SignIn
Kerala Kaumudi Online
Saturday, 27 April 2024 2.05 AM IST

വിവാഹപ്രായം ഉയർത്തുന്നതിനെ ആർക്കാണ് പേടി?

marriage-stop

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ നരേന്ദ്രമോദി സർക്കാരിന് എന്തോ രഹസ്യ അജൻഡയുണ്ടന്നാണ് സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗും പറയുന്നത്. ഇല്ലാക്കഥ മെനഞ്ഞ് ഈ ചരിത്രപരമായ തീരുമാനത്തെ എതിർക്കുന്നതും പെൺകുട്ടികളെ 18 വയസിൽത്തന്നെ വിവാഹം ചെയ്ത് അയയ്ക്കണം എന്ന നിലപാടെടുത്തിരിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്.

1978ലാണ് ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാർ വിവാഹപ്രായം ഉയർത്തിയത്. അന്ന് 15ൽ നിന്ന് 18 ആക്കുകയാണ് ചെയ്തത്. 2020 ൽ പെൺകുട്ടികൾ കൂടുതൽ പഠിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ വിവാഹം ഇതിനൊരു തടസമോ, അമ്മയാവുന്നത് അതിനൊരു ബുദ്ധിമുട്ടോ ആകാതിരിക്കാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ചു പഠിക്കാൻ ഒരു സമിതിയെ മോദി സർക്കാർ നിയമിച്ചു. ആ ഉന്നതതല സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. തങ്ങളുടെ ജീവിതം കൂടുതൽ പാകതയോടെയും വ്യക്തതയോടെയും തീരുമാനിക്കാവുന്ന ഒരു സമയത്തിലേക്ക് തങ്ങളെ എത്തിച്ചതിൽ നാളെ നമ്മുടെ പെൺകുട്ടികൾ മോദി സർക്കാരിന് നന്ദി പറയും. ഇപ്പോൾത്തന്നെ അവർ ഈ ചരിത്രപരമായ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപറഞ്ഞു തുടങ്ങിയിരിക്കുന്നു.

വാദങ്ങളിലെ പൊള്ളത്തരം

മുത്തലാഖ് ഭരണാഘടനാവിരുദ്ധമാണെന്നും മുത്തലാഖ് വഴിയുള്ള വിവാഹമോചനങ്ങൾ നിയമവിരുദ്ധവും നിലനില്‌ക്കുന്നതല്ലെന്നുമുള്ള 2017ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് മുത്തലാഖ് നിരോധനനിയമം പാസാക്കിയത്. മുത്തലാഖ് നിരോധനം ദുരുദ്ദേശപരമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ സ്ഥാപിതതാത്പര്യം സംശയരഹിതമാണ്. എന്നാൽ ഇതിന് കടകവിരുദ്ധമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഇക്കൂട്ടർ തന്നെ ഉയർത്തുന്ന വാദങ്ങൾ.

രാജ്യത്തെ പെൺകുട്ടികൾക്ക് സ്വയം നിർണയത്തിനായും രൂപപ്പെടലിനായുമുള്ള സമയം നീട്ടി നല്കുന്നതിലൂടെ സാമ്പത്തികമായും മാനസികമായും കൂടുതൽ കരുത്താർജ്ജിക്കുന്നതിനുള്ള അവസരമാണ് നല്കുന്നത്. 18 വയസിൽ വിവാഹിതയാവുന്നതിനപ്പുറം, സ്വന്തം ജീവിതത്തിന്റെ ദിശനിർണയിക്കാനുള്ള അധികസമയം നല്‌കുന്നതിലൂടെ കൂടുതൽ ആരോഗ്യകരമായ, വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള അവസരമാണ് അവൾക്കുണ്ടാകുന്നത്.

പെൺകുട്ടികൾ വളരെ നേരത്തേ വിവാഹത്തിലേക്ക് തള്ളിവിടപ്പെടുന്ന സാഹചര്യം ഇന്ത്യയിലുണ്ടെന്നത് നിസ്തർക്കമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. അവസരങ്ങളുടെ തുല്യവിതരണമാണ് നീതിയുടെ പ്രത്യക്ഷലക്ഷണം. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനം ജാതിമത ഭേദമെന്യേ ചർച്ച ചെയ്യേണ്ടത്.

മുത്തലാഖിന്റെ അനുഭവം

പാർലമെന്റ് 2019 ജൂലായ് 26 ൽ മുത്തലാഖ് നിരോധനബിൽ പാസാക്കിയപ്പോൾ അത് രാജ്യത്തെ മുസ്ലിം സഹോദരിമാർക്ക് നിയമത്തിനു മുന്നിലെ തുല്യത ഉറപ്പാക്കുക മാത്രമായിരുന്നില്ല; കാലങ്ങളായുള്ള അനാചാരത്തിന് അന്ത്യം കുറിയ്ക്കുകകൂടി ആയിരുന്നു. അതുവഴി നൂറ്റാണ്ടുകൾ നീണ്ട അനീതിയിൽ നിന്ന് അവർക്ക് വിമോചനം നല്‌കുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്തത്. നിയമത്തിന് മുന്നിൽ മുത്തലാഖ് കുറ്റകരമാക്കുക വഴി, അതിവേഗത്തിലുള്ള, ഏകപക്ഷീയമായ വിവാഹമോചനത്തിൽ നിന്ന് സ്ത്രീകൾക്ക് നിയമപരിരക്ഷ ഉറപ്പായി. സ്വതന്ത്രവ്യക്തികൾ എന്ന നിലയിൽ മറ്റെല്ലാവർക്കും ലഭ്യമാകുന്ന അവകാശങ്ങൾ അവർക്ക് വിവാഹമോചനത്തിന്റെ കാര്യത്തിലും ലഭ്യമായി.

പാരമ്പര്യവാദികളായ ചില മതപണ്ഡിതരും സ്ഥാപിത താത്‌പര്യങ്ങൾക്കായി നിലകൊള്ളുന്ന ചില പ്രസ്ഥാനങ്ങളും ഒഴികെ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിലെ ബഹുഭൂരിപക്ഷവും, പ്രത്യേകിച്ചും സ്ത്രീകൾ ആഹ്ളാദത്തോടെ മോദി സർക്കാരിന്റെ ഈ ചരിത്രപരമായ ഇടപെടലിനെ സ്വാഗതം ചെയ്തു. എങ്കിലും പതിവുപോലെ എതിർപ്പുകളുണ്ടായി. പക്ഷേ, സർക്കാർ പിന്നോട്ട് പോകാൻ തയ്യാറായിരുന്നില്ല. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ജീവിതത്തിന് ഒരു പുതിയ തുടക്കം നല്കിക്കൊണ്ട് സർക്കാർ മുത്തലാഖ് ബിൽ പാർലമെന്റിൽ പാസാക്കി.

കാലങ്ങളായി മുസ്ലിം സ്ത്രീകളിൽ നിന്ന് ഉയർന്ന് വന്നിരുന്ന ഒരാവശ്യത്തെ, നീതിക്ക് വേണ്ടിയുള്ള നിലവിളി, കാലകാലങ്ങളായി ഇന്ത്യ ഭരിച്ച സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചെങ്കിലും ഇച്ഛാശക്തിയുടേതായ, നീതിപൂർവകമായൊരു നിയമനിർമ്മാണത്തിന് എൻ.ഡി.എ സർക്കാരിന് മടിയൊന്നുമുണ്ടായില്ല.

മുത്തലാഖ് നിരോധനം സർക്കാരിന്റെ താത്‌പര്യമോ സർക്കാരോ മുന്നണിയിലെ പാർട്ടികളോ കാലങ്ങളായി ആലോചിച്ച് കരുതിക്കൂട്ടി നടപ്പിലാക്കിയതോ ആയിരുന്നില്ല. കാലങ്ങളായി ഇന്ത്യയിൽ പുകഞ്ഞുകൊണ്ടിരുന്നൊരു സാമൂഹികപ്രശ്നം പരിഹരിക്കുകയായിരുന്നു. അതിന് പ്രധാനമന്ത്രി നേതൃത്വം നല്‌കി. അതേവിധംതന്നെ, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരായ വസ്തുതാവിരുദ്ധമായ പ്രചരണങ്ങളും കടപുഴകുകതന്നെ ചെയ്യും. കാലം രാജ്യത്തെ പെൺകുട്ടികൾക്കൊപ്പമാണെന്ന് ഈ വിചിത്ര വാദക്കാർക്കു മനസിലാകണമെന്നില്ല. പക്ഷേ, തടസങ്ങളെന്തൊക്കെ ഉണ്ടായാലും സാർത്ഥവാഹക സംഘം മുന്നോട്ടു തന്നെയാണു പോവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE AGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.