SignIn
Kerala Kaumudi Online
Saturday, 27 April 2024 1.39 AM IST

അഭിമാനകരമായ ആരോഗ്യ നേട്ടം

health

ആരോഗ്യ മേഖലയിലെ പ്രകടനം വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ

റാങ്ക് പട്ടികയിൽ സമഗ്രവികസനത്തിൽ കേരളം തുടർച്ചയായി നാലാം വർഷവും ഒന്നാമതെത്തിയത്

അഭിമാനകരമായ നേട്ടമായി കണക്കാക്കാം. കൊവി‌ഡിന്റെ വരവിനൊക്കെ വർഷങ്ങൾക്ക്

മുമ്പ് തന്നെ ആരോഗ്യമേഖലയിൽ വളരെ അധികം ശ്രദ്ധ ചെലുത്തിയ സംസ്ഥാനമാണ്

കേരളം. മിഷണറിമാരുടെ ആരോഗ്യസേവനങ്ങൾ വരുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക്

മുമ്പും ഇവിടെ ആയൂർവ്വേദത്തിൽ പേരുകേട്ട വെെദ്യന്മാരും വെെദ്യകുടുംബങ്ങളും ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് വൃത്തിയും വെടിപ്പുമുള്ള ജീവിതം നയിക്കുന്നതിന് ഇവിടെ വസിച്ചിരുന്നവരെ

പ്രേരിപ്പിച്ചതിൽ വെെദ്യന്മാർക്കുള്ള സ്വാധീനം തള്ളിക്കളയാനാകില്ല.മിഷണറിമാരുടെ വരവോടെ ആധുനിക ചികിത്സയും

കടന്നു വന്നു. ആദ്യകാലത്തും തുടർന്നും കാലങ്ങളോളം ചികിത്സ ആതുര സേവനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ

ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ലാഭം കൊയ്യാനുള്ള മേഖലയായി ആരോഗ്യരംഗം മാറി എന്നത്

ഒരു യാഥാർത്ഥ്യമാണ്. അപ്പോഴും കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെയും മെഡിക്കൽ കോളേജുകളിലെയും ചികിത്സ,പരിമിതികളേറെ ഉണ്ടെങ്കിലും ലോക നിലവാരം പുലർത്തുന്നതാണെന്ന വസ്തുത കാണാതിരിക്കരുത്. സർക്കാരിന്റെ ആരോഗ്യ മേഖലയിലുള്ള പ്രവർത്തനങ്ങളുടെ ഫലം കുടിയാണതെന്ന് വിലയിരുത്തപ്പെടണം.സർക്കാരിനൊപ്പം തന്നെ സ്വകാര്യ മേഖലയും ആരോഗ്യ രംഗത്ത് ഇവിടെ കാതലായ സംഭാവന നൽകിയെന്നതും വിസ്മരിക്കാനാകില്ല.പൊതുമേഖലയും സ്വകാര്യ മേഖലയും ഒന്നുപോലെ വിചാരിച്ചാൽ പല നേട്ടങ്ങളും

നമുക്ക് കെെവരിക്കാനാകും എന്നതിന്റെ നിദർശനമായി നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ ചൂണ്ടിക്കാട്ടാനാകും. ഇതിന്റെയൊക്കെ പരിണിത ഫലമായാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനം തുടർച്ചയായി

നിലനിറുത്താൻ കേരളത്തിന് സാധിച്ചിരിക്കുന്നത്. നിതി ആയോഗിന്റെ റാങ്കിംഗിൽ 82.20 പോയിന്റ് നേടി കേരളം ഒന്നാമതെത്തിയപ്പോൾ 30.57 പോയിന്റ് നേടിയ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിലായത്.ചെറിയ സംസ്ഥാനങ്ങളിൽ

മിസോറാമും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഭദ്ര നഗർ ഹവേലി-ദാമൻ ദ്യുവും ഒന്നാമതെത്തി.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 24 സൂചികകൾ അടിസ്ഥാനമാക്കിയാണ് നിതി ആയോഗ് റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്. ഇതേ പട്ടികയിൽ തന്നെ

കേരളം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയും കാണാനാകും. സമഗ്രവികസനത്തിൽ കേരളം ഒന്നാമതായെങ്കിലും ആരോഗ്യ രംഗത്തെ വളർച്ച കണക്കാക്കുന്ന സൂചികയിൽ കേരളം പന്ത്രണ്ടാമതാണ്. സമഗ്ര വികസനക്കാര്യത്തിൽ ഏറ്റവും പിന്നിലായ ഉത്തർപ്രദേശാണ് ആരോഗ്യ രംഗത്തെ വളർച്ചയുടെ കാര്യത്തിൽ ഒന്നാമതെത്തിയിരിക്കുന്നത്. ഇത് കേരളം പ്രത്യേകമായി പഠിക്കുകയും വളർച്ചയുടെ കാര്യത്തിൽ പിന്നാക്കം പോകാനിടയായ ഘടകങ്ങൾ കണ്ടെത്തി അത് പരിഹരിക്കാൻ ഇടപെടുകയും വേണം. കൊവിഡ് കാലം ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിലയും സേവനവും ലോകം മുഴുവൻ തിരിച്ചറിയാൻ ഇടയാക്കിയ അവസരം കൂടിയാണ്.മറ്റെല്ലാം ഉണ്ടായാലും ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ മറ്റൊന്നും ഉണ്ടായിട്ട് കാര്യമില്ല എന്ന് വ്യക്തമായ കാലഘട്ടമാണിത്. അതിനാൽ ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ യാതൊരു അമാന്തവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. അടുത്ത തവണ ആരോഗ്യ രംഗത്തെ വളർച്ചാ സൂചികയിലും ഒന്നാമതെത്താൻ വേണ്ട ആസൂത്രണവും നടപടികളും കേരളം ഇപ്പോൾ തന്നെ

തുടങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.