SignIn
Kerala Kaumudi Online
Friday, 26 April 2024 10.22 AM IST

യൂണിഫോമുകൾക്ക് അതിരുവേണ്ട...!

school

പെൺകുട്ടികളുടെ വസ്ത്രങ്ങൾക്ക് അതിരുകൾ നിശ്ചയിക്കപ്പെടുന്നത് തിരുത്താനൊരുങ്ങുകയാണ് സംസ്ഥാനത്തെ പല സ്‌കൂളുകളും. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വസ്ത്രധാരണരീതി ഏകീകരിക്കാൻ പെടാപാടുപെടുന്ന പ്രബുദ്ധകേരളത്തിന്റെ അവസ്ഥ പരിതാപകരമെന്നല്ലാതെ എന്ത് പറയാൻ കഴിയും. വിമർശനങ്ങളും പ്രതിഷേധങ്ങളുമുയരുന്നതിനിടെ യൂണിഫോമിനെ സ്വാഗതം ചെയ്ത വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. "ഇപ്പോൾ അല്ലെങ്കിൽ പിന്നെപ്പോൾ എന്റെ കുഞ്ഞുങ്ങളെ.."എന്നാണ് മന്ത്രി ബാലുശ്ശേരി എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് പ്രതികരിച്ചത്.

യൂണിഫോമിൽ ആൺപെൺ വേർതിരിവ് ആവശ്യമില്ലെന്ന ചിന്തയിൽ നിന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സംസ്ഥാനത്ത് പല സ്‌കൂളുകളും തീരുമാനിച്ചത്. 'ലിംഗസമത്വ യൂണിഫോം' എന്ന ആശയത്തിന് സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തിൽ നിന്നും പിന്തുണ ലഭിച്ചെങ്കിലും നടപ്പാക്കാനൊരുങ്ങുന്ന സ്‌കൂളുകൾക്കെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂണിഫോം സംസ്ഥാനതല പ്രഖ്യാപനം ഈ സ്‌കൂളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തുന്നതിന് മുമ്പേ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കൻഡറി സ്‌കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയൻചിറങ്ങര ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്സ് യൂണിഫോം പുറത്തിറക്കിയത്. ത്രീഫോർത്തും ഷർട്ടും ധരിച്ചാണ് വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുന്നത്. പുതിയ ഡ്രസ് കോഡ് 2018 ൽ ആസൂത്രണം ചെയ്യുകയും സ്‌കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ അവതരിപ്പിക്കുകയും ഈ അദ്ധ്യയന വർഷത്തിൽ കൊവിഡ് ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ അത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാക്കുകയും ചെയ്തു. ഇവിടുത്തെ 754 വിദ്യാർത്ഥികൾ ഈ ഉദ്യമത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ഞങ്ങൾ കംഫർട്ടപ്പിളാണ്

ജെൻഡർ ന്യൂട്രൽ യൂണിഫോം മാറ്റുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും

ഈ തീരുമാനം തങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്നാണ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ പറയുന്നത്.

ആവശ്യമുള്ള കുട്ടികൾക്ക് ഷാൾ, മഖന, ഓവർ കോട്ട് എന്നിവ ധരിക്കാം. വസ്ത്രം ധരിക്കുമ്പോൾ നല്ല കംഫർട്ടബിളാണെന്നും എല്ലാ പടിപാടികളിലും ഈസിയായി പങ്കെടുക്കാൻ സാധിക്കുമെന്നും കുട്ടികൾ പറയുന്നു. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഷർട്ടും പാന്റും തയ്ക്കാൻ അദ്ധ്യാപകർ അനുവാദം നൽകിയിരുന്നുവെന്നും ഇവർ പറയുന്നു.

വിമർശനങ്ങളിങ്ങനെ

പെൺകുട്ടികളുടെ നിലവിലുള്ള യൂണിഫോമായ ചുരിദാർ,​ ടോപ്പും സ്കർട്ട് എന്നതിൽ നിന്ന് മാറി പാന്റും ഷർട്ടുമാക്കി മാറ്റിയതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എം.എസ്.എഫും എസ്.എസ്.എഫും രംഗത്തെത്തി. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓർഡിനേഷർ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഇടതുസർക്കാർ കുട്ടികളിൽ പുരോഗമന വാദം അടിച്ചേൽപ്പിക്കരുതെന്നാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞത്.തീരുമാനം വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടാണ് കെ.എസ്.യുവിന്. എന്നാൽ വസ്ത്രധാരണരീതി അത് ആണിനായാലും പെണ്ണിനായാലും അടിച്ചേൽപ്പിക്കപ്പെടുന്നതാകരുത്. ഈ വിഷയം ആഴത്തിൽ അഡ്രസ്സ് ചെയ്യപ്പെടണമെന്നും ജനാധിപത്യപരമായി വേണം ഈ മാറ്റങ്ങളുണ്ടാകാനെന്നുമാണ് കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ അഭിപ്രായം.

മാറ്റം സ്കൂളുകളിൽ നിന്ന് തുടങ്ങട്ടെ

സ്കൂളുകളിൽ നിന്ന് തന്നെ ലിംഗപരമായ ബോധം കുട്ടികളിൽ വളർത്തുക എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ മറ്റൊരാശയം.ഒരാളുടെ ജെൻഡർ പ്രകടനത്തിന്റെ ഭാഗമായ അയാളുടെ വസ്ത്ര ധാരണം ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാകുന്നതോടെ ഇല്ലാതാകും. 14 വയസ് വരെ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നിഷ്കർഷിച്ചിട്ടുള്ള ഇന്ത്യൻ മൗലികാവകാശം ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മുൻനിറുത്തി എന്ത് വസ്ത്രം ധരിക്കണമെന്നുള്ളതും അവകാശമാണ്. അത് നിലനില്ക്കുമ്പോൾ ഈ രീതിയിലുള്ള യൂണിഫോം മാത്രം ധരിക്കണമെന്ന് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ശരിയല്ല. ലിംഗപരമായ വസ്ത്രധാരണത്തിലുള്ള മാറ്റം മറ്റൊരു തരത്തിൽ ഏറ്റവും ഗുണകരമാകുന്നത് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കാണ്. ആൺ,​ പെൺ എന്നിങ്ങനെ രണ്ട് ലിംഗത്തെ അടിസ്ഥാനമാക്കി സമൂഹം മുന്നോട്ട് പോകുമ്പോൾ അവയിൽ കുരുങ്ങി നില് ക്കുന്നവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ. ലിംഗപരമായ വസ്ത്രധാരണത്തിൽ മാറ്റം വരുന്നതോടെ ലിംഗസമ്വതം വിശാലതയിലേക്ക് മാറും.

എന്തിനാണ് യൂണിഫോം

കുട്ടികൾ പഠിക്കുന്ന സ്ഥാപനം തിരിച്ചറിയാനും സാമ്പത്തികസാമൂഹിക അവസ്ഥ മനസിലാകാതിരിക്കാനുമാണ് യൂണിഫോം നടപ്പിലാക്കിയത്. വിവിധ രാജ്യങ്ങളിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ അവ സാധാരണമാണ്.

യുണൈറ്റഡ് കിംഗ്ഡത്തിൽ പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ് യൂണിഫോം. 1552ൽ ഇംഗ്ലണ്ടിലെ ക്രൈസ്റ്റ് ഹോസ്പിറ്റൽ സ്‌കൂളാണ് ആദ്യമായി സ്‌കൂൾ യൂണിഫോം ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. നീളമുള്ള നീല കോട്ടും മഞ്ഞയും മുട്ടോളം ഉയരമുള്ള സോക്സും അടങ്ങിയതാണ്. സമാനമായ യൂണിഫോം ഇന്നും പല സ്‌കൂളുകളിലുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIFORM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.