SignIn
Kerala Kaumudi Online
Friday, 26 April 2024 11.55 PM IST

നക്ഷത്രങ്ങളെ സൃഷ്ടിച്ച കവി

vyloppilly-sreedhara-meno

വൈലോപ്പിള്ളി ഓർമ്മകൾക്ക് ഇന്ന് 36 വയസ്

..........................

കവിത്രയത്തിനു ശേഷം മലയാള കവിതയിൽ ഉയർന്നുകേട്ട ഏറ്റവും ധീരവും മധുരവുമായ ശബ്ദം വൈലോപ്പിള്ളിയുടേതായിരുന്നു. മലയാള കവിതയിൽ ഒരു യുഗപരിവർത്തനം സൃഷ്ടിച്ച വൈലോപ്പിള്ളിയുടെ 36-ാം ചരമവാർഷികദിനമാണ് ഇന്ന്.

നിരൂപണ സാഹിത്യത്തിലെ പ്രജാപതിയായ കുട്ടികൃഷ്ണമാരാർ പ്രഥമ കൃതിയായ കന്നിക്കൊയ്‌ത്തിന്റെ അവതാരികയിൽ ഇങ്ങനെ പറഞ്ഞു.:

``ഇൗ പ്രഥമ കൃതിയുടെ അവതാരകനാകാൻ ഇടയായതിൽ ഞാൻ അഭിമാനം കൊള്ളുന്നു.''

വാക്കുകൾകൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിക്കാൻ വൈലോപ്പിള്ളിയെപ്പോലെ മറ്റധികം കവികൾക്ക് കഴിഞ്ഞിട്ടില്ല. ചങ്ങമ്പുഴയുടെ കാലത്തുതന്നെ കവിതയെഴുതിയിരുന്നെങ്കിലും ചങ്ങമ്പുഴയുടെ സെന്റിമെന്റലിസത്തിന്റെ മാസ്‌മര വലയത്തിൽപ്പെടാതെ ശാസ്ത്രബോധത്തിലും യുക്തിയിലും അധിഷ്ഠിതമായ ഒരു കാവ്യരീതി കരുപ്പിടിപ്പിച്ചെടുക്കാൻ വൈലോപ്പി​ള്ളി​ക്ക് കഴി​ഞ്ഞു. വസന്തകാലത്തെ കുളി​ർകാറ്റി​ൽ ചെന്താമരയുടെ പരാഗരേണുക്കളോടൊപ്പം വസൂരി​രോഗാണുക്കളുമുണ്ടെന്ന് മനസിലാക്കാൻ അദ്ദേഹത്തി​ന് സാധി​ച്ചു. കവി​തയെക്കുറി​ച്ച് തനി​ക്കുള്ള സങ്കല്പത്തെ ഒരി​ക്കൽ വൈലോപ്പി​ള്ളി​തന്നെ ഇങ്ങനെ വ്യക്തമാക്കി​:

``എനിക്ക് കവിത സ്വയംപര്യാപ്തമായ ഒരു കലയായിരുന്നു . എന്നുവച്ചാൽ സുന്ദരമായ ഒരു കലാസൃഷ്ടി. കവിത ജീവിതത്തിൽനിന്ന് ഉരുത്തിരിയുന്നതാണെങ്കിലും കലാചൈതന്യംകൊണ്ട് അത് സ്വയം പൂർണമായ മറ്റൊരു ജീവിതമായി കണ്ടാലേ എനിക്ക് തൃപ്തിയാവുകയുള്ളൂ. ഇന്നും ഞാൻ ഇൗയൊരാശയത്തോട് നാഭീനാളബന്ധം പുലർത്തുന്നില്ലേയെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ഇൗ നിലപാടുകൊണ്ട് എനിക്ക് കോട്ടവും നേട്ടവുമുണ്ടെന്ന് അറിയാം. കവിത കലാസൃഷ്ടിയാക്കാൻ ഞാൻ യത്‌നിക്കുന്നു. ''

തിളച്ചുമറിയുന്ന ജീവിതത്തെ ഏതെങ്കിലുമൊരു വിധത്തിൽ സ്പർശിക്കാത്ത ഒരൊറ്റ കവിതയും വൈലോപ്പിള്ളി എഴുതിയിട്ടില്ല. രാഷ്ട്രീയത്തിന്റെ കപടമുഖത്തേക്ക് ധാർമ്മിക രോഷത്തിന്റെ അഗ്നിചുരത്താനും വൈലോപ്പിള്ളി മറന്നില്ല. അതുകൊണ്ടുതന്നെയാണ് കാച്ചിക്കുറുക്കിയ കവിത, എല്ലുറപ്പുള്ള കവിത എന്നൊക്കെ നിരൂപകർ വൈലോപ്പിള്ളിക്കവിതയെ വിശേഷിപ്പിച്ചത്. എം.എൻ. വിജയൻ എഴുതി:

`` കുടിയൊഴിക്കൽ മലയാളത്തിലെ ഏറ്റവും കാച്ചിക്കുറുക്കിയ കവിതയാണെന്നു പറയാൻ ഞാൻ മടിക്കുന്നില്ല. കുടിയൊഴിക്കൽ പോലെ ഉൗർജ്ജസ്വലവും സത്യസന്ധവും തീക്ഷ്ണവുമായ ഒരു കാവ്യം അടുത്തൊരിക്കലും രചിക്കപ്പെടുകയുണ്ടായിട്ടില്ല.''

മലയാള കവിതയിൽ നൂറുമേനി വിളയിച്ച കവിയാണ് വൈലോപ്പിള്ളി. വൈലോപ്പിള്ളി എന്നു കേൾക്കുമ്പോൾ വായനക്കാരുടെ മനസിൽ ഉൗറികൂടുന്ന ഒാർമ്മ `മാമ്പഴ'ത്തെക്കുറിച്ചായിരിക്കും. വൈലോപ്പിള്ളിയുടെ കാവ്യജീവിതം ഇതൾ വിരിയുന്ന ആദ്യകാലത്തെ ഒരു തളിരുമാത്രമായിരുന്നു അത്.

എറണാകുളത്തിനടുത്ത കലൂരിൽ ജനിച്ച ശ്രീധര മേനോനിൽ വിദ്യാർത്ഥി ജീവിതകാലം മുതൽ കവിതയുടെ മിന്നലാട്ടമുണ്ടായി. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു നീണ്ട കവിതയെഴുതി. വളരെ ധൈര്യം സംഭരിച്ച് അദ്ധ്യാപകനും കവിയുമായ കുറ്റിപ്പുറത്ത് കേശവൻ നായരെ കാണിച്ചു. കവിത വായിച്ചശേഷം ആ അദ്ധ്യാപകൻ പറഞ്ഞു:

`` ശ്രീധരന്റെ കവിത എനിക്ക് എന്റേതുപോലെ ഇഷ്ടപ്പെട്ടു.''

ആ അഭിനന്ദനത്തിന് തുല്യമായി ജീവിതത്തിൽ മറ്റൊന്നും കേട്ടിട്ടില്ലാ എന്നാണ് വൈലോപ്പിള്ളി പറഞ്ഞത്.

പുതുമഴക്കാലത്ത് പാടത്തുനിന്ന് പാട്ടുകൾപാടി കേൾക്കുമ്പോൾ ആഹ്‌ളാദഭരിതനായി വഴിയരികിൽ നിന്നുപോകാറുണ്ടെന്നും കവി പറഞ്ഞിട്ടുണ്ട്.

കിട്ടാവുന്നത്ര കവിതാപുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കുന്നതിൽ വിദ്യാർത്ഥി ജീവിതകാലത്ത് കമ്പമായിരുന്നു. ഏഴാംക്ളാസിൽ പഠിക്കുമ്പോൾ കേരളവർമ്മ കോയിത്തമ്പുരാന്റെ ശാകുന്തളം തർജ്ജമ, കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം തുടങ്ങിയവ അഭമ്യമായ ഒരാവേശത്തോടെ വായിച്ചു. ഹൈസ്കൂൾ ക്ളാസിൽ പഠിക്കുമ്പോൾ കുമാരനാശാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകളിലൂടെ തീർത്ഥയാത്ര നടത്തി. കടുകട്ടിയായ `പ്രരോദനം' പോലും എട്ടാംക്ളാസിൽ പഠിക്കുമ്പോൾ വായിച്ചു.

ദീർഘകാലം അദ്ധ്യാപകനായിരുന്ന വൈലോപ്പിള്ളി എ.ഇ.ഒ ആയിട്ടാണ് റിട്ടയർ ചെയ്തത്. പതിനെട്ടുവർഷം തൃശൂർ വടക്കേച്ചിറയിലെ ദേവസ്വം ബോർഡുവക ക്വാർട്ടേഴ്സിൽ ഏകനായി അദ്ദേഹം ജീവിച്ചു. ഭാര്യയുമായുള്ള സൗന്ദര്യപ്പിണക്കമായിരുന്നു കാരണം. കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഭാര്യ ഭാനുമതി അമ്മ വരാറുണ്ട്. വേലിയുടെ അപ്പുറവും ഇപ്പുറവും നിന്നു അവർ സംസാരിക്കും. ഇതുകണ്ട് അയൽവാസികൾ പിറുപിറുക്കും:

`` ഇതാണോ വഴക്ക്?''

ബോർഹേസ് പറഞ്ഞതുപോലെ എഴുത്തുകാർ മരിക്കുന്നില്ല. അവർ അവരുടെ കൃതികളിലൂടെ ജനമനസുകളിൽ ജീവിക്കും.

ലേഖകന്റെ ഫോൺ: 0471- 2450429

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VYLOPPILLI SREEDHARA MENON
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.