SignIn
Kerala Kaumudi Online
Friday, 26 April 2024 6.00 PM IST

പ്രതിരോധ ഉത്‌പാദനരംഗത്ത് കൂടുതൽ ഉണർവ്

kk

പ്രതിരോധ ഉ‌ത്‌പാദനമേഖലയിൽ കൂടുതൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്റെ ഭാഗമായി പുതുതായി 351 ഇനം സാധനസാമഗ്രികളുടെ ഇറക്കുമതിക്കുകൂടി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ പ്രതിരോധ സേനകൾക്കാവശ്യമായ 209 ഇനം ആയുധങ്ങളും ഉപകരണങ്ങളും ഇറക്കുമതി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രതിരോധ ഉല്പാദക സ്ഥാപനങ്ങളിൽ നിന്ന് സേനകൾക്കാവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും വർദ്ധിച്ചതോതിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധ ഇറക്കുമതിയിൽ വീണ്ടും വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. ആയുധ ഇറക്കുമതിയിൽ ലോകത്ത് രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയ്ക്ക് ഈ രംഗത്ത് വർദ്ധിച്ചതോതിൽ സ്വാശ്രയത്വം കൈവരിക്കേണ്ടത് അനിവാര്യം തന്നെയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആയുധ ഇറക്കുമതിയിൽ മുപ്പത്താറ്ശതമാനം കുറയ്ക്കാനായിട്ടുണ്ട്. അതുവഴി രാജ്യത്തെ പ്രതിരോധഉല്പാദനസ്ഥാപനങ്ങൾക്കുണ്ടായ നേട്ടം എഴുപതിനായിരത്തില്പരം കോടി രൂപയാണ്. ഇത്രയും തുകയ്ക്കുള്ള ആയുധ സാമഗ്രികൾ ഈ സ്ഥാപനങ്ങളിൽ ഉല്പാദിപ്പിക്കാനായെന്നത് വലിയ നേട്ടമായി കരുതണം. ആയുധ ഇറക്കുമതി കുറയുമ്പോൾ അവ പതിവായി സപ്ലൈ ചെയ്തുവരുന്ന നമ്മുടെ മിത്ര രാജ്യങ്ങൾക്ക് സ്വാഭാവികമായും ചില അലോസരങ്ങളുണ്ടാകുമെന്നത് ശരിയാണ്. എന്നാൽ സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾ നോക്കാനുള്ള അവകാശം ആർക്കും അടിയറവയ്ക്കാത്തിടത്തോളം ആയുധകയറ്റുമതിയിലേർപ്പെട്ടിട്ടുള്ള വൻകിട രാഷ്ട്രങ്ങളുടെ അനിഷ്ടം കാര്യമാക്കേണ്ടതില്ല.

പ്രതിരോധ സാമഗ്രികളുടെ വികസനത്തിലും ഉല്പാദനത്തിലും സ്തുത്യർഹമായ നേട്ടമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. റോക്കറ്റുകളുടെയും മിസൈലുകളുടെയും കരസേനയ്ക്കാവശ്യമായ നിരവധി ഉല്പന്നങ്ങളുടെയും കാര്യത്തിൽ ഏറെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. നാവിക - വ്യോമസേനകളുടെ വൈവിദ്ധ്യമാർന്ന പലആവശ്യങ്ങൾക്കും അന്യരാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ട സ്ഥിതി ഇല്ലാതായിട്ടുണ്ട്. വിമാനവാഹിനിയും മുങ്ങിക്കപ്പലും ഉൾപ്പെടെ സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിക്കാനുള്ള ശേഷി ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്.

പ്രതിരോധ ഉല്പാദനത്തിൽ സ്വാശ്രയത്വമെന്നത് കേവലം ആയുധനിർമ്മാണത്തിൽ ഒതുങ്ങുന്നതല്ല. യുവ പ്രതിഭകൾക്കും സാങ്കേതികവിദഗ്ദ്ധന്മാർക്കും തങ്ങളുടെ കഴിവുപ്രകടമാക്കാനുള്ള രംഗം കൂടിയാണിത്. പുതിയ തൊഴിലവസരങ്ങൾക്കുള്ള സാദ്ധ്യതയും ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'ആത്മനിർഭർ ഭാരത്' പദ്ധതിയനുസരിച്ച് ഒട്ടേറെ ആയുധസാമഗ്രികളുടെ ഇറക്കുമതി പടിപടിയായി കുറച്ചുകൊണ്ടുവരികയാണ്. 209 ഇനം ഉല്പന്നങ്ങളുടെ ഇറക്കുമതി നേരത്തെ നിയന്ത്രിച്ചിരുന്നു. അതിനു പുറമെയാണ് പുതുതായി 351 ഇനങ്ങളെക്കൂടി ഇറക്കുമതി നിയന്ത്രണപട്ടികയിലാക്കിയിരിക്കുന്നത്. അടുത്ത മൂന്നുവർഷം കൊണ്ട് ഇവ പൂർണമായും ഇവിടത്തെ പ്രതിരോധ നിർമ്മാണശാലകളിൽ തന്നെ ഉല്പാദിപ്പിക്കണമെന്നാണ് നിർദ്ദേശം​. ഈ വഴി ഓരോ വർഷവും 3000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനാകും. പട്ടികയിലുള്ള സാമഗ്രികൾ രാജ്യത്തുതന്നെയുള്ള സ്ഥാപനങ്ങളിൽ നിന്നു വാങ്ങുമ്പോൾ പുതുതായി ഒട്ടനവധി തൊഴിലവസരങ്ങളും ഉണ്ടാകും. ഘട്ടം ഘട്ടമായിട്ടാകും ഇറക്കുമതി നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവരിക എന്നതിനാൽ ഇപ്പോൾ അവ സപ്ലൈ ചെയ്യുന്ന രാജ്യങ്ങളുടെ അപ്രീതിയും ഒഴിവാക്കാനാകും.

അതിർത്തികൾ സദാ സംഘർഷഭരിതമായ പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവിൽ വെട്ടിക്കുറവ് വരുത്താൻ രാജ്യത്തിനാവില്ല. അതേസമയം ആയുധങ്ങളുടെയും സേനകൾക്കാവശ്യമായ മറ്റ് ഉപകരണങ്ങളുടെയും കാര്യത്തിൽ സ്വാശ്രയത്വം കൈവരിക്കാനായാൽ ഇറക്കുമതി ചെലവ് ഗണ്യമായി കുറയ്ക്കാനാകും. ലേസർ സെൻസറുകൾ, ഹൈപ്രഷർ വാൽവുകൾ,​ ബീക്കൺ റിസീവറുകൾ, കേബിളുകൾ, സോക്കറ്റുകൾ, വോൾട്ടേജ് കൺട്രോൾ ഓസിലേറ്ററുകൾ തുടങ്ങിയവ ഇവിടെതന്നെ ഉല്പാദിപ്പിക്കാനാകും. അവയുടെ ഇറക്കുമതി ഒഴിവാക്കുകവഴി ഇവിടെ എത്രയോ വ്യവസായ സ്ഥാപനങ്ങൾക്ക് നേട്ടമാകും. ഭൂഖണ്ഡാന്തരമിസൈലുകൾ വരെ നിർമ്മിക്കാൻ ശേഷി കൈവരിച്ച രാജ്യത്തിന് ഇതൊന്നും ഒട്ടും പ്രയാസമില്ലാത്ത കാര്യങ്ങളാണ്. പ്രതിരോധ സാമഗ്രികളുടെ ഉല്പാദനത്തിലും വൻതോതിലുള്ള ഇറക്കുമതിയിലും നടമാടിയിരുന്ന അതിഭീകരമായ തട്ടിപ്പും വെട്ടിപ്പുമാണ് ഇക്കാലമത്രയും ഈ രംഗത്ത് സ്വാശ്രയത്വത്തെ തടഞ്ഞുനിറുത്തിയിരുന്ന തടയണകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.