവാണുണ്ടായത്. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം കെ.എൻ.എ. ഖാദറോ അതിന് മുമ്പ് കുഞ്ഞാലിക്കുട്ടി തന്നെയോ നേടിയതിനേക്കാൾ ഗണ്യമായി ഇടിഞ്ഞു.

എം.കെ. മുനീറിന്റെ സിറ്റിംഗ് സീറ്റായിരുന്ന കോഴിക്കോട് സൗത്ത് കൈവിട്ടു. നൂർബിന റഷീദിനെ സ്ഥാനാർത്ഥിയാക്കിയതിനോട് യാഥാസ്ഥിതിക മുസ്ലിം സമൂഹം വിയോജിച്ചതും അതിന് ഒരു കാരണമായി പറയുന്നുണ്ട്. അതെന്തായാലും അവിടെ തോല്‌ക്കേണ്ടതായിരുന്നില്ല. അഴീക്കോടും കളമശ്ശേരിയും കൈവിട്ടു.

അവിടെയാണ് വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനെ ചൊല്ലിയുണ്ടായ പുതിയ കോലാഹലം പൊട്ടിപ്പുറപ്പെടുന്നത്. ശബരിമല യുവതീപ്രവേശന വിധിയുണ്ടായ വേളയിൽ സംഘപരിവാർ നടത്തിയ മുതലെടുപ്പ് ശ്രമത്തോട് ഈ വേളയിൽ ലീഗ് നടത്തിയ നീക്കങ്ങളെ കൂട്ടിവായിക്കുന്നത് രസകരമായിരിക്കും. യഥാർത്ഥത്തിൽ ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ലീഗ് അംഗം പി. ഉബൈദുള്ള രേഖപ്പെടുത്തിയ വിയോജനക്കുറിപ്പിൽ നിന്നുതന്നെ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൊന്നും വലിയ കാര്യമില്ലെന്ന് ബോദ്ധ്യമാകുന്നുണ്ട്.

അവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന കരാർ ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തിയ ശേഷം പി.എസ്.സിക്ക് വിടുന്നത് ആലോചിക്കാമെന്നാണ് അദ്ദേഹത്തിന്റെ വിയോജനത്തിലെ ഒരു ഭാഗം. ഇസ്ലാം മതവിശ്വാസികളല്ലാത്തവരെയും വിശ്വാസികളല്ലാത്ത മുസ്ലിങ്ങളെയും ബോർഡിലേക്കെത്തിക്കുന്ന നില പി.എസ്.സിക്ക് വിടുന്നതിലൂടെ സംഭവിക്കുമെന്ന ആശങ്കയാണ് മുസ്ലിം മതസംഘടനകളുൾപ്പെടെ ഉയർത്തുന്നത്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും വഖഫ് ബോർഡ് തന്നെയാണ് നിയമനപ്രക്രിയ സുതാര്യമാക്കാനുള്ള നിർദ്ദേശം വച്ചതെന്നും സർക്കാർ വാദിക്കുന്നു.

ദേവസ്വം ബോർഡ് നിയമനങ്ങൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് പോലൊരു സംവിധാനം എന്തുകൊണ്ടായിക്കൂടാ എന്ന ചോദ്യം ലീഗുൾപ്പെടെ എല്ലാവരും ഉയർത്തുന്നുണ്ട്. വഖഫ് ബോർഡിൽ ആകെ വരുന്നത് 300ഓളം നിയമനങ്ങളാണ്. അതിലേക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡൊക്കെയുണ്ടാക്കി ഖജനാവിന് ചെലവ് വരുത്തുന്നത് പ്രായോഗികമല്ലെന്ന് മറ്റാർക്കുമറിയില്ലെങ്കിലും ലീഗിന് അറിയാതിരിക്കാൻ തരമില്ല.

ആശങ്കകൾ പരിഹരിച്ച ശേഷമേ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് നടപ്പാക്കൂവെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രബലരായ ഇ.കെ (സമസ്ത), എ.പി സുന്നി വിഭാഗങ്ങൾ വിശ്വാസമർപ്പിച്ചപ്പോഴും മുജാഹിദിന്റെയും മറ്റും പിന്തുണയുണ്ടെന്ന ബലത്താൽ സമരവുമായി മുന്നോട്ട് പോകാൻ ലീഗിനെ പ്രേരിപ്പിച്ചത് യഥാർത്ഥത്തിൽ വഖഫ് വിഷയം മാത്രമാണോ? അല്ലേയല്ല. അണികളിലെ ചോരുന്ന വീര്യവും അടിത്തട്ടിലെ ചോർച്ചയും തടയിടുക എന്ന വലിയ ആവശ്യമാണിപ്പോൾ ലീഗിനെ തീർച്ചയായും നയിക്കുന്നത്.

സമസ്തയും ലീഗും

ഒരു കാലത്ത് മുസ്ലിം ലീഗിനോട് പൂർണമായി വിധേയത്വം പുലർത്തി കഴിഞ്ഞുപോന്ന പ്രസ്ഥാനമായിരുന്നു ഇ.കെ. സുന്നി വിഭാഗമായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ. ഇതിന്റെ ഭാരവാഹിയാണിപ്പോഴും ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ലീഗും സമസ്തയും തമ്മിൽ അത്രയേറെ അഭേദ്യമായ ബന്ധമാണ്. സമീപകാലത്തായി സമസ്തയ്ക്ക് അത്രത്തോളം വിധേയത്വം ലീഗിനോട് വേണ്ടെന്ന വികാരം അതിനകത്ത് ശക്തിപ്പെട്ടുവരുന്നു. ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് പകരം സുപ്രഭാതം എന്ന പേരിൽ പ്രത്യേക മുഖപത്രം സമസ്ത ആരംഭിച്ചത് ഏതാനും വർഷം മുമ്പാണ്.

സമസ്തയുടെ അകത്ത് ശക്തിപ്പെട്ടുവരുന്ന ധ്രുവീകരണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ വഖഫ് ബോർഡ് വിഷയത്തിലെ അവരുടെ ലീഗിനെ തള്ളിയുള്ള തുറന്ന നിലപാടിലും പ്രകടമായത്. ഈ മാസം മൂന്നിന് പള്ളികളിൽ പ്രതിഷേധ പരിപാടിക്ക് ലീഗ് ആഹ്വാനം ചെയ്തപ്പോൾത്തന്നെ മുഖ്യമന്ത്രി സന്ദർഭോചിതമായി ഇടപെട്ട് സമസ്ത വിഭാഗത്തെ കൈയിലെടുത്തത് ലീഗിന് അപ്രതീക്ഷിത അടിയായി. സമസ്തയെ പ്രതീക്ഷിച്ചായിരുന്നു അവർ പള്ളി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഒടുവിൽ പ്രതിഷേധത്തിൽ നിന്നുതന്നെ പിൻവാങ്ങേണ്ടി വന്നു.

ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ വിമോചനസമരകാലത്തെ ഓർമ്മിപ്പിക്കുന്ന സംഭവഗതികൾ അരങ്ങേറിയേനെ. വിമോചനസമരകാലത്ത് ക്രിസ്ത്യൻ, മുസ്ലിം പള്ളികളിൽ നിന്നായിരുന്നുവല്ലോ കമ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രതിഷേധങ്ങളുടെ തുടക്കം. ചരിത്രത്തിന്റെ മറ്റൊരു തരത്തിലുള്ള ആവർത്തനം കൂടിയാണിവിടെ തടയപ്പെട്ടത്.

അധികാരം നഷ്ടപ്പെട്ട മുസ്ലിംലീഗ് കരയിൽ പിടിച്ചിടപ്പെട്ട മീനിന്റെ അവസ്ഥയിലായിരിക്കുന്നുവെന്ന് പറഞ്ഞാൽ പോലും അധികമാവില്ലെന്ന് വേണം ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ കരുതാൻ. ലീഗിന് അധികാരമില്ലാതായിട്ട് ആറ് വർഷമാകുന്നു. അണികളിൽ പടരുന്ന നിരാശയ്ക്ക്, മലപ്പുറത്തെ ലീഗ് കോട്ടകളിലടക്കം നുഴഞ്ഞുകയറി സി.പി.എം 'ഔഷധങ്ങൾ' നൽകിവരുന്നു. ബദൽ ഔഷധങ്ങളിലൂടെ വീര്യം വീണ്ടെടുക്കാനാവാത്ത മാനസിക, ശാരീരികാവസ്ഥയിൽ നിൽക്കുന്നു ലീഗ്. ഇവിടെ ലീഗിന്റെ ഉയിർത്തെഴുന്നേല്പ് എത്രത്തോളമെന്നതാണ് ചോദ്യം.

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ലെന്ന് പറഞ്ഞ്, നിങ്ങൾ ചെയ്യാനുള്ളത് ചെയ്യൂ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചതും ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്. അതെ, ലീഗ് ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധം പ്രതിസന്ധിഘട്ടത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.