SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 AM IST

നല്ലതു ചിന്തിക്കാം സ്വപ്നം കാണാം

mm

പ്രത്യാശയും പ്രതീക്ഷയുമാണ് മനുഷ്യരാശിയെ എക്കാലവും മുന്നോട്ടു നയിക്കാറുള്ളത്. സംഭവബഹുലമായ ഒരു വർഷത്തിനു തിരശീലയിട്ട് ഇന്ന് പുതുവർഷം കടന്നുവരുമ്പോഴും വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമാകും മനുഷ്യമനസുകളിൽ നിറയുന്നത്. പോയവർഷത്തെ നഷ്ടങ്ങളെക്കുറിച്ചല്ല പുതുവർഷത്തിൽ ജീവിതം ഏതേതെല്ലാം വിധത്തിൽ ചേർന്നുനിൽക്കുമെന്നതിനെ ആശ്രയിച്ചാകും ഓരോ വ്യക്തിയും പുതുവർഷത്തെ വിലയിരുത്തുക.

കഴിഞ്ഞ വർഷം മുഴുവൻ ലോകമെമ്പാടുമുള്ള മനുഷ്യർ മുഖാവരണമണിഞ്ഞു ജീവിക്കേണ്ടിവന്നു. ലോകത്തെ സംഭ്രമിപ്പിച്ച കൊവിഡ് മഹാമാരി ഇപ്പോഴും വേട്ടയാടുകയാണ്. അതിന്റെ ദുഷ്ടപ്രഭാവം ഒട്ടൊന്ന് കുറഞ്ഞതിൽ ആശ്വാസം കൊള്ളുമ്പോഴാണ് പുതിയ വകഭേദമായ ഒമിക്രോൺ കൊവിഡിനെയും വെല്ലുന്ന മഹാമാരിയായി ഒപ്പം കൂടിയിരിക്കുന്നത്. അടുത്ത രണ്ടുമാസം ഏറെ നിർണായകമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മാസ്‌ക് മാറ്റാനോ പരസ്പരമുള്ള കൂടിച്ചേരലുകൾക്കോ ഇനിയും സമയമായിട്ടില്ലെന്നാണ് ഇതിനർത്ഥം. ഇന്ത്യയിൽ ഒന്നും രണ്ടും കേസുമായി പ്രത്യക്ഷപ്പെട്ട ഒമിക്രോൺ എത്ര വേഗമാണ് തീവ്രഭാവം വരിച്ചതെന്ന് ബോദ്ധ്യമായിക്കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങൾ കർക്കശ നിയന്ത്രണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. നമ്മുടെ നാട്ടിലും ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ആഘോഷങ്ങളെക്കാൾ ജീവന് പ്രാധാന്യം നൽകേണ്ടിവരുന്ന ഇക്കാലത്ത് സർക്കാരിന്റെ നിർദ്ദേശങ്ങൾക്കു കാത്തിരിക്കാതെ തന്നെ ഓരോരുത്തരും കൂടുതൽ ജാഗ്രതയും കരുതലും സ്വമേധയാ പാലിക്കുകയാണു വേണ്ടത്. കൊവിഡിന്റെ ആദ്യനാളുകളിലെപ്പോലെ പതിന്മടങ്ങു കരുതലെടുക്കേണ്ട നാളുകളാണ് മുന്നിലുള്ളത്.

കൊവിഡ് ജനങ്ങൾക്കും രാജ്യത്തിനും ഒട്ടേറെ കെടുതികൾ വരുത്തിയെങ്കിലും അതിൽ നിന്ന് അതിവേഗം കരകയറാനും സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞുവെന്നത് വലിയ നേട്ടമായി കാണണം. പാടേ തളർന്നുപോയ തൊഴിൽ മേഖലയും പഴയ നിലയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കൊവിഡിൽ കുടുംബാംഗങ്ങളെ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരത്തുക തീരെ തുച്ഛമായിട്ടും അതു വേഗം വിതരണം ചെയ്യാൻ ഭരണകൂടങ്ങൾക്ക് കഴിയാത്തത് വേദനയായി നിലനിൽക്കുന്നു. ഒമിക്രോൺ പത്തിവിടർത്തുന്ന സ്ഥിതി ഉണ്ടായാൽ നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുന്നത്. വീഴ്ച ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

പോയവർഷം പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും കുട്ടികളാണ് ഏറെ ചേതം നേരിട്ടവർ. ഭൂരിഭാഗത്തിനും ഒരു അദ്ധ്യയന വർഷം വീട്ടിൽത്തന്നെ കഴിയേണ്ടിവന്നു. സ്കൂളിലും കലാലയത്തിലും പോകാനാകാതെ ഓൺലൈൻ വഴി മാത്രമുള്ള അദ്ധ്യയനം കുട്ടികളെ എത്രമാത്രം അലസരും നിഷ്‌ക്രിയരുമാക്കിയെന്നു പറയാനാവില്ല. പുതുവർഷത്തിൽ വിദ്യാലയങ്ങളിലേക്കു മടങ്ങാനാവുമെന്നു കരുതിയപ്പോഴാണ് ഒമിക്രോൺ ഭീഷണി. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കുക മാത്രമാണ് പോംവഴി. അതിനുള്ള തീവ്രയജ്ഞം തുടങ്ങുന്നത് ആശ്വാസകരമാണ്.

മഹാ നഷ്ടങ്ങളുടെയും മഹാ നേട്ടങ്ങളുടെയും വർഷം കൂടിയാണ് കടന്നുപോയത്. നമ്മെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒട്ടേറെ മഹദ് വ്യക്തികൾ വിടപറഞ്ഞ വർഷം കൂടിയാണ് 2021. രാഷ്ട്രീയ - സാമൂഹിക, ചലച്ചിത്ര, സാഹിത്യ രംഗങ്ങളിൽ സുവർണമുദ്ര‌കൾ പതിപ്പിച്ചവരായിരുന്നു അവർ. പ്രചോദിപ്പിക്കുന്ന സ്മരണകൾ മാത്രമാണ് അവരുടേതായി ശേഷിക്കുന്നത്. അതാകട്ടെ ചിരസ്‌മരണീയവുമാണ്.

ഏറെ വെല്ലുവിളികളുണ്ടായിട്ടും സാമ്പത്തിക രംഗത്ത് രാജ്യം സുപ്രധാന നേട്ടം കൈവരിച്ചതാണ് എടുത്തുപറയേണ്ട കാര്യം. വ്യവസായ - വാണിജ്യ മേഖലകളിൽ കൊവിഡ് സൃഷ്ടിച്ച മാന്ദ്യം അതിവേഗം മറികടക്കാൻ രാജ്യത്തിനു കഴിഞ്ഞു. എല്ലാത്തരം നികുതി വരുമാനങ്ങളും ഉയർന്ന നിലയിലെത്തിയതും നേട്ടമായി. ഇന്ധന വില ദിവസേനയെന്നോണം വർദ്ധിപ്പിച്ച് സകലമാന ജനങ്ങളെയും കഷ്ടത്തിലാക്കിയ സർക്കാർ ഇതിൽ നിന്ന് നികുതിവരുമാനമായി നാലുലക്ഷം കോടി രൂപയാണു കുന്നുകൂട്ടിയത്. സർവ സാധനങ്ങൾക്കും വില കൂടാൻ ഇതു കാരണമാകുകയും ചെയ്തു. സർവത്ര വിമർശനങ്ങളുയർന്നിട്ടും ഇന്ധന വില യുക്തിസഹമായ നിലയിൽ നിശ്ചയിക്കാൻ ഭരണകൂടം തയ്യാറായതുമില്ല.

പാർലമെന്റിലും പുറത്തും രാഷ്ട്രീയ ചേരിതിരിവുകൾ കൂടുതൽ രൂക്ഷമാകുന്നതിനും പോയവർഷം സാക്ഷ്യം വഹിച്ചു. പാർലമെന്റ് സമ്മേളനങ്ങൾ പോലും വഴിപാടാകുന്നതും കാണേണ്ടിവന്നു. വിവാദ നിയമ നിർമ്മാണങ്ങളുടെ പേരിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരുമായി കൂടുതൽ അകലുകയും പാർലമെന്റ് വേദി ഏറ്റുമുട്ടലുകൾക്കു സ്ഥിരം വേദിയാവുകയും ചെയ്തു. പുതുവർഷത്തിൽ യു.പി ഉൾപ്പെടെ അഞ്ചു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് കാഹളം മുഴങ്ങിക്കഴിഞ്ഞു. മുന്നോടിയായി ഭാഗ്യാന്വേഷികളുടെ കളം ചാടലും തുടങ്ങിയിട്ടുണ്ട്. ബംഗാളിൽ തൃണമൂൽ നേതാവ് മമതാ ബാനർജി തുടർച്ചയായി മൂന്നാമതും വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തിയതും തമിഴ്‌നാട്ടിൽ എം.കെ. സ്‌റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ വീണ്ടും ഭരണം പിടിച്ചതും കേരളത്തിൽ ആദ്യമായി എൽ.ഡി.എഫ് തുടർഭരണം നിലനിറുത്തിയതും പോയ വർഷത്തെ പ്രശംസനീയമായ സംഭവവികാസങ്ങളാണ്.

പാകിസ്ഥാനും ചൈനയും തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ മാറ്റമില്ലാതെ പോയ വർഷവും തുടർന്നത് പ്രതിരോധ യത്നങ്ങൾ കൂടുതൽ ഉൗർജ്ജിതമാക്കാൻ പ്രേരകമായി. അതിർത്തിയിൽ ചൈനയുടെ പ്രകോപനം ഇപ്പോഴും തുടരുകയാണ്. കാശ്‌മീരിലും ലഡാക്കിലും നിയന്ത്രണ രേഖയിലും പാകിസ്ഥാൻ സൃഷ്ടിക്കുന്ന അലോസരങ്ങൾക്കും കുറവില്ല. കാശ്മീരിൽ ഭീകര സാന്നിദ്ധ്യവും അവർ സൃഷ്ടിക്കുന്ന അട്ടിമറികളും പഴയ തോതിലില്ലെങ്കിലും തലവേദന തന്നെയാണ്. കാശ്മീരിലെ രാഷ്ട്രീയ കക്ഷികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ നടത്തിയ നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല.

മഹാമാരിക്കൊപ്പം അനേകം പ്രകൃതിദുരന്തങ്ങൾക്കും പോയവർഷം രാജ്യം ഇരയായി. പല സംസ്ഥാനങ്ങളും രൂക്ഷമായ വെള്ളപ്പൊക്കക്കെടുതികൾക്കിരയായി. മറ്റു പ്രകൃതിദുരന്തങ്ങൾക്കും കുറവില്ലായിരുന്നു. കേരളം മൂന്നാം വർഷവും പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും ഇരയായി. നിരവധി പേർക്കു ജീവൻ നഷ്ടമായതിനു പുറമെ വൻ നാശനഷ്ടങ്ങളുമുണ്ടായി. രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം സംഘടിത കുറ്റകൃത്യങ്ങളും പെരുകിയ വർഷം കൂടിയാണ് കടന്നുപോയത്. മയക്കുമരുന്ന് കടത്തും ഉപയോഗവും ഭീഷണമാംവിധം വർദ്ധിച്ചുവരുന്നതാണ് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇതിനെല്ലാമിടയിലും സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടു നടന്നുകൊണ്ടിരിക്കുന്ന വൻ വികസന പദ്ധതികൾ കരുത്തോടെ മുന്നോട്ടുപോകുന്നുണ്ടെന്നുള്ളത് പ്രതീക്ഷ നൽകുന്നു.

അപ്രിയമായതെല്ലാം മറക്കാനും പുതിയ സ്വപ്നങ്ങൾ മനസിൽ സൂക്ഷിക്കാനും കഴിയുമ്പോഴാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കു ശോഭ കൈവരുന്നത്. അനിശ്ചിതത്വങ്ങൾക്കിടയിലും നല്ലൊരു നാളെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. മഹാമാരി ഉൾപ്പെടെ ഏതു വെല്ലുവിളികളും നേരിടാനുള്ള കരുത്താണ് മാനവരാശിയുടെ നിലനില്പിനാധാരം. പോയവർഷത്തെ ദുരനുഭങ്ങൾ മറക്കാനും ഐശ്വര്യപൂർണമായ ഭാവിയെക്കുറിച്ചു സ്വപ്നം കാണാനുമുള്ള മനസ് ഏവർക്കുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

.....................................................................................................................................................................................................................

......................................................................................................................................................................................................................

അപ്രിയമായതെല്ലാം മറക്കാനും പുതിയ സ്വപ്നങ്ങൾ മനസിൽ സൂക്ഷിക്കാനും കഴിയുമ്പോഴാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കു ശോഭ കൈവരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.