തൃശൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹനവതിയുടെ ഭാഗമായി ഇന്ന് രാവിലെ 8.30ന് 'ഗുരുവായൂർ സത്യഗ്രഹത്തിന്റെ സാമൂഹികപ്രസക്തി' എന്ന വിഷയത്തിൽ ചരിത്രസെമിനാറും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.
ദേവസ്വം പുതുതായി നിർമ്മിച്ച തെക്കേ നടയിലെ പന്തൽ സമർപ്പണം, ശ്രീവത്സം കോമ്പൗണ്ടിലെ ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിഭാസമർപ്പണം, ചുമർച്ചിത്രപഠന കേന്ദ്രം വരച്ച പത്മനാഭകഥകൾ ആലേഖനം ചെയ്ത ചുമർചിത്രങ്ങളുടെ നേത്രോന്മീലനം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി വാൾ സമർപ്പണം, ക്ഷേത്ര കൂത്തമ്പലം നവീകരണത്തിന് ലഭിച്ച യുനെസ്കോ പുരസ്കാരസമർപ്പണം, ഗുരുവായൂർ സത്യാഗ്രഹത്തിന് സാക്ഷ്യംവഹിച്ച പി. ചിത്രൻ നമ്പൂതിരിപ്പാടിന് ആദരം തുടങ്ങിയ പരിപാടികളാണ് നടക്കുക. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി, എൻ.കെ അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. ചരിത്രസെമിനാറിൽ പി. ചിത്രൻ നമ്പൂതിരിപ്പാട്, റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ, സാഹിത്യഅക്കാഡമി പ്രസിഡന്റ് വൈശാഖൻ എന്നിവർ സംസാരിക്കും. പ്രൊഫ. എം.എം നാരായണൻ മോഡറേറ്ററാകും. ദേവസ്വംചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ വാർഷികം
തൃശൂർ : ഇന്ത്യൻ വെറ്ററിനറിഅസോസിയേഷൻ വാർഷികസമ്മേളനം ഇന്നും നാളെയുമായി തൃശൂർ മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കർഷകസെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംഘടനാ വൈസ്പ്രസിഡന്റ് ഡോ.എസ്. മായ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് ഡോ.എം.കെ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ഡോ.എം.കെ.പ്രതീപ്കുമാർ, ഡോ.കെ.ഗിരീശൻ, ഡോ.യു.എസ്.രാമചന്ദ്രൻ, ഡോ.എൻ.ഉഷറാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |